| Friday, 10th August 2018, 7:48 pm

'ഉന്നതവിദ്യാഭ്യാസ രംഗത്ത് മോദി സര്‍ക്കാര്‍ എന്താണ് ചെയ്തത്?': ഐ.ഐ.ടി ബോംബെ ബിരുദദാനച്ചടങ്ങില്‍ മോദി വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ബിരുദദാനച്ചടങ്ങില്‍ മുഖ്യാതിഥിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കാനുള്ള നീക്കത്തെ ചോദ്യം ചെയ്ത് ഐ.ഐ.ടി ബോംബേയിലെ വിദ്യാര്‍ത്ഥി സംഘം. യൂണിവേഴ്‌സിറ്റിയുടെ തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ട് വിദ്യാര്‍ത്ഥികള്‍ പുറത്തിറക്കിയ സ്റ്റേറ്റ്‌മെന്റിലാണ് പ്രധാനമന്ത്രിയെ ക്ഷണിക്കുന്നതിലുള്ള വിയോജിപ്പ് വിശദീകരിച്ചിരിക്കുന്നത്.

രാജ്യത്തെ ഉന്നത വിദ്യാഭ്യാസരംഗത്ത് നരേന്ദ്രമോദി സര്‍ക്കാരിന്റെ സംഭാവനകളെന്താണെന്ന് പ്രസ്താവനയില്‍ വിദ്യാര്‍ത്ഥികള്‍ ചോദിക്കുന്നു. “ഉന്നതവിദ്യാഭ്യാസരംഗത്തും വിദ്യാര്‍ത്ഥികള്‍ക്കിടയിലെ സാമൂഹിക ഐക്യത്തെ സംബന്ധിക്കുന്ന മറ്റു പ്രധാന വിഷയങ്ങളിലും എന്തു തരത്തിലുള്ള സംഭാവനയാണ് നിലവിലുള്ള സര്‍ക്കാര്‍ നടത്തിയിട്ടുള്ളതെന്ന് ചോദ്യം ചെയ്യാന്‍ ഞങ്ങളാഗ്രഹിക്കുന്നു. ഇന്ത്യയിലെ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന വിഭാഗങ്ങളിലൊന്നായ വിദ്യാര്‍ത്ഥി സമൂഹത്തിന്റെ ഉന്നമനത്തിനായും അവകാശ സംരക്ഷണത്തിനായും എന്താണ് ഈ സര്‍ക്കാര്‍ ഇതുവരെ ചെയ്തിട്ടുള്ളത്?” പ്രസ്താവനയില്‍ ചോദിക്കുന്നു.

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള ഫണ്ട് അനുവദിക്കുന്നതില്‍ എല്ലാകാലത്തും മടി കാണിച്ചിട്ടുള്ള ഒരു സര്‍ക്കാരിനെയാണ് മോദി നയിക്കുന്നതെന്നും, എല്ലാവര്‍ക്കും വിദ്യാഭ്യാസം ലഭ്യമാകുന്ന അവസ്ഥ യഥാര്‍ത്ഥത്തില്‍ അദ്ദേഹം ആഗ്രഹിക്കുന്നുണ്ടോ എന്ന് സംശയമാണെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. സവര്‍ണര്‍ക്കും ധനികര്‍ക്കും മാത്രം ഉന്നത വിദ്യാഭ്യാസം ലഭിച്ചാല്‍ മതിയെന്ന ബ്രാഹ്മണിക്കല്‍ ചിന്താഗതിയാണ് മോദി സര്‍ക്കാര്‍ മുന്നോട്ടു വയ്ക്കുന്നത്. അത്തരത്തിലൊരാളെ മുഖ്യാതിഥിയായി ക്ഷണിക്കാനുള്ള യൂണിവേഴ്‌സിറ്റി തീരുമാനത്തെ ചോദ്യം ചെയ്‌തേ മതിയാകൂ എന്നും കുറിപ്പില്‍ പറയുന്നു.

Also Read: കോണ്‍ഗ്രസ് നേതാവ് ബി.കെ ഹരിപ്രസാദിനെതിരായ മോദിയുടെ പരാമര്‍ശം രാജ്യസഭാ രേഖകളില്‍ നിന്നും നീക്കി

വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്നുള്ള ഫണ്ട് ഗണ്യമായി കുറഞ്ഞതോടെ രാജ്യത്തെങ്ങുമുള്ള യൂണിവേഴ്‌സിറ്റികളില്‍ ഫീസ് വര്‍ദ്ധനവുണ്ടായിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ വിഷയം വഷളാക്കാനേ ഉപകരിച്ചിട്ടുള്ളൂ എന്നും വിദ്യാര്‍ത്ഥികള്‍ കുറിപ്പില്‍ ആരോപിക്കുന്നു.

“കേന്ദ്ര സര്‍വകലാശാലകളിലെ നെറ്റ്-ഇതര ഫെല്ലോഷിപ്പുകളും ടിസ്സിലെ എസ്.സി-എസ്.ടി-ഒ.ബി.സി വിദ്യാര്‍ത്ഥികള്‍ക്കുള്ള ജി.ഒ.ഐ.-പി.എം.എസ് സ്‌കോളര്‍ഷിപ്പുകളും നിര്‍ത്തലാക്കിയത് വെറുമൊരു ആരംഭമായാണ് ഞങ്ങള്‍ കാണുന്നത്. ഈ വ്യവസ്ഥിതി തുടര്‍ന്നു പോകുകയാണെങ്കില്‍ ഇനിയും ഫീസ് വര്‍ദ്ധനവുകളും സ്‌കോളര്‍ഷിപ്പ് നിര്‍ത്തലാക്കുന്ന നടപടികളുമുണ്ടാകും. സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെയാണ് ഇത് ബാധിക്കുക എന്നതില്‍ തര്‍ക്കമില്ല”

യു.ജി.സിക്ക് ബദലായി ഉന്നത വിദ്യാഭ്യാസ കമ്മീഷനെ കൊണ്ടുവരുന്നത് അക്കാദമിക സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നീക്കമായിരിക്കുമെന്നാണ് വിദ്യാര്‍ത്ഥികളുടെ വിലയിരുത്തല്‍. തങ്ങളുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത എല്ലാ സ്ഥാപനങ്ങളെയും അടച്ചു പൂട്ടിക്കാനുള്ള അധികാരം വരെ ഇവര്‍ക്ക് ഉണ്ടാകുമെന്നും അത് ഒട്ടും ഗുണം ചെയ്യില്ലെന്നും വിദ്യാര്‍ത്ഥി സംഘം വിശദീകരിക്കുന്നു.

Also Read: തെരഞ്ഞെടുപ്പു സത്യവാങ്മൂലത്തില്‍ കള്ളം പറഞ്ഞു; അമിത് ഷായ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കാരവന്‍ റിപ്പോര്‍ട്ട്‌

തങ്ങള്‍ മുന്നോട്ടു വയ്ക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാതെ പ്രധാനമന്ത്രിയ്ക്ക് ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ പ്രസംഗിക്കാനാകില്ലെന്നു പറയുന്ന വിദ്യാര്‍ത്ഥികള്‍, തങ്ങളുടെ ചോദ്യങ്ങളും കുറിപ്പില്‍ പരാമര്‍ശിക്കുന്നുണ്ട്.

“രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ പാടേ നശിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ ബദ്ധശ്രദ്ധരായിരിക്കാന്‍ കാരണമെന്താണെന്ന് ഞങ്ങള്‍ പ്രധാനമന്ത്രിയോടു ചോദിക്കുന്നതില്‍ തെറ്റുണ്ടോ? ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ഏതു രീതിയില്‍ അധ്യയനം മുന്നോട്ടു കൊണ്ടു പോകണമെന്നു തീരുമാനിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമുള്ള സ്വാതന്ത്ര്യത്തെയും എന്തിനാണ് സര്‍ക്കാര്‍ ഭയക്കുന്നതെന്നു ചോദിക്കുന്നതില്‍ തെറ്റുണ്ടോ?”

രാജ്യത്തു നടക്കുന്ന ദളിത്-മുസ്‌ലിം വേട്ടയ്‌ക്കെതിരെയും വിദ്വേഷ പ്രചരണങ്ങള്‍ അതിക്രമങ്ങള്‍ എന്നിവയ്‌ക്കെതിരെയുമുള്ള പ്രതിഷേധവും മോദി ഇതിനോടെല്ലാം മൗനം പാലിക്കുന്നതിലുള്ള അമര്‍ഷവും വ്യക്തമാക്കിക്കൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ യൂണിവേഴ്‌സിറ്റി തീരുമാനത്തെ എതിര്‍ക്കുന്നതെന്നും ദി വയര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

We use cookies to give you the best possible experience. Learn more