ഐ.ഐ.ടി ഗോരഖ്പൂര്‍ വിദ്യാര്‍ത്ഥിയുടേത് കൊലപാതകം; ആത്മഹത്യയല്ലെന്ന് തെളിയുന്നത് രണ്ട് വര്‍ഷത്തിനു ശേഷം നടത്തിയ ഫോറന്‍സിക് പരിശോധനയില്‍
national news
ഐ.ഐ.ടി ഗോരഖ്പൂര്‍ വിദ്യാര്‍ത്ഥിയുടേത് കൊലപാതകം; ആത്മഹത്യയല്ലെന്ന് തെളിയുന്നത് രണ്ട് വര്‍ഷത്തിനു ശേഷം നടത്തിയ ഫോറന്‍സിക് പരിശോധനയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 14th June 2024, 1:49 pm

കൊല്‍ക്കത്ത: ആത്മഹത്യയെന്ന് പറഞ്ഞ് പൊലീസ് എഴുതി തള്ളിയ ഐ.ഐ.ടി-ഖോരഗ്പൂര്‍ വിദ്യാര്‍ത്ഥി ഫൈസാന്‍ അഹമ്മദിന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരണം.

2022 ഒക്ടോബര്‍ 14നാണ് ഐ.ഐ.ടി ഖോരഗ്പൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥിയായ ഫൈസാന്‍ അഹമ്മദിനെ ലാലാ ലജ്പത് റായ് ഹോസ്റ്റലിന്റെ സി-205ാം മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

രണ്ട് വര്‍ഷത്തിന് ശേഷം, പുറത്തുവന്ന ഫോറന്‍സിക് റിപ്പോര്‍ട്ടിലാണ് 23 കാരനും മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയുമായ ഫൈസാന്‍ ക്രൂരമായി കൊല്ലപ്പെട്ടതാണെന്ന് വ്യക്തമാകുന്നത്.

ഡോ.എ.കെ.ഗുപ്തയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ രണ്ടാമത്തെ ഫോറന്‍സിക് റിപ്പോര്‍ട്ട് പ്രകാരം ഫൈസാന്റെ കഴുത്തിന്റെ മുകളില്‍ ഇടതുഭാഗത്തായി വെടിയേറ്റ പാടും കഴുത്തിന്റെ വലതുഭാഗത്ത് കുത്തേറ്റ മുറിവുമുണ്ടെന്നാണ് പറയുന്നത്.

പ്രാഥമിക അന്വേഷണത്തിലോ 2022 ഒക്ടോബര്‍ 15 ന് മിഡ്നാപൂര്‍ മെഡിക്കല്‍ കോളേജില്‍ ആദ്യത്തെ പോസ്റ്റ്മോര്‍ട്ടം നടത്തുമ്പോഴോ ഈ പരിക്കുകള്‍ ഉണ്ടായതായി പറഞ്ഞിരുന്നില്ല. അന്ന് പോസ്റ്റുമോര്‍ട്ടം നടത്തുന്നതിന്റെ വീഡിയോ പൊലീസ് ചിത്രീകരിച്ചിരുന്നുമില്ല.

2022-ല്‍, ഫൈസന്റെ മൃതദേഹം കണ്ടെത്തുന്നതിന് മൂന്ന് ദിവസം മുമ്പ്, തങ്ങളുടെ മകന്‍ കൊല്ലപ്പെട്ടതാകാമെന്ന് സംശയമുണ്ടെന്ന് അദ്ദേഹത്തിന്റെ കുടുംബം പറഞ്ഞിരുന്നു. മൃതദേഹം കണ്ടെത്തിയ മുറി ഫൈസാന്‍ താമസിക്കുന്നതുമായിരുന്നില്ല.

കല്‍ക്കട്ട ഹൈക്കോടതി ഉത്തരവു പ്രകാരം 2023 മെയ് 27 ന് കൊല്‍ക്കത്ത പൊലീസ് മോര്‍ച്ചറിയില്‍ വെച്ച് നടത്തിയ രണ്ടാമത്തെ പോസ്റ്റുമോര്‍ട്ടത്തിലാണ് ഫൈസാന്റെ തലയോട്ടിയുടെ വലത് ഭാഗത്തെ അസ്ഥിക്കൂട്ടം നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തുമ്പോള്‍ അഴുകിയ നിലയിലായിരുന്നെന്നും വിഷബാധയല്ല മരണകാരണമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ആദ്യ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വിഷബാധയുണ്ടായതായിട്ടായിരുന്നു പറഞ്ഞിരുന്നത്.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 29 നാണ് കൊല്‍ക്കത്ത ഹൈക്കോടതി ഫൈസാന്റെ ജന്മനാടായ അസമിലെ ദിബ്രുഗഡില്‍ അടക്കം ചെയ്ത മൃതദേഹം പുറത്തെടുത്ത് ഫോറന്‍സിക് പരിശോധന നടത്താന്‍ ഉത്തരവിട്ടത്.

കോടതി നിയോഗിച്ച വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തായിരുന്നു നിര്‍ദേശം. ഫോറന്‍സിക് മെഡിസിന്‍ ആന്‍ഡ് ടെക്‌നോളജിയില്‍ നിന്ന് വിരമിച്ച പ്രൊഫസര്‍ ഡോ. എ.കെ. ഗുപ്തയെയായിരുന്നു ഫൈസാന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ പരിശോധിക്കാനും മരണകാരണവും രീതിയും കണ്ടെത്താനും കോടതി നിയോഗിച്ചത്.

2024 മെയ് 24 നാണ് കൊല്‍ക്കത്ത പൊലീസിന്റെ മോര്‍ച്ചറിയിലേക്ക് ഫൈസാന്റെ മൃതദേഹം എത്തിച്ചത്. കേസില്‍ ഡോ.ഗുപ്തയുടെ അന്തിമ റിപ്പോര്‍ട്ട് ഈ മാസം അവസാനം സമര്‍പ്പിച്ചേക്കും.

കൊല്‍ക്കത്ത ഹൈകോടതിയില്‍ നടക്കുന്ന കേസില്‍ നേരത്തെ വാദം കേട്ടിരുന്ന ജസ്റ്റിസ് ജയ് സെന്‍ഗുപ്തയുടെ ബെഞ്ചില്‍ നിന്ന് കേസ് മാറ്റും. ജസ്റ്റിസ് അമൃത സിന്‍ഹയുടെ ബെഞ്ചിന് മുമ്പാകെയാണ് കേസ് വീണ്ടും എത്തുന്നത്.

ഫൈസാന്റെ മരണത്തിന് പിന്നാലെ സംഭവം ആത്മഹത്യയാണെന്നായിരുന്നു ഖോരഗ്പൂര്‍ ഐ.ഐ.ടിയും ഖോരഗ്പൂര്‍ ടൗണ്‍ പൊലീസും പറഞ്ഞത്.

മകന്‍ മരണപ്പെട്ടതാണെന്നും റാംഗിങ്ങോ മറ്റു കാരണങ്ങളോ ആയിരിക്കാം ആത്മഹത്യയിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞിരുന്നു. എന്നാല്‍ തങ്ങളുടെ ഏക മകന്റെ മൃതദേഹം കണ്ട മാതാപിതാക്കള്‍ ആത്മഹത്യാ സാധ്യത തള്ളി. തുടര്‍ന്നാണ് കേസില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് 2022 നവംബര്‍ 1 ന് കല്‍ക്കട്ട ഹൈക്കോടതിയില്‍ രക്ഷിതാക്കള്‍ ഹരജി ഫയല്‍ ചെയ്യുന്നത്.

ഐ.ഐ.ടി-ഖോരഗ്പൂരിന്റെ വസ്തുതാന്വേഷണ റിപ്പോര്‍ട്ട് പ്രകാരം ഫൈസാന് മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടെന്നായിരുന്നു ഹൈക്കോടതിയെ അറിയിച്ചത്.

തുടര്‍ന്ന് ഫോറന്‍സിക് സയന്‍സ് അഡ്മിനിസ്‌ട്രേറ്റര്‍ ഐ.പി.എസ് കെ. ജയരാമന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) രൂപീകരിച്ചു. അന്വേഷണത്തില്‍ ഫൈസാന്റെ ദേഹത്ത് മുറിവുകള്‍ ഉണ്ടായിരുന്നെന്നും ഐ.ഐ.ടി ഗോരഖ്പൂര്‍ കേസ് വേണ്ട രീതിയിലല്ല അന്വേഷിച്ചതെന്ന് കോടതി വിമര്‍ശിക്കുകയും ചെയ്തിരുന്നു.

കേസില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഐ.ഐ.ടി-ഖോരഗ്പൂരിലെ അഞ്ച് വിദ്യാര്‍ത്ഥികള്‍, രാജേന്ദ്ര പ്രസാദ് ഹാളിലെ മുന്‍ വാര്‍ഡന്‍, ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഒരു അസിസ്റ്റന്റ് പ്രൊഫസര്‍, അസിസ്റ്റന്റ് വാര്‍ഡന്‍ (മെയിന്റനന്‍സ്) എന്നിവരുള്‍പ്പെടെ ഏഴ് പേര്‍ നിലവില്‍ ജാമ്യത്തിലാണ്.

Content Highlight: IIT Kharagpur student was ‘stabbed & shot’, reveals 2nd forensic report 2 yrs after death by ‘suicide’