മെസ്സിലെ 'വെജ് ഓൺലി' ഇടത്തിനെതിരെ പ്രതിഷേധം; 10,000 രൂപ ഫൈൻ ചുമത്തി ഐ.ഐ.ടി ബോംബെ
national news
മെസ്സിലെ 'വെജ് ഓൺലി' ഇടത്തിനെതിരെ പ്രതിഷേധം; 10,000 രൂപ ഫൈൻ ചുമത്തി ഐ.ഐ.ടി ബോംബെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 3rd October 2023, 8:36 am

മുംബൈ: ഐ.ഐ.ടി ബോംബെയിലെ മെസിൽ സസ്യാഹാരം മാത്രം കഴിക്കാൻ ഇടം നിശ്ചയിച്ചതിനെതിരെ പ്രതിഷേധിച്ചതിന് വിദ്യാർത്ഥിക്ക് 10,000 രൂപ ഫൈൻ ചുമത്തിയതായി പരാതി.

സെപ്റ്റംബർ 27നായിരുന്നു മൂന്ന് ഹോസ്റ്റലുകളുടെയും പൊതു മെസ്സിൽ സസ്യാഹാരം കഴിക്കാൻ മാത്രമായി ഒരിടം നിശ്ചയിച്ചുകൊണ്ട് മെസ് കൗൺസിൽ അറിയിപ്പ് നൽകിയത്. ഈ ഹോസ്റ്റലുകളിലെ വിദ്യാർത്ഥികൾക്ക് ആറ് മേശകൾ ‘വെജ് ഓൺലി’ ഇടമാക്കി മാറ്റുകയാണെന്ന വിവരം ഇമെയിലിൽ ലഭിച്ചതിനെ തുടർന്ന് വിദ്യാർത്ഥികൾക്കിടയിൽ എതിർപ്പുയർന്നിരുന്നു.

എല്ലാവരെയും ചേർത്തുപിടിക്കുന്ന, സമാധാനപരമായ ഡൈനിങ് അനുഭവം സൃഷ്ടിക്കാനാണ് പുതിയ നടപടി എന്നായിരുന്നു ഇമെയിലിൽ പറഞ്ഞത്‌. എന്നാൽ തീരുമാനം അനാവശ്യവും എല്ലാവരെയും ചേർത്തുപിടിക്കുമെന്ന് പറയുന്നതിന്റെ വിരുദ്ധവുമാണെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു.

തുടർന്ന് കുറച്ച് വിദ്യാർത്ഥികൾ സസ്യാഹാരത്തിനായി നിശ്ചയിച്ച ആറ് മേശകളിലൊന്നിൽ ഇരുന്ന് മാംസാഹാരം കഴിക്കുകയും മെസിൽ അസ്വാരസ്യങ്ങൾ ഉണ്ടാകുകയും ചെയ്തു. തുടർന്ന് മെസ് കൗൺസിൽ യോഗം ചേരുകയും വിദ്യാർത്ഥികൾക്കെതിരെ നടപടി സ്വീകരിക്കാൻ തീരുമാനിക്കുകയുമായിരുന്നു.

യോഗത്തിന്റെ മിനുട്സ് വിശദാംശങ്ങൾ ക്യാമ്പസിലെ അനൗദ്യോഗിക വിദ്യാർത്ഥി കൂട്ടായ്മയായ അംബേദ്കർ ഫുലേ സ്റ്റഡി സർക്കിൾ തങ്ങളുടെ സമൂഹ മാധ്യമ അക്കൗണ്ടിൽ ഷെയർ ചെയ്തു. പ്രതിഷേധിച്ച വിദ്യാർത്ഥികളിൽ ഒരാൾക്കെതിരെ ഫൈൻ ചുമത്തിയതായും സെമെസ്റ്ററിന്റെ തുടക്കത്തിൽ അടച്ച സെമെസ്റ്റർ മെസ് അഡ്വാൻസിൽ നിന്ന് ഫൈൻ ഈടാക്കുമെന്നും മെസ് കൗൺസിൽ യോഗത്തിന്റെ മിനുട്സിൽ പറയുന്നു.

ഒപ്പം പ്രതിഷേധിച്ച വിദ്യാർത്ഥികളെ തിരിച്ചറിയുന്ന പക്ഷം അവർക്കെതിരെ നടപടിയെടുക്കുമെന്നും മിനുട്സിൽ പറയുന്നുണ്ട്. അതേസമയം ഐ.ഐ.ടി അധികൃതർ പരാതിയിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.

CONTENT HIGHLIGHT: IIT-Bombay imposes fine on students who protested against ‘veg-only’ space