| Thursday, 6th July 2023, 6:31 pm

'നന്നായി മകനേ, ഇങ്ങനെയാണ് ഇന്ത്യന്‍ ഫുട്‌ബോളിനെ വളര്‍ത്തേണ്ടത്'; ആഷിഖിന് പിന്തുണയുമായി ഇന്ത്യന്‍ കോച്ച്

സ്പോര്‍ട്സ് ഡെസ്‌ക്

അര്‍ജന്റീനയെ പോലുള്ള വന്‍കിട രാജ്യങ്ങളെ ഇന്ത്യയില്‍ കളിപ്പിക്കുകയല്ല വേണ്ടതെന്നും കായിക രംഗത്തിന്റെ അടിസ്ഥാന വികസനത്തിലാണ് കേരളം ശ്രദ്ധിക്കേണ്ടതെന്നുമുള്ള മലയാളി ഫുട്‌ബോള്‍ താരം ആഷിഖ് കുരുണിയന്റെ അഭിപ്രായത്തെ പിന്തുണച്ച് ഇന്ത്യന്‍ കോച്ച് ഇഗോര്‍ സ്റ്റിമാക്.

‘ഇന്ത്യന്‍ ഫുട്‌ബോള്‍ വി.സി’ എന്ന ട്വിറ്റര്‍ പേജില്‍ വന്ന ആഷിഖ് കുരുണിയന്റെ വാര്‍ത്തക്ക് താഴെയാണ് സ്റ്റിമാച് തന്റെ അഭിപ്രായം കുറിച്ചത്. വലിയ രാജ്യങ്ങള്‍ ഇവിടെ 90 മിനിറ്റ് ഫുട്‌ബോള്‍ കളിക്കുന്നത് കൊണ്ട് മാത്രം ഇന്ത്യന്‍ ഫുട്‌ബോളിന് പുരോഗതി ഉണ്ടാകില്ലെന്ന് സ്റ്റിമാക് പറഞ്ഞു.

‘നന്നായി മകനേ, ഇങ്ങനെയാണ് ഇന്ത്യന്‍ ഫുട്‌ബോളിനെ നമ്മള്‍ വളര്‍ത്തേണ്ടത്. അല്ലാതെ വന്‍കിട രാജ്യങ്ങള്‍ക്ക് ഇവിടുത്തെ പിച്ചില്‍ 90 മിനിറ്റ് കളിക്കാന്‍ അവസരം നല്‍കിയല്ല. അവരോടൊക്കെ വമ്പന്‍ ടൂര്‍ണമെന്റുകളിലൂടെ ഏറ്റുമുട്ടാനുള്ള അവസരവും സമയവും വൈകാതെ തന്നെ നമുക്ക് ലഭിക്കും,’ സ്റ്റിമാക് ട്വിറ്ററില്‍ കുറിച്ചു.

ആഷിഖിനെ പിന്തുണച്ചും എതിര്‍ത്തും നിരവധി പേരാണ് വാര്‍ത്തകള്‍ക്ക് താഴെ കമന്റുകളിടുന്നത്. അതിലൊരു ഫുട്‌ബോള്‍ ആരാധകന്റെ അഭിപ്രായവും ഇതോടൊപ്പം ശ്രദ്ധ നേടുന്നുണ്ട്.

‘വലിയ ടീമുകള്‍ ഇവിടെ വന്ന് കളിക്കാന്‍ 50 കോടി രൂപ ചെലവ് വരുന്നുണ്ടെങ്കില്‍ അതിലും ഇരട്ടി തുക നിക്ഷേപമായും സ്‌പോണ്‍സര്‍ഷിപ്പായും മറ്റു മാര്‍ഗങ്ങളിലൂടെയും സ്വരൂപിക്കാനായാലോ? അതിലൂടെയും ഫുട്‌ബോളിന്റെ അടിസ്ഥാന വികസനം സാധ്യമാകില്ലേ?

കായിക ഇനങ്ങളുടെ വളര്‍ച്ചയില്‍ പണത്തിനും നിര്‍ണായക സ്ഥാനമുണ്ടെന്ന് ക്രിക്കറ്റും കബഡിയും നമുക്ക് കാട്ടിത്തരുന്നില്ലേ,’ വേദാന്ത് ചോദിച്ചു. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന് 135 കോടി രൂപയുടെ ബജറ്റ് ഉണ്ടെങ്കില്‍, അതില്‍ 50 കോടി രൂപയെങ്കിലും ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഗ്രാസ്‌റൂട്ട് ലെവല്‍ വികസനത്തിന് ഉപയോഗിച്ച് കൂടേയെന്ന് മറ്റൊരു ആരാധകന്‍ ചോദിച്ചു.

ഡൂള്‍ന്യൂസിനെ ത്രെഡ്‌സില്‍ പിന്തുടരാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.

അതേസമയം, കേരളത്തിലെ സ്‌റ്റേഡിയങ്ങള്‍ ടൂര്‍ണമെന്റിനല്ലാതെ തുറക്കാറില്ലെന്നും രാജ്യാന്തര താരങ്ങള്‍ക്ക് പോലും പരിശീലനം നടത്താന്‍ ഗ്രൗണ്ടില്ലാത്ത അവസ്ഥയാണെന്നും ആഷിഖ് മീഡിയ വണിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

‘ഒരുപാട് ഐ.എസ്.എല്‍ കളിക്കാര്‍ എന്റെ നാടായ മലപ്പുറത്ത് ഉണ്ട്. അണ്ടര്‍ 19ല്‍ ഉള്‍പ്പെടെ ഇന്ത്യക്ക് വേണ്ടി കളിക്കുന്നവരും ഉണ്ട്. സെവന്‍സ് കളിക്കുന്ന ടര്‍ഫിലാണ് അതും വാടകക്ക് എടുത്ത് ഞങ്ങളൊക്കെ പ്രാക്ടീസ് ചെയ്യുന്നത്.

സെവന്‍സ് കളിക്കുന്ന ഗ്രൗണ്ടില്‍ പ്രാക്ടീസ് ചെയ്തിട്ട് ഒരു ഗുണവുമില്ല. ഫുട്‌ബോളിനെ വളര്‍ത്താനാണ് ലക്ഷ്യമിടുന്നെങ്കില്‍ ആദ്യം കളിക്കാര്‍ക്ക് വളര്‍ന്നുവരാനുള്ള സൗകര്യങ്ങളാണ് ഒരുക്കേണ്ടത്.

ഗ്രൗണ്ട് സൗകര്യമില്ലാത്തതിനാല്‍ ഇന്ത്യന്‍ കോച്ച് ഇഗോര്‍ സ്റ്റിമാക് ആവശ്യപ്പെട്ട പ്രകാരം ഓഫ് സീസണില്‍ നാട്ടില്‍ പോയി പരിശീലിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല. കേരളത്തിലെ എല്ലാ ജില്ലകളിലും അവസ്ഥ ഇതാണ്. പ്രാക്ടീസ് ചെയ്യാന്‍ പാകത്തില്‍ നിലവാരമുള്ള ഒരു ഗ്രൗണ്ടും എവിടെയുമില്ല.

ഒഡിഷയിലെ പരിശീലന ഗ്രൗണ്ടുകളൊക്കെ യൂറോപ്യന്‍ മാതൃകയിലാണ്. ഒരു കോമ്പൗണ്ടിനുള്ളില്‍ തന്നെ മൂന്നിലധികം ക്വാളിറ്റിയുള്ള മൈതാനങ്ങളുണ്ട്,’ ആഷിഖ് പറഞ്ഞു.

Content Highlights: igor stimac supports ashiq kuruniyan on argentina’s trip to india

We use cookies to give you the best possible experience. Learn more