ഏഷ്യന്‍ ഗെയിംസിന് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനെ അയക്കാന്‍ കേന്ദ്രാനുമതി ലഭിച്ചതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞ് പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്. കായികമന്ത്രി അനുരാഗ് താക്കൂര്‍, ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ഷാജി പ്രഭാകരന്‍, പ്രസിഡന്റ് കല്യാണ്‍ ചൗബേ എന്നിവര്‍ക്കും ഇന്ത്യന്‍ കോച്ച് നന്ദിയറിയിച്ചു.
ഫുട്‌ബോളിനെ പിന്തുണച്ച് കൊണ്ട് തനിക്ക് ഒരുപാട് പേര്‍ മെസേജും ഇമെയിലും അയക്കാറുണ്ടെന്ന് സ്റ്റിമാച് പറഞ്ഞു. ‘താരങ്ങളില്‍ വിശ്വാസമുണ്ട്. നന്നായി പണിയെടുക്കേണ്ടതുണ്ട്. തായ്‌ലന്‍ഡില്‍ നടക്കുന്ന കിങ്‌സ് കപ്പ് ഇതിനുള്ള തയ്യാറെടുപ്പായി കണക്കാക്കും’ സ്റ്റിമാച് പറഞ്ഞു.
ഏഷ്യന്‍ ഗെയിംസില്‍ പുരുഷ, വനിതാ ടീമുകളെ അയക്കാന്‍ കേന്ദ്രം അനുമതി നല്‍കിയിട്ടുണ്ട്. ഗെയിംസിന് ടീമിനെ അയക്കണമെന്ന ആവശ്യവുമായി കോച്ച് സ്റ്റിമാച് പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ഈ ആവശ്യം പരിഗണിച്ചാണ് കായിക മന്ത്രാലയത്തിന്റെ നടപടി. കായികമന്ത്രി അനുരാഗ് താക്കൂര്‍ ഇക്കാര്യം ട്വീറ്റ് ചെയ്തിട്ടുണ്ട്.
ഏഷ്യയിലെ മികച്ച എട്ട് ടീമുകളില്‍ ഒന്നാണെങ്കില്‍ മാത്രമെ ഏത് ഇനമായാലും ഏഷ്യന്‍ ഗെയിംസിന് അയക്കേണ്ടതുള്ളൂ എന്നാണ് കായിക മന്ത്രാലയത്തിന്റെ മാനദണ്ഡം. ഇതില്‍ വരാത്തതിനാല്‍ ആണ് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന് തുടര്‍ച്ചയായി രണ്ടാം തവണയും ഏഷ്യന്‍ ഗെയിംസ് നഷ്ടമാകുന്ന സ്ഥിതി വന്നത്. ഈ മാനദണ്ഡം മാറ്റിനിര്‍ത്തിയാണ് കേന്ദ്ര സര്‍ക്കാര്‍ ടീമിന് ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയത്.
‘ബഹുമാനപ്പെട്ട പ്രധാനമന്ത്രിയോട് ഒരു എളിയ അഭ്യര്‍ത്ഥന, ദയവായി ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനെ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കാന്‍ അനുവദിക്കൂ. ഇന്ത്യയുടെ അഭിമാനത്തിനും ത്രിവര്‍ണ്ണ പതാകയ്ക്കും വേണ്ടി ഞങ്ങള്‍ക്ക് പോരാടണം, ജയ് ഹിന്ദ്.
യുവതാരങ്ങളെ കണ്ടെത്തുന്നതിന് സര്‍ക്കാര്‍ വന്‍ നിക്ഷേപവും നടത്തിയിട്ടുണ്ട്. ഈ പിന്തുണ തുടരുമെന്ന് പ്രതീക്ഷിക്കുന്നു,’ മോദിക്ക് എഴുതിയ കത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് ഇഗോര്‍ സ്റ്റിമാക് ട്വിറ്ററില്‍ കുറിച്ചു.