ഇന്ത്യന്‍ യുവ ഫുട്‌ബോളര്‍ ലാലിയന്‍സുവാല ഛങ്തെയെ പോര്‍ച്ചുഗീസ് ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയോട് ഉപമിച്ച് ഇന്ത്യന്‍ ദേശീയ കോച്ച് ഇഗോര്‍ സ്റ്റിമാച്. ലാലിയന്‍സുവാല ഛങ്തെയെ കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
ഛങ്തെ വളരെ സ്‌പെഷ്യല്‍ കളിക്കാരനാണെന്നും സ്റ്റിമാച് പറഞ്ഞു. ‘ഇന്ത്യന്‍ ഫുട്ബോളിന്റെ ഭാവിയിലെ ഏറ്റവും പ്രധാനപ്പെട്ട കളിക്കാരനാണ് അവന്‍. പ്രൊഫഷണല്‍ ഫുട്ബോളിന് യോജിച്ചൊരു മാതൃകയാണ് അയാള്‍. ഫുട്‌ബോള്‍ ലോകത്ത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എങ്ങനെയാണോ അതുപോലൊരു പ്രതിഭയായി മാറുകയാണ് ഇന്ത്യയില്‍ ഛങ്‌തെ.
പന്ത് കൈവശം വെക്കാന്‍ ഇഷ്ടപ്പെടുന്ന ഒരാളാണ് ഛങ്തെ. തുടര്‍ന്ന് പന്തുമായി ബോക്‌സിനകത്തേക്ക് ഓടിക്കയറുകയോ, അല്ലെങ്കില്‍ ഒരു താരത്തെ ഡ്രിബിള്‍ ചെയ്ത് മുന്നേറി സുനില്‍ ഛേത്രിക്ക് സ്‌കോര്‍ ചെയ്യാന്‍ പാകത്തില്‍ ക്രോസ് ചെയ്യുകയും ചെയ്യുന്നതാണ് താരത്തിന്റെ രീതി,’ കോച്ച് വിലയിരുത്തി.
ഛങ്തെയും മഹേഷും ഇന്ത്യയുടെ ഭാവി മുന്നേറ്റ താരങ്ങളാണെന്നും ഇഗോര്‍ സ്റ്റിമാച് പറഞ്ഞു. ‘ഇന്ത്യന്‍ ഫുട്‌ബോളില്‍ വളരെ സ്‌പെഷ്യലായിട്ടുള്ള താരങ്ങളാണ് ലാലിയന്‍സുവാല ഛങ്തെയും മഹേഷും (നവോറെം സിങ്).
അവര്‍ രണ്ടുപേരും വളരെ സ്‌പെഷ്യല്‍ കളിക്കാരായതിനാല്‍ ഫിനിഷിങ് ലൈനിലെ ഫൈനല്‍ തേര്‍ഡില്‍ ഇന്ത്യന്‍ ദേശീയ ടീമിന് അതിശയകരമായ ഓപ്ഷനുകളാണ് ഇപ്പോഴുള്ളത്. കഴിഞ്ഞ ഐ.എസ്.എല്‍ സീസണ്‍ അവരെ ഇരുവരേയും വലിയ രീതിയില്‍ വളരാന്‍ സഹായിച്ചു.
ക്ലബ്ബ് പരിശീലകര്‍ അവരില്‍ കാണിച്ച വിശ്വാസം പിച്ചില്‍ കൂടുതല്‍ മെച്ചപ്പെടാന്‍ അവരെ വളരെയധികം സഹായിച്ചു. അവര്‍ ദേശീയ ടീമിനൊപ്പം ഉണ്ടായിരിക്കുകയും മികച്ച രീതിയില്‍ കളിക്കുകയും ചെയ്യുന്നത് ഞങ്ങള്‍ക്ക് വലിയ കാര്യമാണ്.
അവരുടെ കഴിവുകളെയും പ്രതിഭയേയും ഒരുപോലെ തേച്ചുമിനുക്കിയ പരിശീലകരുടെ പ്രതിബദ്ധതയെ ഞാന്‍ അഭിനന്ദിക്കുന്നു,’ കോച്ച് പറഞ്ഞു.