| Monday, 17th July 2023, 5:06 pm

എംബാപ്പെയെ കുറിച്ചുള്ള പ്രസംഗം കൊള്ളാമായിരുന്നു; ഇന്ത്യയെ കൂടി ഒന്ന് പരിഗണിച്ചിരുന്നെങ്കില്‍; മോദിക്ക് തുറന്ന കത്ത്

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനെ പങ്കെടുപ്പിക്കേണ്ട എന്ന നിലപാട് മാറ്റണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അപേക്ഷിച്ച് പരിശീലകന്‍ ഇഗര്‍ സ്റ്റിമാച്ച്. ട്വിറ്ററിലെ തന്റെ ഒഫീഷ്യല്‍ അക്കൗണ്ടില്‍ ഒരു തുറന്ന കത്ത് പങ്കുവെച്ചുകൊണ്ടാണ് സ്റ്റിമാച്ച് മോദിയെ ആവശ്യം അറിയിച്ചത്.

ഇന്ത്യയെ സംബന്ധിച്ച് ഏഷ്യന്‍ ഗെയിംസ് ഒരു വലിയ വേദിയാണെന്നും അതിലൂടെ ഇന്ത്യന്‍ ഫുട്‌ബോളില്‍ വലിയ വളര്‍ച്ചയുണ്ടാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ നാല് വര്‍ഷമായി ടീം ഇന്ത്യ നന്നായി കഠിനാധ്വാനം ചെയ്തിട്ടുണ്ടെന്നും അതിലൂടെ വലിയ റിസള്‍ട്ട് കാഴ്ചവെക്കാനായിട്ടുണ്ടായിരുന്നെന്നും ചൂണ്ടിക്കാട്ടിയ സ്റ്റിമാച്ച് ഇന്ത്യന്‍ ഫുട്‌ബോളിന് വേണ്ട പിന്തുണ ലഭിച്ചാല്‍ കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാനാകുമെന്നും പറഞ്ഞു.

എംബാപ്പെയെ കുറിച്ച് മോദി ഫ്രാന്‍സില്‍ നടത്തിയ പ്രസംഗം ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകരുടെ ഹൃദയത്തില്‍ സ്പര്‍ശിച്ചിരുന്നെന്നും ആളുകള്‍ക്ക് കൂടുതല്‍ ആവേശം നല്‍കിയെന്നും സ്റ്റിമാച്ച് കുറിപ്പില്‍ സൂചിപ്പിച്ചു. ഇന്ത്യന്‍ ഫുട്‌ബോളിന്റെ മികച്ച ഭാവി കണക്കിലെടുത്ത് മോദി ഈ വിഷയം കായിക മന്ത്രാലയത്തോട് സംസാരിക്കണമെന്നും സ്റ്റിമാച്ച് കത്തിലൂടെ ആവശ്യപ്പെട്ടു.

അതേസമയം, ഏഷ്യന്‍ റാങ്കിങ്ങില്‍ ആദ്യ എട്ട് സ്ഥാനങ്ങളിലുള്ളവര്‍ മാത്രം മത്സരിച്ചാല്‍ മതിയെന്ന നിലപാടാണ് ഇന്ത്യക്ക് തിരിച്ചടിയായത്. ഇന്റര്‍കോണ്ടിനെന്റല്‍ കപ്പും സാഫ് കപ്പും ജയിച്ച് നില്‍ക്കുമ്പോള്‍ ഇന്ത്യ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കാത്തതിനെതിരെ ആരാധകരും രോഷത്തിലാണ്.

സ്റ്റിമാച്ചിന് കീഴില്‍ അണ്ടര്‍ 23 താരങ്ങളെ ഏഷ്യന്‍ ഗെയിംസിന് വിടാന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ആലോചിച്ചിരുന്നു. സെപ്റ്റംബര്‍ ഏഴ് മുതല്‍ പത്ത് വരെ തായ്‌ലന്‍ഡില്‍ നടക്കുന്ന കിങ്‌സ് കപ്പില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം പങ്കെടുക്കുന്നുണ്ട്. സെപ്റ്റംബര്‍ 23 മുതല്‍ ഒക്ടോബര്‍ എട്ടുവരെ ചൈനയിലാണ് ഏഷ്യന്‍ ഗെയിംസ് നടക്കുന്നത്.

Content Highlights: Igor Stimac requests Modi to allow Indian Football team to participate in Asian Games

We use cookies to give you the best possible experience. Learn more