India
പഠിക്കാൻ വിദ്യാർത്ഥികളില്ല; 24 വർഷങ്ങൾക്ക് ശേഷം ജേർണലിസം കോഴ്സുകൾ അവസാനിപ്പിച്ച് ഐ.ഐ.ജെ.എൻ.എം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Jun 15, 05:50 am
Saturday, 15th June 2024, 11:20 am

ബെംഗളൂരു: മാധ്യമപ്രവർത്തനം പഠിക്കാൻ വിദ്യാർഥികളില്ലെന്ന് ചൂണ്ടിക്കാട്ടി ജേർണലിസം കോഴ്സ് അവസാനിപ്പിക്കാൻ തീരുമാനിച്ച് ബംഗളുരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസം ആൻഡ് ന്യൂ മീഡിയ. കോഴ്സിൽ ചേരാൻ വിദ്യാർത്ഥികളില്ലാത്ത സാഹചര്യത്തിലാണ് ഇന്ത്യയിലെ പ്രമുഖ ജേർണലിസം ഇൻസ്റ്റിറ്റിറ്റ്യൂട്ടുകളിലൊന്നായ ഐ.ഐ.ജെ.എൻ.എം ഈ നിർണായക പ്രഖ്യാപനം നടത്തിയത്.

കഴിഞ്ഞ 24 വർഷക്കാലമായി രാജ്യത്തെ ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടുകളിൽ മുൻനിരയിൽ ഉണ്ടായിരുന്ന സ്ഥാപനമാണ് ഐ.ഐ.ജെ .എം. 2024-25 അധ്യായന വർഷത്തിലേക്ക് പ്രവേശനത്തിന് അപേക്ഷിച്ച വിദ്യാർത്ഥികൾക്ക് പണം തിരികെ നൽകുമെന്നും സ്ഥാപനം പറഞ്ഞു. അതിനായി വിദ്യാർത്ഥികളുടെ ബാങ്ക് വിവരങ്ങൾ ഇമെയിൽ വഴി ആവശ്യപ്പെട്ടിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.

വാർത്ത അംഗീകരിച്ച് ഐ.ഐ.ജെ.എൻ.എം ന്റെ ഡീൻ കാഞ്ചൻ കൗർ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ‘അതേ 24 വർഷം പാരമ്പര്യമുള്ള ഐ.ഐ.ജെ.എം.എൻ ജേർണലിസം കോഴ്സുകൾ ഞങ്ങൾ അവസാനിപ്പിക്കുകയാണ്. ഞങ്ങൾ പ്രതീക്ഷിച്ച അത്രയും വിദ്യാർത്ഥികൾ ഈ വർഷം അപേക്ഷ നൽകിയിട്ടില്ല. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത് വളരെ കുറവാണ്. അതുകൊണ്ട് ഞങ്ങൾ ഈ കോഴ്സ് നിർത്താൻ തീരുമാനിച്ചിരിക്കുകയാണ്,’ കൗർ പറഞ്ഞു.

വിദ്യാർത്ഥികൾക്ക് ബുദ്ധിമുട്ടുണ്ടാകുമെങ്കിലും മറ്റ് മാർഗങ്ങളില്ലാത്തതിനാലാണ് ഇത്തരമൊരു നടപടിയെടുക്കുന്നതെന്നും ഐ.ഐ.ജെ.എൻ.എം വ്യക്തമാക്കി. പത്ത് ദിവസത്തിനുള്ളിൽ വിദ്യാർത്ഥികളുടെ പണം മടക്കി നൽകുമെന്നും സ്ഥാപനം പറഞ്ഞു. സ്ഥാപനത്തിന് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാവാതിരിക്കാൻ വേണ്ടിയാണ് ഇപ്പോൾ കോഴ്സുകൾ നിർത്തുന്നതെന്ന് ഐ.ഐ.ജെ.എൻ.എം കൂട്ടിച്ചേർത്തു.

പ്രിന്റ് ജേർണലിസം, ബ്രോഡ്‌കാസ്റ്റ് ജേർണലിസം, ഓൺലൈൻ മൾട്ടിമീഡിയ ജേർണലിസം എന്നിവയുടെ പി.ജി. ഡിപ്ലോമയായിരുന്നു  ഐ.ഐ.ജെ.എൻ.എം നൽകിയിരുന്നത്.

കഴിഞ്ഞ വർഷം ബംഗളുരുവിലെ മറ്റൊരു പ്രശസ്തമായ ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ട് ആയ കോൺവെർജിൻസ്‌ ഓഫ് മീഡിയ മൾട്ടീമീഡിയ ഇൻഫർമേഷൻ ടെക്നോളജി എന്ന സ്ഥാപനവും വിദ്യാർത്ഥികളുടെ എണ്ണം കുറവായതിനാൽ പ്രവർത്തനം നിർത്താൻ തീരുമാനിച്ചിരുന്നു.

 

Content Highlight: IIJNM closes door for admission after 24 years