| Saturday, 7th December 2013, 10:27 am

ഐ.എച്ച്.ആര്‍.ഡി നിയമന വിവാദം: വി.എ അരുണ്‍കുമാറിനെതിരെ വിജിലന്‍സ് റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]തിരുവനന്തപുരം: നിയമനവിവാദത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ മകന്‍ വി.എ അരുണ്‍കുമാറിനെതിരെ വിജിലന്‍സ് റിപ്പോര്‍ട്ട്.

അരുണ്‍ കുമാര്‍ ചട്ടലംഘനം നടത്തിയതായി വിജിലന്‍സ് കണ്ടെത്തിയതായാണ് സൂചന. അരുണ്‍ കുമാറിനെതിരെ കേസെടുക്കണമെന്ന് വിജിലന്‍സ് അറിയിച്ചിട്ടുണ്ട്.

നേരത്തെ വി.ഡി സതീശന്‍ അധ്യക്ഷനായ നിയമസഭാ കമ്മറ്റി ആരോപണങ്ങള്‍ അന്വേഷിക്കുകയും നിയമനത്തില്‍ ക്രമക്കേടുണ്ടെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് കേസ് വിജിലന്‍സ് അന്വേഷണത്തിന് വിട്ടത്.

വിജിലന്‍സിന്റെ സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗമാണ് കേസ് അന്വേഷിച്ചത്.

അരുണ്‍കുമാറിന്റെ ഐ.എച്ച്.ആര്‍.ഡി നിയമനത്തിലും സ്ഥാനക്കയറ്റത്തിലും ക്രമക്കേടുണ്ടെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

ഏതാണ്ട് ഒന്നരവര്‍ഷം നീണ്ടുനിന്ന അന്വേഷണത്തിന് ശേഷമാണ് വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. അരുണിന്റെ ഐ.എച്ച്.ആര്‍.ഡിയിലെ നിയമനം അനധികൃതമായിട്ടായിരുന്നെന്ന് വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്.

കൃത്രിമമായി രേഖകള്‍ ഉണ്ടാക്കിയാണ് അരുണ്‍ നിയമനം നേടിയത്. നിയമനത്തിനാവശ്യമായ അധ്യാപന പ്രവര്‍ത്തി പരിചയം അരുണ്‍കുമാറിന് ഇല്ലായിരുന്നുവെന്നും ഇതുണ്ടെന്ന് കാണിക്കുന്നതിനായി വ്യാജപ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയെന്നുമാണ് വിജിലന്‍സിന്റെ കണ്ടെത്തലെന്നാണ് സൂചന.

ഐ.എച്ച്.ആര്‍.ഡി യില്‍ ഒരു അഡീഷണല്‍ ഡയറക്ടര്‍ തസ്തിക മാത്രമായിരുന്നു ഉള്ളതെന്നും എന്നാല്‍ അരുണിന് വേണ്ടി മാത്രം മൂന്ന് തസ്തികകള്‍ സൃഷ്ടിക്കുകയായിരുന്നുവെന്നും വിജിലന്‍സ് കണ്ടെത്തിയതായാണ് സൂചന.

ഇതിനായി കട്ടപ്പനയിലെ ഒരു കോളജിന്റെ പ്രിന്‍സിപ്പലായി അരുണിനെ നിയമിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വി.എസ് മുഖ്യമന്ത്രിയായിരിക്കെയാണ് അരുണ്‍ കുമാര്‍ ഐ.എച്ച്.ആര്‍.ഡിയുടെ തലപ്പത്ത് എത്തുന്നത്.

ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതാവായിരിക്കെ ഉന്നയിച്ച പതിനൊന്ന് ആരോപണങ്ങളില്‍മേലാണ് വിജിലന്‍സ് അരുണ്‍കുമാറിനെതിരെ അന്വേഷണം നടത്തുന്നത്.

ഉമ്മന്‍ചാണ്ടി നല്‍കിയ പരാതി അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ലോകായുക്തയ്ക്ക് കൈമാറിയിരുന്നു. എന്നാല്‍ പിന്നീട് യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ അന്വേഷണം വിജിലന്‍സിന് വിടാന്‍ തീരുമാനിക്കുകയായിരുന്നു.

ഐ.സി.ടി അക്കാദമി സ്ഥാനത്തേക്കുള്ള നിയമനം, അഡീഷണല്‍ സ്ഥാനത്തേക്കുള്ള നിയമനം, ക്രമവിരുദ്ധമായ സ്ഥാനക്കയറ്റം തുടങ്ങിയ ആരോപണങ്ങളിലായിരുന്നു വിജിലന്‍സ് അന്വേഷണം നടത്തിയത്.

We use cookies to give you the best possible experience. Learn more