national news
നാടകത്തില്‍ രാമനേയും സീതയേയും അപകീര്‍ത്തിപ്പെടുത്തിയെന്ന് പരാതി; വിദ്യാര്‍ത്ഥികളില്‍ നിന്ന് 1.2 ലക്ഷം പിഴ ചുമത്തി ബോംബെ ഐ.ഐ.ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Jun 20, 06:10 am
Thursday, 20th June 2024, 11:40 am

മുംബൈ: രാമനെയും സീതയെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ നാടകം കളിച്ചെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥികളില്‍ നിന്ന് 1.2 ലക്ഷം രൂപ പിഴ ചുമത്തി ബോംബെ ഐ.ഐ.ടി.

ഇതിഹാസമായ രാമായണത്തെ ആസ്പദമാക്കിയുള്ള നാടകത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്കാണ് ബോംബെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി 1.2 ലക്ഷം രൂപ പിഴ ചുമത്തിയത്. നാടകം ഹിന്ദുമതത്തോടുള്ള അനാദരവാണെന്ന് ചൂണ്ടിക്കാട്ടി ചില വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതിയിലാണ് നടപടിയെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

മാര്‍ച്ചില്‍ നടന്ന ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പെര്‍ഫോമിംഗ് ആര്‍ട്സ് ഫെസ്റ്റിവലില്‍ ‘രാഹോവന്‍’ എന്ന പേരില്‍ ഒരു നാടകം കളിച്ചിരുന്നു. നിരവധി വിദ്യാര്‍ത്ഥികള്‍ നാടകത്തിന്റെ ഭാഗമായിരുന്നു.

കഥാപാത്രങ്ങളുടെ പേരുകളും കഥാഗതിയും മാറ്റി രാമായണത്തിന്റെ ഫെമിനിസ്റ്റ് പുനര്‍വ്യാഖ്യാനമായാണ് നാടകത്തെ അവതരിപ്പിച്ചതെന്ന് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഒരു അധ്യാപകന്‍ പറഞ്ഞു. എന്നാല്‍ അന്ന് നാടകത്തിനെതിരെ എതിര്‍പ്പൊന്നും ഉയര്‍ന്നിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ദിവസങ്ങള്‍ക്ക് ശേഷമാണ് ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ നാടകത്തിന്റെ പ്രമേയത്തെ എതിര്‍ക്കുകയും ഹിന്ദു ദേവതകളായ രാമനേയും സീതയേയും നാടകത്തിലൂടെ അപമാനിച്ചെന്നും ചൂണ്ടിക്കാട്ടി രംഗത്തെത്തിയത്.

ക്യാമ്പസ് ഗ്രൂപ്പായ ‘ഐ.ഐ.ടി ബി ഫോര്‍ ഭാരത്’ എന്ന അക്കൗണ്ടാണ് കോളേജ് അഡ്മിനിസ്‌ട്രേഷന്‍ വിദ്യാര്‍ത്ഥിക്ക് അയച്ച നോട്ടീസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. നാടകം രാമായണത്തെ അപകീര്‍ത്തികരമായി ചിത്രീകരിച്ചുവെന്നാണ് പോസ്റ്റില്‍ പറയുന്നത്.

‘ശ്രീരാമനെയും സീതാ മാതാവിനെയും ലക്ഷ്മണനെയും പരിഹസിക്കാന്‍ ഈ വിദ്യാര്‍ത്ഥികള്‍ അക്കാദമിക് സ്വാതന്ത്ര്യം ദുരുപയോഗം ചെയ്തു എന്നും പോസ്റ്റില്‍ പറയുന്നുണ്ട്.

ഒരു വിദ്യാര്‍ത്ഥിക്ക് അയച്ച നോട്ടീസാണ് സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്യപ്പെട്ടത്. നാടകത്തില്‍ പങ്കെടുത്ത മറ്റ് ഏഴ് വിദ്യാര്‍ത്ഥികളും അച്ചടക്ക നടപടി നേരിട്ടതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

അടുത്ത മാസം ബിരുദം നേടുന്ന വിദ്യാര്‍ത്ഥികളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. അവര്‍ക്ക് കനത്ത പിഴയും, ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ക്ക് കുറഞ്ഞ പിഴയുമാണ് നല്‍കിയതെന്നും ഹോസ്റ്റലില്‍ നിന്നും വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. കോളേജുകളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുമായിരുന്ന ചില പുരസ്‌കാരങ്ങളില്‍ നിന്നും അംഗീകാരങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ തഴയപ്പെടുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Content Highlight: IIT-Bombay imposes Rs 1.2 lakh fine on student for ‘derogatory’ play on Ram, Sita