| Wednesday, 2nd March 2016, 11:13 am

സര്‍വീസ് ചട്ടം ലംഘിച്ച ഉദ്യോഗസ്ഥനെ ഐ.എച്ച്.ആര്‍.ഡി ഡയരക്ടറായി നിയമിച്ചത് വിവാദത്തില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഐ.എച്ച്.ആര്‍.ഡി ഡയരക്ടര്‍ നിയമനം വിവാദത്തില്‍. സര്‍വീസ് ചട്ടം ലംഘിച്ച ഉദ്യോഗസ്ഥനെ ഐ.എച്ച്.ആര്‍.ഡി ഡയരക്ടറായി നിയമിച്ചതാണ് വിവാദത്തിലായത്.

ഐ.എച്ച്.ആര്‍.ഡി അഡീഷനല്‍ ഡയറക്ടറും ചേര്‍ത്തല കോളജ് ഓഫ് എന്‍ജിനീയറിങ് പ്രിന്‍സിപ്പലുമായ ഡോ. പി.സുരേഷ്‌കുമാറിനെയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഐ.എച്ച്.ആര്‍.ഡി ഡയരക്ടറായി  നിയമിച്ചത്.

ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ വന്ന ഉടന്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ മകന്‍ വി.എ. അരുണ്‍കുമാറിനെതിരായ അന്വേഷണത്തിന്റെ ഭാഗമായി അന്നത്തെ ഡയറക്ടര്‍ വി. സുബ്രഹ്മണിയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

അന്നുമുതല്‍ ഒഴിഞ്ഞുകിടക്കുന്ന തസ്തികയിലാണ് അയോഗ്യനെന്ന് നിയമസഭാ സമിതി ഉള്‍പ്പെടെ കണ്ടത്തെിയയാളെ നിയമിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസ് പോലും അറിയാതെയാണ് നിയമനം നടത്തിയതെന്നും ആരോപണമുണ്ട്. എന്നാല്‍ വിദ്യാഭ്യാസ മന്ത്രിയുടെ ഒത്താശയും നിയമനത്തിന് പിന്നിലുണ്ടെന്നാണ് അറിയുന്നത്.

സര്‍വീസ് ചട്ടം ലംഘിച്ച ഉദ്യോഗസ്ഥനെ ഐ.എച്ച്.ആര്‍.ഡി ഡയരക്ടറായി നിയമിച്ചതിനെതിരെ ശക്തമായ പ്രതിഷേധവും ഐ.എച്ച്.ആര്‍.ഡിയില്‍ നടക്കുന്നുണ്ട്.

കേന്ദ്ര അഡ്മിനിസ്‌ട്രേറ്റിവ് സര്‍വിസില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ തസ്തികയിലുള്ള ഏഴ് യോഗ്യരായ ഉദ്യോഗാര്‍ഥികളെ തഴഞ്ഞാണ് ഈ നിയമനം നടന്നത്.

ഇദ്ദേഹത്തിനുവേണ്ടി പ്രായപരിധിയില്‍വരെ മാറ്റം വരുത്തിയതായും ആരോപണം ഉയര്‍ന്നിരുന്നു. കേരളത്തിന് പുറത്തുനിന്ന് എന്‍ജിനീയറിങ് ബിരുദം നേടിയ ഇദ്ദേഹത്തിന് തുല്യതാ സര്‍ട്ടിഫിക്കറ്റും ഹാജരാക്കാനായിട്ടില്ല.

വിജിലന്‍സ് അന്വേഷണം നേരിടുന്ന സാഹചര്യത്തില്‍  ഡയറക്ടര്‍ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ സുരേഷ്‌കുമാറിന് പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് അനുവദിച്ചിരുന്നില്ല.

എന്നാല്‍, ഉന്നത വിദ്യാഭ്യാസ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ ശിപാര്‍ശ പ്രകാരം കഴിഞ്ഞ 22നാണ് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് അനുവദിച്ചത്.

സര്‍ട്ടിഫിക്കറ്റില്ലാതെ സമര്‍പ്പിച്ച അപേക്ഷ ചട്ടപ്രകാരം തള്ളേണ്ടതായിരുന്നു. എന്നാല്‍ അതുണ്ടായില്ലെന്ന് മാത്രമല്ല പിന്നീട് കൊണ്ടുവന്ന സര്‍ട്ടിഫിക്കറ്റ് അടിസ്ഥാനത്തില്‍ 26ന് നടന്ന ഇന്റര്‍വ്യൂവിന് വിളിക്കുകയും 29നുതന്നെ നിയമന ഉത്തരവ് നല്‍കുകയുമായിരുന്നു.

2006 നവംബര്‍ വരെ അസി. പ്രഫസര്‍ തസ്തികയില്‍ ജോലി ചെയ്ത സുരേഷ്‌കുമാര്‍ 2010 ഒക്‌ടോബര്‍ ആയപ്പോഴേക്കും നിലവിലുള്ള നിയമങ്ങള്‍ മാറ്റിമറിച്ച് പ്രഫസര്‍, പ്രിന്‍സിപ്പല്‍, അഡീഷണല്‍ ഡയറക്ടര്‍ തസ്തികകളിലേക്ക് മൂന്നു പ്രമോഷനുകള്‍ നേടിയതിനു പിന്നില്‍ ദുരുഹതയുണ്ടെന്നാണ് നിയമസഭാ കമ്മിറ്റിയുടെ കണ്ടെത്തല്‍.

1990 മുതല്‍ 2006 വരെയുള്ള പതിനാറ് വര്‍ഷത്തിനുള്ളില്‍ ഒരു പ്രമോഷനും ഒരു തസ്തിക മാറ്റവും മാത്രം ലഭിച്ച സുരേഷിന് തുടര്‍ന്നുള്ള നാലു വര്‍ഷത്തിനുള്ളില്‍ ലഭിച്ചതു മൂന്നു പ്രമോഷനുകളാണ്. നിയമപ്രകാരം പ്രിന്‍സിപ്പല്‍, അഡീഷണല്‍ ഡയറക്ടര്‍ തസ്തികകളില്‍ നിയമനം ലഭിക്കാന്‍ സുരേഷിന് യോഗ്യതയുണ്ടായിരുന്നില്ല.
എന്നാല്‍ ഭരണസമിതികളായ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലും ഗവേണിങ് ബോഡിയിലും ഇതിനായി സുരേഷ് അവിഹിത മാര്‍ഗത്തിലൂടെ സ്വാധീനം ചെലുത്തിയതായി ജീവനക്കാര്‍ ആരോപിക്കുന്നു.

അഡീഷണല്‍ ഡയറക്ടര്‍, പ്രിന്‍സിപ്പല്‍ തുടങ്ങിയ പദവികള്‍ ഉപയോഗിച്ച് 2006 മുതല്‍ 2011 വരെയുള്ള കാലഘട്ടത്തില്‍ സുരേഷ്‌കുമാര്‍ നിയമനങ്ങളിലും പ്രമോഷനുകളിലും ചില അനധികൃത ഇടപെടലുകള്‍ നടത്തിയതായി നേരത്തെ കണ്ടെത്തിയിരുന്നു.

We use cookies to give you the best possible experience. Learn more