| Wednesday, 14th August 2024, 8:23 pm

ഇന്ത്യയിലെ മികച്ച സര്‍വകലാശാലകളില്‍ ഒന്നാം സ്ഥാനത്ത് ഐ.ഐ.എസ്.സി; ജെ.എന്‍.യുവും ജെ.എം.ഐയും ആദ്യ പത്തില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യയിലെ മികച്ച സര്‍വകലാശാലകളില്‍ ബെംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് (ഐ.ഐ.എസ്.സി) ഒന്നാം സ്ഥാനത്ത്. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിങ് ഫ്രെയിംവര്‍ക്ക് (എന്‍.ഐ.ആര്‍.എഫ്) ന്റെ റാങ്കിങ്ങിലാണ് ഐ.ഐ.എസ്.സി ഒന്നാം സ്ഥാനത്തെത്തിയത്. ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല (ജെ.എന്‍.യു) ന്യൂദല്‍ഹി, ജാമിയ മില്ലിയ ഇസ്‌ലാമിയ (ജെ.എം.ഐ) എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലും ഇടംപിടിച്ചു.

റാങ്കിങ്ങില്‍ ജാദവ്പൂര്‍ സര്‍വകലാശാലയെ അട്ടിമറിച്ച് മണിപ്പാല്‍ അക്കാദമി ഓഫ് ഹയര്‍ എജ്യുക്കേഷന്‍ നാലാം സ്ഥാനത്തെത്തി. ജാദവ്പൂര്‍ സര്‍വകലാശാല ഒമ്പതാം സ്ഥാനത്തേക്കാണ് തള്ളപ്പെട്ടത്. വാരാണസിയിലെ ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി (ബി.എച്ച്.യു) അഞ്ചാം സ്ഥാനത്തെത്തുകയും ചെയ്തു.

അതേസമയം ദല്‍ഹി സര്‍വകലാശാല 11ാം സ്ഥാനത്തുനിന്ന് ആറാമതെത്തി. 2024 ഐ.ഐ.എസ്.സി റാങ്കിങ്ങില്‍ അമൃത വിശ്വ വിദ്യാപീഠമാണ് ഏഴാം സ്ഥാനത്ത്. അലിഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റി ഒമ്പതാം സ്ഥാനത്ത് നിന്ന് എട്ടാം സ്ഥാനത്തെത്തിയപ്പോള്‍, വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എട്ടില്‍ നിന്ന് 10ാം സ്ഥാനത്തേക്ക് തള്ളപ്പെടുകയും ചെയ്തു.

ഐ.ഐ.എസ്.സി റാങ്കിങ്ങില്‍ ഇടംപിടിച്ച സര്‍ക്കാരിതര സര്‍വകലാശാലകളാണ് അമൃത വിശ്വ വിദ്യാപീഠം, മണിപ്പാല്‍ അക്കാദമി ഓഫ് ഹയര്‍ എജ്യുക്കേഷന്‍, വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി എന്നിവ. ഇവ മൂന്നും പട്ടികയിലെ പത്തിനുള്ളില്‍ സ്ഥാനം പിടിച്ച സ്ഥാപനങ്ങളുമാണ്. ഇതിനുപുറമെ പൗരത്വ ഭേദഗതിക്കെതിരെയും ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമങ്ങള്‍ക്കെതിരെയും ദളിത് ചൂഷണത്തിനെതിരെയും ശബ്ദമുയര്‍ത്തുന്ന ജെ.എന്‍.യു, ജാമിയ മില്ലിയ ഇസ്ലാമിയ തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് കേന്ദ്ര മന്ത്രാലയത്തിന്റെ റാങ്കിങ്ങില്‍ ഇടംപിടിച്ചു എന്നത് ശ്രദ്ധേയമാണ്.

അതേസമയം രാജ്യത്തെ മികച്ച പൊതുമേഖല സര്‍വകലാശാലകളിലെ ആദ്യത്തെ 15ല്‍ മൂന്നെണ്ണവും കേരളത്തില്‍ നിന്നാണ്. കേരള, കുസാറ്റ്, എം.ജി സര്‍വകലാശാലകള്‍ യഥാക്രമം 9,10,11 റാങ്കുകള്‍ കരസ്ഥമാക്കി. ദേശീയ ഉന്നത വിദ്യാഭ്യാസ നിലവാര പരിശോധനയിലാണ് ഈ സര്‍വകലാശാലകള്‍ മികച്ചുനിന്നത്. ഇതേ വിഭാഗത്തില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് 43ാം റാങ്കുമുണ്ട്.

ചെന്നൈ അണ്ണാ യൂണിവേഴ്സിറ്റി, പശ്ചിമബംഗാളിലെ ജാദവ്പൂര്‍ യൂണിവേഴ്സിറ്റി, മഹാരാഷ്ട്രയിലെ സാവിത്രിഭായ് ഫൂലെ പൂനെ യൂണിവേഴ്സിറ്റി എന്നിവയാണ് ഈ പട്ടികയില്‍ യഥാക്രമം 1,2,3 സ്ഥാനങ്ങളിലുള്ളത്. സ്വകാര്യ സര്‍വകലാശാലകളും, ഐ.ഐ.ടികളും, ഐ.ഐ.എമ്മുകളും ഉള്‍പ്പെടുന്ന പട്ടികയിലെ ആദ്യ നൂറില്‍ കേരള 21, കുസാറ്റ് 34, എം.ജി. 37, കാലിക്കറ്റ് 89 എന്നീ സ്ഥാനങ്ങളും സ്വന്തമാക്കി.

മികച്ച കോളേജുകളുടെ റാങ്കിങ്ങില്‍ ആദ്യ നൂറില്‍ കേരളത്തില്‍ നിന്നുള്ള 16 കോളേജുകള്‍ ഇടം പിടിച്ചപ്പോള്‍ ഇതില്‍ നാലെണ്ണവും സര്‍ക്കാര്‍ കോളേജുകളാണ്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്, എറണാകുളം മഹാരാജാസ് കോളേജ്, തിരുവനന്തപുരം വിമണ്‍സ് കോളേജ്, പാലക്കാട് വിക്ടോറിയ കോളേജ് എന്നിവയാണ് ലിസ്റ്റില്‍ ഇടം പിടിച്ച കേരളത്തില്‍ നിന്നുള്ള ആദ്യ നാല് കോളേജുകള്‍.

രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ റാങ്ക് ചെയ്യാന്‍ വിദ്യാഭ്യാസ മന്ത്രാലയം സ്വീകരിച്ച ഒരു രീതിയാണ് എന്‍.ഐ.ആര്‍.എഫ് റാങ്കിങ്.
ടീച്ചിങ്, ലേണിങ്, റിസോഴ്സ്, റിസര്‍ച്ച് ആന്റ് പ്രൊഫഷണല്‍ പ്രാക്ടീസ്, ഗ്രാജ്വേഷന്‍ ഔട്ട്കമുകള്‍, ഔട്ട്റീച്ച് ആന്റ് ഇന്‍ക്ലൂസിവിറ്റി, പെര്‍സെപ്ഷന്‍ എന്നീ ഘടകങ്ങള്‍ പരിശോധിച്ചാണ് റാങ്കിങ് തീരുമാനിക്കുന്നത്.

Content Highlight: IISC ranks first among the best universities in India

We use cookies to give you the best possible experience. Learn more