ന്യൂദല്‍ഹി : പെണ്‍കുട്ടികള്‍ ശരീരം മുഴുവന്‍ മറയ്ക്കുന്ന തരത്തിലുള്ള വസ്ത്രം ധരിച്ച് എത്തണമെന്ന് ദല്‍ഹി ഐ.ഐ.ടി ഹോസ്റ്റല്‍. ഹോസ്റ്റല്‍ നിവാസികള്‍ക്കായി വാര്‍ഷികാടിസ്ഥാനത്തില്‍ നടത്തുന്ന “ഹൗസ് ഡേ” പരിപാടിക്ക് ശരീരം മൊത്തത്തില്‍ മറയ്ക്കുന്നതും മാന്യവുമായ വസ്ത്രം ധരിച്ച് എത്തണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഏപ്രില്‍ 20 നാണ് “ഹൗസ് ഡേ” പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഹോസ്റ്റല്‍ വാര്‍ഡന്റെ ഒപ്പോടെ പതിച്ചിട്ടുള്ള നോട്ടീസിലെ ഉള്ളടക്കം കോളജുകളിലും ഹോസ്റ്റലുകളിലും പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള വിവേചനങ്ങള്‍ക്ക് എതിരായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് പുറത്തുവിട്ടത്.
ശരീരം മറയ്ക്കുന്ന വസ്ത്രങ്ങള്‍ ധരിക്കണമെന്ന് പറയാറുണ്ടെങ്കിലും ഇത്തരത്തില്‍ നോട്ടീസ് പതിക്കുന്നത് ഇത് ആദ്യമായാണെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.
ഐ.ഐ.ടിയുടെ ഹിമാദ്രി ഹോസ്റ്റലിലാണ് നോട്ടീസ് പതിച്ചതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത്തരത്തിലുള്ള വിവേചനങ്ങള്‍ ഏര്‍പ്പെടുത്തുന്നത് ഇതാദ്യമായല്ലെന്നാണ് പെണ്‍കുട്ടികള്‍ പറയുന്നത് എന്നാല്‍ ഇത്തരത്തില്‍ എഴുതി തയ്യാറാക്കിയ നോട്ടീസ് പുറത്തിറക്കുന്നത് ഇതാദ്യമായാണെന്നും വിദ്യാര്‍ത്ഥികള്‍ സാക്ഷ്യപ്പെടുത്തുന്നു.
ഇത്തരത്തിലുള്ള സര്‍ക്കുലര്‍ ഇറങ്ങിയതിനെക്കുറിച്ച് അറിഞ്ഞിട്ടില്ലെന്നാണ് ഐ.ഐ.ടി മേധാവി പ്രതികരിച്ചത്. വാര്‍ഡന്റെ ഒപ്പോട് കൂടി ഇറങ്ങിയ സര്‍ക്കുലര്‍ ഹോസ്റ്റലിന്റെ സദാചാര പ്രവര്‍ത്തനമാണ് വ്യക്തമാക്കുന്നതെന്നാണ് സോഷ്യല്‍മീഡിയയില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നത്.
ഏത് തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കണം ധരിച്ചു കൂടാ എന്നുള്ള തരത്തില്‍ യാതൊരു നിര്‍ദേശങ്ങളും തങ്ങള്‍ നല്‍കാറില്ലെന്നും ഇത്തരം നോട്ടിസ് പുറപ്പെടുവിച്ചതിനെപ്പറ്റി തനിക്ക് യാതൊരു അറിവുണ്ടായിരുന്നില്ലെന്നും ഐ.ഐ.ടി വെല്‍ഫയര്‍ മേധാവി എസ് കൃഷ്ണ പറഞ്ഞു. ഹോസ്റ്റല്‍ അധികാരികളെ വിളിച്ച് എത്രയും പെട്ടെന്ന് നോട്ടീസ് നീക്കം ചെയ്യാന്‍ താന്‍ ആവശ്യപ്പെട്ടിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.