| Sunday, 5th May 2019, 5:54 pm

പാലാരിവട്ടം മേല്‍പ്പാലത്തിന്റെ നിര്‍മാണത്തിലും രൂപകല്‍പ്പനയിലും ഗുരുതര പാളിച്ചയെന്ന് വിദഗ്ധ സംഘം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലത്തിന് ഗുരുതര നിര്‍മ്മാണ പാളിച്ചയുണ്ടെന്ന് വിദഗ്ധ സംഘം. ചെന്നൈ ഐ.ഐ.ടിയില്‍ നിന്നുള്ള സംഘമാണ് പാലത്തില്‍ പരിശോധനയ്ക്ക് എത്തിയത്. രണ്ടര വര്‍ഷം മുമ്പാണ് പാലം ഗതാഗതത്തിന് തുറന്നു കൊടുത്തത്.

രൂപകല്‍പ്പനയില്‍ തുടങ്ങി നിര്‍മാണത്തില്‍ വരെ ഗുരുതര പാളിച്ചകല്‍ള്‍ ഉണ്ടെന്നാണ് സാങ്കേതിക വിദഗ്ധനായ അളക സുന്ദരമൂര്‍ത്തിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ കണ്ടെത്തല്‍. വന്‍കിട കരാറുകാരായ കിറ്റ്‌കോയ്ക്കായിരുന്നു പാലത്തിന്റെ നിര്‍മാണ ചുമതല.

പാലാരിവട്ടം പാലം സന്ദര്‍ശിച്ച പൊതുമരാമത്ത് മന്ത്രി ജി സുധാകരനും കഴിഞ്ഞ ദിവസം ഇതേ അഭിപ്രായം ഉന്നയിച്ചിരുന്നു. പാലം നിര്‍മാണത്തില്‍ വന്‍ അഴിമതിയും ക്രമക്കേടും തെളിഞ്ഞ സാഹചര്യത്തില്‍ വിജിലന്‍സ് അന്വേഷണത്തിനും മന്ത്രി ഉത്തരവിട്ടിരുന്നു.

52 കോടി രൂപ ചെലവഴിച്ചാണ് പാലം നിര്‍മ്മിച്ചത്. ഗതാഗതത്തിന് തുറന്നു കൊടുത്ത് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ തന്നെ പാലത്തിലെ റോഡിലെ ടാറിളകി തുടങ്ങിയിരുന്നു.

പാലത്തിന്റെ എക്‌സ്പാന്‍ഷന്‍ ജോയിന്റുകളുടേയും പാലത്തെ താങ്ങി നിര്‍ത്തുന്ന ബെയറിംഗുകളുടേയും നിര്‍മ്മാണത്തിലുണ്ടായ ഗുരുതര വീഴ്ചയാണ് ബലക്ഷയത്തിലേക്ക് നയിച്ചതെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.

നിര്‍മാണ ചെലവ് കുറയ്ക്കാന്‍ കരാറുകാരും കമ്പനിയും ശ്രമിച്ചതാകാം പാലത്തിന്റെ തകര്‍ച്ചയിലേയ്ക്ക് എത്തിച്ചതെന്നും സാങ്കേതിക വിദഗ്ദ്ധര്‍ പറഞ്ഞു.

ഫോട്ടോ ക്രെഡിറ്റ്‌: ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്‌

We use cookies to give you the best possible experience. Learn more