| Tuesday, 12th November 2019, 8:56 am

രാജ്യത്ത് വ്യവസായിക ഉത്പാദനത്തകര്‍ച്ച എട്ട് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്ത് വ്യവസായിക ഉത്പാദനം തുടര്‍ച്ചയായ രണ്ടാമത്തെ മാസവും താഴ്ന്ന നിലയില്‍. കഴിഞ്ഞ മാസം സെപ്റ്റംബറിനേക്കാള്‍ 4.3 ശതമാനം താഴ്ന്ന നിലയിലാണ് വ്യവസായിക ഉത്പാദനമുള്ളത്.

നിര്‍മാണ രംഗത്തെ ഉത്പന്നങ്ങള്‍, ഖനനം, വൈദ്യുതി എന്നീ മേഖലകളില്‍ താഴ്ന്ന വളര്‍ച്ചാനിരക്കാണുള്ളത്. രാജ്യത്തെ വ്യവസായത്തകര്‍ച്ചാ സംബന്ധമായ കണക്കുകള്‍ തിങ്കളാഴ്ച സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയമാണ് പുറത്ത് വിട്ടത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ 4.8 ശതമാനം സാമ്പത്തിക വളര്‍ച്ചയുണ്ടായിരുന്ന ഉത്പാദന മേഖലയില്‍ 3.9 ശതമാനം താഴ്ചയാണ് ഈ വര്‍ഷം കാണിക്കുന്നത്.

ഖനന മേഖലയില്‍ കഴിഞ്ഞ വര്‍ഷം 0.1 ശതമാനം സാമ്പത്തിക വളര്‍ച്ചാ നിരക്ക് ഉണ്ടായിരുന്നതില്‍ നിന്നും 8.5 ശതമാനം ആണ് കുറഞ്ഞത്.

വ്യാവസായിക ഉത്പാദന സൂചികയിലുള്ള താഴ്ച കഴിഞ്ഞ മാസത്തെ കണക്കനുസരിച്ച് (-)1.1 ശതമാനം ആണ്. വളരെ പെട്ടന്നാണ് ഇത് (-)1.4 ശതമാനം ആയി കുറഞ്ഞതെന്നും കണക്കുകള്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം ഏപ്രില്‍-സെപ്റ്റംബര്‍ മാസത്തില്‍ വ്യാവസായിക ഉത്പാദനത്തില്‍ 5.2 ശതമാനം വര്‍ധനവ് ഉണ്ടായിരുന്നിടത്ത് ഈ വര്‍ഷം അതേ കാലത്ത് 1.3 ശതമാനം വര്‍ധനവ് മാത്രമാണുണ്ടായത്.

വ്യവസായ ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന യന്ത്രനിര്‍മാണ രംഗത്ത് 20.7 ശതമാനം ഇടിവ് രേഖപ്പെടുത്തുന്നുണ്ട്.
ഏപ്രില്‍-ജൂണ്‍ മാസങ്ങളിലെ മൊത്തം ആഭ്യന്തര ഉത്പാദനം (ജി.ഡി.പി) 5 ശതമാനം മാത്രം വളര്‍ച്ച എന്ന താഴ്ന്ന നിലയിലാണുള്ളത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഉപഭോക്തൃ ഉത്പന്നങ്ങളുടെ വളര്‍ച്ചയില്‍ 9.9 ശതമാനം കുറവുണ്ടെന്ന് കണക്കുകള്‍ പറയുന്നു. ഗൃഹോപകരണങ്ങളുള്‍പ്പെടെയുള്ള ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍, കാര്‍ഷിക മേഖല, അടിസ്ഥാന സൗകര്യ-നിര്‍മാണ രംഗത്തെ ഉല്‍പ്പന്നങ്ങള്‍ എന്നീ മേഖലകളില്‍ രാജ്യം സാമ്പത്തിക തകര്‍ച്ചയിലേക്ക് പോയിക്കൊണ്ടിരിക്കുകയാണെന്ന് ഇന്ത്യ റേറ്റിങ് ആന്‍ഡ് റിസര്‍ച്ചിലെ മുഖ്യ സാമ്പത്തിക വിദഗ്ധന്‍ ദേവേന്ദ്ര കുമാര്‍ പന്ത് പറഞ്ഞു.

രാജ്യത്തെ ഐ.ടി മേഖല സമീപവര്‍ഷങ്ങളിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോവുന്നതെന്ന് നേരത്തേ റിപ്പോര്‍ട്ട് വന്നിരുന്നു.

ഐ.ടി വമ്പന്മാരായ കോഗ്‌നിസാന്റും ഇന്‍ഫോസിസും ആയിരക്കണക്കിന് തൊഴിലാളികളെ പിരിച്ചുവിടുന്നെന്ന വാര്‍ത്തക്ക് പിന്നാലെയാണ് മേഖല നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധിയെക്കുറിച്ച് ബിസിനസ് സ്റ്റാന്റേഡ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

സാമ്പത്തിക വര്‍ഷം അടുത്ത പാദത്തിലേക്ക് കടക്കുമ്പോഴേക്കും രാജ്യത്തെ ആകെ ഐ.ടി തൊഴിലാളികളില്‍ അഞ്ചുമുതല്‍ എട്ട് ശതമാനം വരെ ജോലി നഷ്ടപ്പെടുമെന്നാണ് റിപ്പോര്‍ട്ട്.

അതായത്, 10,000 മുതല്‍ 20,000 തൊഴിലാളികള്‍ പുറത്താവും. സീനിയല്‍, മിഡ് സീനിയര്‍ തൊഴിലാളികളെയാണ് കൂടുതലായും പുറത്താക്കല്‍ ബാധിക്കുന്നത്.

We use cookies to give you the best possible experience. Learn more