| Thursday, 19th January 2023, 4:32 pm

INTERVIEW | അടൂര്‍ സവര്‍ണ, ഹിന്ദുത്വ വടക്കന്‍ കാറ്റില്‍ അഭിരമിച്ചിരിക്കുകയാണ് | എസ്. അജയകുമാര്‍

ജാസിം മൊയ്തീന്‍

എസ്. അജയകുമാര്‍

കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കുന്ന ജാതി വിവേചനവുമായി ബന്ധപ്പെട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷനും സിനിമ സംവിധായകനുമായ അടൂര്‍ ഗോപാലകൃഷണന്‍ തുടര്‍ച്ചയായി നടത്തിക്കൊണ്ടിരിക്കുന്ന ജാതി അധിക്ഷേപങ്ങളോടുള്ള പ്രതികരണം?

രാജ്യത്ത് ആര്‍.എസ്.എസിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഹിന്ദുത്വ, പൗരോഹിത്യ, സവര്‍ണ ബോധത്തിന്റെ വടക്കന്‍ കാറ്റ് കേരളത്തില്‍ ചിലരെയും ബാധിച്ചിട്ടുണ്ട്. ആ വടക്കന്‍ കാറ്റില്‍ അഭിരമിക്കുന്ന ചിലര്‍ കേരളത്തിലെ മധ്യവര്‍ഗത്തിനിടയിലുമുണ്ട്. അതില്‍ സവര്‍ണ വിഭാഗക്കാര്‍ മാത്രമല്ല, സാംസ്‌കാരിക രംഗത്തുള്ളവരും സിനിമ മേഖലയിലുള്ളവരും ഉദ്യോഗസ്ഥരുമുണ്ട്.

അത്തരത്തിലുള്ളൊരു സവര്‍ണ ഹിന്ദുത്വ ബോധം അടൂരിനെയും ബാധിച്ചിട്ടുണ്ട്. ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹനും ഈ വടക്കന്‍ കാറ്റില്‍ അഭിരമിച്ചിരിക്കുകയാണ്. ഈ ബോധത്തെയാണ് എതിര്‍ക്കേണ്ടത്. അല്ലാതെ അടൂരിന്റെ സിനിമകളെയല്ല. സിനിമയില്‍ അദ്ദേഹം വളരെ നല്ല രീതിയില്‍ രാഷ്ട്രീയം പറഞ്ഞിട്ടുണ്ട്. അതില്‍ ആര്‍ക്കും സംശയമൊന്നുമില്ല. മികച്ച സിനിമകള്‍ തന്നെയാണ് അദ്ദേഹം നല്‍കിയിട്ടുള്ളത്. എന്നാല്‍ അദ്ദേഹം പണ്ട് എന്ത് ചെയ്തു എന്നതും സിനിമകളില്‍ എന്ത് ചെയ്തു എന്നതൊന്നുമല്ല ഇപ്പോഴത്തെ വിഷയം. ഇപ്പോള്‍ അദ്ദേഹം എന്ത് ചെയ്യുന്നു എന്നും എന്ത് നിലപാടെടുക്കുന്നു എന്നതുമാണ്. നിലവിലെ സാഹചര്യത്തില്‍ അദ്ദേഹം ചെയ്തു കൊണ്ടിരിക്കുന്നത് കേരളത്തിന്റെ നവോത്ഥാന സാമൂഹ്യ പരിഷ്‌കരണ മുന്നേറ്റങ്ങളെയെല്ലാം തകിടം മറിക്കുന്ന പ്രവര്‍ത്തനമാണ്. പൗരോഹിത്യ സ്വത്വവാദ രാഷ്ട്രീയക്കാര്‍ക്ക് സൗകര്യമൊരുക്കിക്കൊടുക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. അതിനെ ഒരു തരത്തിലും അംഗീകരിക്കാനാകില്ല.

മുഖ്യമന്ത്രിയും അടൂര്‍ ഗോപാലകൃഷണനും ദേശാഭിമാനിയുടെ വാര്‍ഷികാഘോഷത്തില്‍. ചിത്രത്തിന് കടപ്പാട് ദേശാഭിമാനി

ഈ വിവാദങ്ങളെല്ലാം നടക്കുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അടൂരിനെ പ്രശംസിച്ചു കൊണ്ട് പൊതുവേദിയില്‍ പ്രസംഗിച്ചത്. സര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള അന്വേഷണത്തെ ഇത് ബാധിക്കുമോ?

മുഖ്യമന്ത്രി സംസാരിച്ചത് അടൂരിന്റെ സിനിമകളെ കുറിച്ചാണ്. അടൂര്‍ സിനിമക്ക് നല്‍കിയ സംഭാവനകളെ കുറിച്ചാണ്.സിനിമയിലുള്ള അദ്ദേഹത്തിന്റെ സംഭാവനകളെല്ലാം ഗംഭീരമാണ്. അതില്‍ ആര്‍ക്കും തര്‍ക്കവുമില്ല. അതു മാത്രമാണ് ഇന്നലെ മുഖ്യമന്ത്രിയും പറഞ്ഞിട്ടുള്ളത്. മാത്രവുമല്ല മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരാണല്ലോ അദ്ദേഹത്തിനെതിരെ അന്വേഷണം പ്രഖ്യാപിച്ചിട്ടുള്ളത്. അന്വേഷണം അതിന്റെ വഴിക്ക് മുന്നോട്ടുപോകുന്നുണ്ട്.

അതിനെല്ലാം പുറമെ സി.പി.ഐ.എമ്മുമായി ബന്ധപ്പെട്ട് കിടക്കുന്ന സംഘടനയാണ് പട്ടിക ജാതി ക്ഷേമ സമിതി. ആ സംഘടയാണ് ആദ്യമായി കെ.ആര്‍.നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിഷയത്തില്‍ ഇടപെട്ടിട്ടുള്ളത്. അവിടെ ആദ്യമായി സമരം നടത്തിയതും പി.കെ.എസ്. ആണ്. അല്ലാതെ സണ്ണി എം. കപ്പിക്കാടും കൂട്ടരുമല്ല. പി.കെ.എസ് എല്ലാ ദളിത് പ്രശ്‌നങ്ങളിലും ഇടപെടുന്ന സംഘടനയാണ്. കോട്ടയം മെഡിക്കല്‍ കോളേജിലുണ്ടായ വിഷയത്തിലും ആദ്യം ഇടപെട്ടത് പി.കെ.എസ്. ആണ്. ഈ രണ്ട് വിഷയങ്ങളിലും സര്‍ക്കാറിന്റെ ഭാഗമായി എസ്.സി, എസ്.ടി കമ്മീഷനും ഇടപെട്ടിട്ടുണ്ട്.

അടൂര്‍ ഗോപാലകൃഷ്ണന്‍

ഈ വിഷയവുമായി ബന്ധപ്പെട്ട് സൂപ്പര്‍ സ്റ്റാറുകളടക്കമുള്ള സിനിമ താരങ്ങളില്‍ നിന്നുള്ള മൗനത്തെ എങ്ങനെയാണ് നോക്കിക്കാണുന്നത്.

സിനിമ താരങ്ങള്‍ക്കെല്ലാം സ്ഥാപിതവും വ്യക്തിപരവുമായ താത്പര്യങ്ങളുണ്ട്. സൂപ്പര്‍ സ്റ്റാറുകളെന്നൊക്കെ വിളിക്കുന്നവര്‍ക്ക് ഫാന്‍സ് അസോസിയേഷനും മറ്റ് വിവിധ ഘടങ്ങളെയുമെല്ലാം തൃപ്തിപ്പെടുത്തേണ്ടതുണ്ട്. അതിനു വേണ്ടിയുള്ള വ്യക്തിപരവും സ്ഥാപിതവുമായ താത്പര്യമങ്ങളുമുണ്ട്. അതില്‍ ഇടിച്ചിലുണ്ടാകുമോ എന്ന് ഭയന്നാണ് അവര്‍ ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ മടിക്കുന്നത്. മാത്രമല്ല അവരെന്ത് പറയുന്നു എന്നതൊന്നും കേരളീയ ജനത ചിന്തിക്കുന്നില്ല.

അല്ലെങ്കിലും കേരളത്തെ ഇങ്ങനെയാക്കുന്നതില്‍ സിനിമാക്കാര്‍ക്ക് എന്ത് പങ്കാണുള്ളത്? സൂപ്പര്‍ സ്റ്റാറുകള്‍ക്ക് എന്ത് പങ്കാണുള്ളത്? കേരളത്തെ ഇങ്ങനെയാക്കിയതില്‍ വലിയ പങ്കുള്ളത് അയ്യങ്കാളിക്കും വാഗ്ഭടാനന്ദനും നാരായണ ഗുരുവിനും വൈകുണ്ഡസാമികള്‍ക്കുമൊക്കെയാണ്. തുടര്‍ന്ന് കേളപ്പജിയും കൃഷ്ണപ്പിള്ളയും എ.കെ.ജിയുമൊക്കെയാണ് കേരളത്തെ ഇന്നത്തെ കേരളമാക്കിയത്. അല്ലാതെ സൂപ്പര്‍ സ്റ്റാറുകളും സിനിമക്കാരുമല്ല. അവര്‍ സ്വയം സ്വത്ത് സമ്പാദിക്കുക എന്നല്ലാതെ എന്താണ് ചെയ്തിട്ടുള്ളത്. പക്ഷെ ഒരു കാര്യം ഞാന്‍ തീര്‍ച്ചയായും പറയുന്നു. ദളിത് പ്രശ്‌നങ്ങളെ അഡ്രസ്സ് ചെയ്തു കൊണ്ടല്ലാതെ രാജ്യത്തെ ഒരു മനുഷ്യനും ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും സന്നദ്ധ സംഘടനകള്‍ക്കും ഇനി മുന്നോട്ട് പോകാന്‍ കഴിയില്ല. പ്രത്യേകിച്ച് കേരളത്തില്‍.

CONTENT HIGHLIGHT : Interview with S.Ajayakumar about Adoor Gopalakrishnan the problems in KR Narayanan Institute.

ജാസിം മൊയ്തീന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍

We use cookies to give you the best possible experience. Learn more