| Thursday, 9th January 2020, 4:06 pm

കേന്ദ്ര സര്‍ക്കാരിന്റെ ഭരണഘടനാ വിരുദ്ധ നടപടികള്‍; കൂടുതല്‍ ഐ.ഐ.ടി. അധ്യാപകര്‍ സമരത്തിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ബി.ജെ.പി കേന്ദ്ര സര്‍ക്കാര്‍ അടുത്ത കാലങ്ങളിലായി നടപ്പാക്കി വരുന്ന ഭരണഘടനാ വിരുദ്ധ നയങ്ങള്‍ക്കും വിദ്യാലയങ്ങളില്‍ നടക്കുന്ന ആസൂത്രിത അക്രമങ്ങള്‍ക്കും എതിരെ ബോംബെ ഐ.ഐ.ടിയിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും സമരത്തിലേക്ക്. ഭരണഘടനാ വിരുദ്ധ നയങ്ങള്‍ക്കെതിരെ ഐ.ഐ.ടി. ബോംബേയിലെ ഒരുകൂട്ടം അധ്യാപകരും വിദ്യാര്‍ത്ഥികളും ആദ്യഘട്ടമെന്ന നിലയില്‍ ജനുവരി ആറിന് ആരംഭിച്ച സമരത്തിലേക്ക് കൂടുതല്‍ പേര്‍ എത്തിച്ചേര്‍ന്നിരിക്കുകയാണ്.

10 ദിവസം നീണ്ടുനില്‍ക്കുന്ന പ്രതിഷേധമാണ് കഴിഞ്ഞ ദിവസങ്ങളില്‍ ആരംഭിച്ചത്. പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് ഇറക്കിയ കുറിപ്പില്‍ ഇരുന്നൂറോളം അധ്യാപകരാണ് ഒപ്പ് വെച്ചത്. ഓരോ ദിവസവും പ്രതിഷേധത്തില്‍ പങ്കുചേരുന്ന അധ്യാപകരുടെയും വിദ്യാത്ഥികളുടെയും എണ്ണം വര്‍ദ്ധിച്ചുവരുന്ന കാഴ്ച ഐ.ഐ.ടി. ബോംബേയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ്.

കേന്ദ്ര സര്‍ക്കാരിന്റെ ജനാധിപത്യ-ഭരണഘടനാ വിരുദ്ധനയങ്ങള്‍ അവസാനിപ്പിക്കുക, ഭരണഘടനാ വിരുദ്ധമായ എന്‍.ആര്‍.സി., സി.എ.എ. പുനഃപരിശോധിക്കുക, ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്‌സിറ്റി, അലിഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റി, ജാമിയ മിലാ ഇസ്ലാമിയ, ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന ആസൂത്രിത ആക്രമണങ്ങള്‍ അവസാനിപ്പിക്കുക എന്നിവയാണ് സമരം മുന്നോട്ട് വെക്കുന്ന പ്രധാന ആശയങ്ങള്‍.

കൂടാതെ ഭരണഘടന ഉറപ്പുനല്കുന മതേതരത്വം, തുല്യത, അഭിപ്രായം-വിയോജനങ്ങള്‍ പ്രകടിപ്പിക്കുവാനുള്ള സ്വാതന്ത്ര്യം തുടങ്ങിയ സംരക്ഷിക്കുക, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഇല്ലായ്മചെയ്യുന്ന തരത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയ ഇടപെടല്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും പ്രതിഷേധത്തില്‍ ഉയര്‍ന്നുവരുന്നുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

രാജ്യത്താകമാനം രൂപപ്പെട്ട പ്രതിഷേധങ്ങള്‍ക്കു ഐക്യദാര്‍ഢ്യം പങ്കുവെച്ചുകൊണ്ടു ഗൊരഖ്പൂര്‍, മദ്രാസ്, കാണ്‍പൂര്‍, ദല്‍ഹി അടക്കം വിവിധ ഐ.ഐ.ടി.കളില്‍ സമാനമായ പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

രാജ്യത്തിന്റെ ഭരണഘടനമൂല്യങ്ങളില്‍ വിശ്വാസം അര്‍പ്പിക്കുന്ന മുഴുവന്‍ വിദ്യാര്‍ഥിസമൂഹവും പ്രതിഷേധങ്ങളില്‍ പങ്കുകൊള്ളാന്‍ മുന്നോട്ട് വരണമെന്ന് സംഘാടകര്‍ ആവശ്യപ്പെട്ടു.

DoolNews Video

We use cookies to give you the best possible experience. Learn more