സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ പ്രതികാര നടപടിയുമായി ഐ.ഐ.എസ്.ടി; ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും അകാരണമായി പുറത്താക്കിയെന്നു മലയാളി വിദ്യാര്‍ത്ഥി
Student Struggle
സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ പ്രതികാര നടപടിയുമായി ഐ.ഐ.എസ്.ടി; ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും അകാരണമായി പുറത്താക്കിയെന്നു മലയാളി വിദ്യാര്‍ത്ഥി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 15th December 2017, 2:23 pm

തിരുവനന്തപുരം: ഒരേസമയം രണ്ടു യൂണിവേഴ്‌സിറ്റികളില്‍ എന്റോള്‍ ചെയ്‌തെന്ന തെറ്റായവാദം ഉന്നയിച്ച് ഐ.ഐ.എസ്.ടിയില്‍ നിന്നും തന്നെ പുറത്താക്കിയതായി വിദ്യാര്‍ത്ഥിയുടെ പരാതി. ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പെയ്‌സ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലും (ഐ.ഐ.എസ്.ടി) ഒരേസമയം എന്റോള്‍ ചെയ്‌തെന്ന് ചൂണ്ടാക്കാട്ടി ഐ. ഐ.എസ്.ടി തന്നെ പുറത്താക്കിയെന്ന പരാതിയുമായി തിരുവനന്തപുരം സ്വദേശിയായ ഹരി കൃഷ്ണനാണ് രംഗത്തെത്തിയിരിക്കുന്നത്.

അടിസ്ഥാനരഹിതമായ വാദങ്ങള്‍ ഉന്നയിച്ച് ഐ.ഐ.എസ്.ടി തന്റെ അക്കാദമിക് കരിയര്‍ ഇല്ലാതക്കിയെന്ന പരാതി ഹരി കരൃഷ്ണന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഉന്നയിച്ചിരിക്കുന്നത്. ഡിസംബര്‍ 14 നു തന്റെ പി.എച്ച്.ഡി അഡ്മിഷന്‍ ടെര്‍മിനേറ്റ് ചെയ്യുകയാണെന്നു കാണിച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് തനിക്ക് കത്തയച്ചെന്നും ഹോസ്റ്റലില്‍ നിന്നും ക്യാപസില്‍ ഉടന്‍ പുറത്തുപോകണമെന്ന് നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നെന്നും ഹരി കൃഷ്ണന്‍ പറയുന്നു.

ഡിസംബര്‍ എട്ടിന് താന്‍ ഒരേസമയം രണ്ട് യൂണിവേഴ്‌സിറ്റികളില്‍ എന്റോള്‍ ചെയ്തിട്ടുണ്ടെന്നും ഇത് യു.ജി.സി ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയുള്ള ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നോട്ടീസ് തനിക്ക് ലഭിച്ചിരുന്നെന്നും ഇതിനുള്ള വിശദീകരണം ഡിസംബര്‍ പതിനൊന്നിനു തന്നെ ഞാന്‍ നല്‍കിയിരുന്നെന്നും വിദ്യാര്‍ത്ഥി പറയുന്നു.

ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ താന്‍ ഹൈദരാബാദ് യൂണിവേഴ്‌സിറ്റി എക്‌സാം കണ്‍ട്രോളര്‍ക്ക് എം.ഫില്‍ കോഴ്‌സ് പൂര്‍ത്തീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നാവശ്യപ്പെട്ട് അപേക്ഷ സമര്‍പ്പിക്കുകയും കണ്‍ട്രോളര്‍ അത് അനുവദിക്കുകയും ചെയ്തിരുന്നെന്നും പറയുന്ന ഹരി കൃഷ്ണന്‍ സര്‍ട്ടിഫിക്കറ്റും ഫേസ്ബുക്കില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

സര്‍ട്ടിഫിക്കറ്റില്‍ എം.ഫില്‍ കോഴ്‌സ് പൂര്‍ത്തീകരിച്ചത് 21-07-2017 നാണെന്ന് വ്യക്തമാണെന്നും താന്‍ ഐ.ഐ.എസ്.ടിയില്‍ പി.എച്ച്.ഡിയ്ക്ക് രജിസ്റ്റര്‍ ചെയ്തത് 24-07-2017 നാണെന്നും അതുകൊണ്ട് തന്നെ ഒരേസമയം താന്‍ രണ്ടു യൂണിവേഴ്‌സിറ്റികളില്‍ രജിസ്റ്റര്‍ ചെയ്‌തെന്ന വാദം തെറ്റാണെന്നും ചൂണ്ടിക്കാട്ടുന്നു.

യു.ജി.സി മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി ഇന്‍സ്റ്റിറ്റ്യൂട്ടിനെതിരെ നടന്ന വിദ്യാര്‍ത്ഥി സമരത്തില്‍ പങ്കെടുത്തതിന്റെ പേരിലാണ് അധികൃതര്‍ തന്നെ വേട്ടയാടുന്നതെന്നും ഈ പ്രതികാര നടപടിയുടെ ഭാഗമായി തന്റെ ജെ.ആര്‍.എഫും അക്കാദമിക് വര്‍ഷവുമാണ് നഷ്ടമാകുന്നതെന്നും വിദ്യാര്‍ത്ഥി പറയുന്നു.