national news
യു.പിയില്‍ ചാനല്‍ ചര്‍ച്ചക്കിടെ കാവി വസ്ത്രധാരികള്‍ ആക്രമിച്ചെന്ന് ആരോപിച്ച് ഐ.ഐ.ടി ബാബ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Mar 01, 07:52 am
Saturday, 1st March 2025, 1:22 pm

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ വാര്‍ത്താ ചാനല്‍ ചര്‍ച്ചക്കിടെ ആക്രമിക്കപ്പെട്ടതായി ഐ.ഐ.ടി ബാബ എന്ന അഭയ് സിങ്. നോയിഡയിലെ സ്വകാര്യ ചാനലിന്റെ പരിപാടിക്കിടെയാണ് സംഭവം. ഇന്നലെ (വെള്ളി) ആണ് ഐ.ഐ.ടി ബാബ ആരോപണവുമായി രംഗത്തെത്തിയത്.

കാവി വസ്ത്രധാരികളായ ചിലര്‍ ന്യൂസ് റൂമിലേക്ക് കയറി വന്ന് തന്നോട് മോശമായി പെരുമാറിയെന്നും വടികൊണ്ട് അടിച്ചെന്നുമാണ് അഭയ് സിങ് പറയുന്നത്. തുടര്‍ന്ന് ഐ.ഐ.ടി ബാബ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

പിന്നാലെ സെക്ടര്‍ 126ലെ പൊലീസ് ഔട്ട്‌പോസ്റ്റിന് പുറത്ത് ഇയാള്‍ പ്രതിഷേധവും നടത്തി. പൊലീസ് അനുനയത്തിന് ശ്രമിച്ചതോടെ ഐ.ഐ.ടി ബാബ പ്രതിഷേധത്തില്‍ നിന്ന് പിന്മാറുകയും ചെയ്തു. പിന്നീട് ഈ വിഷയത്തില്‍ തനിക്ക് കൂടുതല്‍ പരാതികളില്ലെന്ന് ഐ.ഐ.ടി ബാബ പറഞ്ഞതായി എസ്.എച്ച്.ഒ ഭൂപേന്ദ്ര സിങ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഐ.ഐ.ടി ബാബ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തത്. ഇതിനിടയിലേക്ക് ഒരു കൂട്ടം സന്ന്യാസിമാര്‍ കടന്നുവരികയായിരുന്നു. ഇരുകൂട്ടരും പരസ്പരം സംസാരിക്കുന്നതിന്റെയും പിന്നാലെ ഐ.ഐ.ടി ബാബ പുറത്തേക്ക് ഇറങ്ങിപോകുകയും ആയിരുന്നു.

ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനിടെയാണ് ആക്രമിക്കപ്പെട്ടെന്ന് ആരോപിച്ച് ബാബ രംഗത്തെത്തിയത്.

യു.പിയിലെ പ്രയാഗ്‌രാജിൽ നടന്ന മഹാ കുംഭമേളക്കിടെ ഐ.ഐ.ടി ബാബ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

അടുത്തിടെ പാക്കിസ്ഥാനെതിരായ ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി മത്സരത്തില്‍ ഇന്ത്യ തോല്‍ക്കുമെന്ന് ഇയാള്‍ പ്രവചിച്ചിരുന്നു. എന്നാല്‍ മത്സരത്തില്‍ ഇന്ത്യ വിജയിക്കുകയാണ് ചെയ്തത്. അതോടെ ഐ.ഐ.ടി ബാബ രൂക്ഷമായ വിമര്‍ശനങ്ങളും ട്രോളുകളുമാണ് ഏറ്റുവാങ്ങിയത്.

ഐ.ഐ.ടി ബോംബെയില്‍ നിന്ന് എയ്റോസ്പേസ് എഞ്ചിനീയറിങ് പൂര്‍ത്തിയാക്കിയ വ്യക്തിയാണ് അഭയ് സിങ്. എന്നാല്‍, പിന്നീട് എഞ്ചിനീയറിങ് ജീവിതം ഉപേക്ഷിച്ച് ആത്മീയ ജീവിതത്തിലേക്ക് കടന്നുവെന്നാണ് അഭയ് പറയുന്നത്.

Content Highlight: IIT Baba accused of being attacked by saffron-clad men during a channel discussion in noida