ഫാദര്‍ കുര്യാക്കോസ് കാട്ടുതറയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്; പഞ്ചാബ് പൊലീസില്‍ വിശ്വാസമില്ലെന്ന് സഹോദരന്‍
Kuriakose Kattuthara's Death
ഫാദര്‍ കുര്യാക്കോസ് കാട്ടുതറയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്; പഞ്ചാബ് പൊലീസില്‍ വിശ്വാസമില്ലെന്ന് സഹോദരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 23rd October 2018, 8:31 am

ജലന്ധര്‍: പഞ്ചാബ് പൊലീസില്‍ വിശ്വാസമില്ലെന്ന് ഫാദര്‍ കുര്യക്കോസ് കാട്ടുതറയുടെ സഹോദരന്‍. മൃതദേഹം ആലപ്പുഴയില്‍ കൊണ്ടുവന്ന് സംസ്‌ക്കരിക്കണമെന്നായിരുന്നു ആവശ്യമെന്നും സഹോദരന്‍ പറഞ്ഞു.

ഫാദര്‍ കുര്യാക്കോസ് കാട്ടുതറയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. വൈദീകന്റെ ബന്ധുക്കള്‍ മരണം നടന്ന ദസൂയയില്‍ എത്തിയ ശേഷമായിരിക്കും നടപടികള്‍. മരണത്തില്‍ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ ആരോപണത്തെ തുടര്‍ന്നാണ് പൊലീസ് പോസ്റ്റ്‌മോര്‍ട്ടം മാറ്റിവെച്ചത്.

വൈദികന്റെ മരണത്തില്‍ നിലവില്‍ അസ്വഭാവികതയില്ലെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്ന ശേഷം ഗൗരവമുണ്ടെങ്കില്‍ അന്വേഷണം നടത്താമെന്നുമാണ് പഞ്ചാബ് പൊലീസിന്റെ നിലപാട്.

ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ നിലപാടെടുക്കുകയും പത്രസമ്മേളനം നടത്തുകയും ചെയ്ത പൂച്ചാക്കല്‍ പള്ളിപ്പുറം സ്വദേശി ഫാ. കുര്യാക്കോസ് കാട്ടുതറയെ ദൗസയിലെ പള്ളിമുറിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നത്. കട്ടിലില്‍ ഛര്‍ദ്ദിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹത്തിന് സമീപത്തുനിന്ന് രക്തസമ്മര്‍ദ്ദത്തിന്റെ ഗുളികളും പൊലീസ് കണ്ടെടുത്തിരുന്നു.

മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുര്യാക്കോസ് കാട്ടുതറയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഫ്രാങ്കോമുളയ്ക്കല്‍ അദ്ദേഹത്തെ നിരന്തരം പീഡിപ്പിച്ചിരുന്നു എന്നും വൈദികന്റെ
വാഹനവും വീടും നേരത്തെ ആക്രമിച്ചതിന് പിന്നില്‍ ബിഷപ്പാണെന്നും ബന്ധുക്കള്‍ പറഞ്ഞിരുന്നു.