| Tuesday, 5th March 2019, 11:35 pm

'ഐ.ഐ.ടി ബോംബെ മോദിയ്‌ക്കൊപ്പം' ; മോദിയ്ക്ക് സ്തുതി പാടാന്‍ ആളെ ഇറക്കി എ.ബി.പി ന്യൂസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ബോംബെ ഐ.ഐ.ടിയില്‍ ഹിന്ദി ചാനലായ എ.ബി.പി നടത്തിയ ചര്‍ച്ചയില്‍ മോദിയ്ക്കും ബി.ജെ.പിയ്ക്കും അനുകൂലമായി സംസാരിക്കാനായി വിദ്യാര്‍ത്ഥികളെന്ന നിലയ്ക്ക് പുറത്ത് നിന്ന് ആളെ ഇറക്കിയതായി ആരോപണം. വിദ്യാര്‍ത്ഥി സംഘടനയായ അംബേദ്ക്കര്‍ പെരിയാര്‍ ഫൂലെ സ്റ്റഡി സര്‍ക്കിളാണ് തെളിവ് സഹിതം ചാനലിന്റെ തട്ടിപ്പ് പുറത്ത് കൊണ്ടുവന്നത്.

മാര്‍ച്ച് ഒന്നിന് ചാനല്‍ തത്സമയം പ്രക്ഷേപണം ചെയ്ത “2019 കെ ജോഷിലെ”പരിപാടിയെ കുറിച്ചാണ് വിദ്യാര്‍ത്ഥികള്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

ഐ.ഐ.ടി ബോംബെ വിദ്യാര്‍ത്ഥികള്‍ മോദിയെ അനുകൂലിക്കുന്നു എന്നെഴുതി കാണിച്ചാണ് ചാനല്‍ പരിപാടി പ്രക്ഷേപണം ചെയ്തത്. പരിപാടിയില്‍ പങ്കെടുത്ത 50 വിദ്യാര്‍ത്ഥികളില്‍ 11 പേര്‍ പുറമേക്കാരാണെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഇവരാണ് മോദിയ്ക്ക് അനുകൂലമായി സംസാരിച്ചത്.

ചര്‍ച്ചയില്‍ ആദ്യ ചോദ്യം ഉന്നയിച്ച അനില്‍ യാദവ് എന്നയാള്‍ ഐ.ഐ.ടി വിദ്യാര്‍ത്ഥിയല്ലെന്ന് അംബേദ്ക്കര്‍ സ്റ്റഡി സര്‍ക്കിള്‍ പറയുന്നു. ഫേസ്ബുക്ക് പ്രൊഫൈല്‍ പ്രകാരം ഹിന്ദുയുവവാഹിനി പ്രവര്‍ത്തകനാണ് അനില്‍ യാദവ്. എന്നാല്‍ ഇയാളെ നിഷ്പക്ഷ വിദ്യാര്‍ത്ഥിയെന്ന നിലയ്ക്കാണ് ചാനല്‍ അവതരിപ്പിച്ചത്. പോരാത്തതിന് പരിപാടി വീണ്ടും ടെലികാസ്റ്റ് ചെയ്തപ്പോള്‍ യഥാര്‍ത്ഥ ഐ.ഐ.ടി വിദ്യാര്‍ത്ഥികളുടെ അഭിപ്രായം ചാനല്‍ എഡിറ്റ് ചെയ്ത് ഒഴിവാക്കിയെന്നും പറയുന്നു.

സംഭവത്തില്‍ ഐ.ഐ.ടി വിശദീകരണം ഇറക്കണമെന്ന് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ അധികൃതര്‍ പ്രതികരിച്ചിട്ടില്ല.

Latest Stories

We use cookies to give you the best possible experience. Learn more