ലണ്ടന്‍: 2025ലെ ഹോളോകോസ്റ്റ് സ്മരണ ദിന അനുസ്മരണങ്ങള്‍ ബഹിഷ്‌ക്കനൊരുങ്ങി ദി ഇസ്‌ലാമിക് ഹ്യൂമന്‍ റൈറ്റ്‌സ് കമ്മീഷന്‍ (ഐ.എച്ച്.ആര്‍.സി).
അനുസ്മരണങ്ങളില്‍ ഫലസ്തീനികള്‍ക്ക് നേരെയുള്ള ഇസ്രഈല്‍ വംശഹത്യക്കെതിരായ പരിപാടികള്‍ സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ പിന്തുണയുള്ള ചാരിറ്റി സംഘടന വിസമ്മതിച്ചതോടെയാണ് തീരുമാനം.
യു.കെ സര്‍ക്കാരിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന എച്ച്.എം.ഡി ട്രസ്റ്റാണ് ഇസ്രഈലിനെതിരായ പരിപാടികള്‍ ഉള്‍പ്പെടുത്തുന്നത് വിസമ്മതിച്ചത്. ഇസ്രഈല്‍ അതിക്രമങ്ങളെ അവഗണിക്കുന്ന ട്രസ്റ്റിയുടെ നീക്കം സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തന്നെ വിരുദ്ധമാണെന്ന് ഐ.എച്ച്.ആര്‍.സി ചൂണ്ടിക്കാട്ടി.
ട്രസ്റ്റിയുടെ നീക്കത്തെ വിമര്‍ശിച്ചുകൊണ്ട് യു.കെയിലെ 460 കൗണ്‍സിലര്‍മാര്‍ക്ക് ഐ.എച്ച്.ആര്‍.സി പ്രസിഡന്റ് മസൂദ് ഷഡ്ജാരെ കത്തയക്കുകയും ചെയ്തു. നാസി ഹോളോകോസ്റ്റിന്റെ ദുരുപയോഗം വഴി ഫലസ്തീനിലെ വംശഹത്യ നിയമവിധേയമാക്കാന്‍ സമൂഹം അനുവദിക്കില്ലെന്ന് ഷഡ്ജാരെ പറഞ്ഞു.
ഹോളോകോസ്റ്റുകള്‍ക്ക് പ്രത്യേകം പരിഗണനകളോ ഉയര്‍ച്ചതാഴ്ചകളോ ഇല്ലെന്നും ഐ.എച്ച്.ആര്‍.സി കൂട്ടിച്ചേര്‍ത്തു. ‘ഇനി ഒരിക്കലും’ എന്ന ട്രസ്റ്റിന്റെ മുദ്രാവാക്യം ഒരു നുണയാണെന്നാണ് ഈ കാലഘട്ടത്തില്‍ തുടരുന്ന യഥാര്‍ത്ഥ വംശഹത്യയെ അവഗണിച്ചതിലൂടെ പുറത്തുവന്നതെന്നും ഐ.എച്ച്.ആര്‍.സി പറഞ്ഞു.
വംശഹത്യ എപ്പോഴും വിഭിന്നവും വെറുപ്പുളവാക്കുന്നതാണെന്നും സംഘടന ചൂണ്ടിക്കാട്ടി. വംശഹത്യകൾ തടയണം എന്ന ലക്ഷ്യത്തോടെയാണ് ഹോളോകോസ്റ്റ് ദിനാചരണം നടത്തുന്നതെന്നും ഐ.എച്ച്.ആര്‍.സി വ്യക്തമാക്കി.
2001ല്‍ യു.കെ സര്‍ക്കാരിന്റെ ധനസഹായത്തോടെ സ്ഥാപിച്ച ചാരിറ്റിയാണ് എച്ച്.എം.ഡി ട്രസ്റ്റ്. എല്ലാ വര്‍ഷങ്ങളുടെയും തുടക്കത്തില്‍ ഹോളോകോസ്റ്റിന്റെ അടയാളപ്പെടുത്തലുകള്‍ എന്ന നിലയില്‍ രാജ്യത്തുടനീളമുള്ള സ്‌കൂളുകള്‍, സര്‍വകലാശാലകള്‍, ജയിലുകള്‍ എന്നിവിടങ്ങളില്‍ ട്രസ്റ്റ് പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്.
നിലവിലെ കണക്കുകള്‍ പ്രകാരം, 45,059 ഫലസ്തീനികള്‍ ഇസ്രഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 107,041ത്തിലധികം ഫലസ്തീനികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
Content Highlight: IHRC to boycott Holocaust commemorations in 2025