ഇന്റര്‍കോണ്ടിനെന്റല്‍ കപ്പിലെ പ്രകടനം ഭാവി ടീം രൂപപ്പെടുത്തുന്നതില്‍ സഹായിച്ചതായി ഇഗോര്‍ സ്റ്റിമാച്ച്
Intercontinental Cup 2019
ഇന്റര്‍കോണ്ടിനെന്റല്‍ കപ്പിലെ പ്രകടനം ഭാവി ടീം രൂപപ്പെടുത്തുന്നതില്‍ സഹായിച്ചതായി ഇഗോര്‍ സ്റ്റിമാച്ച്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 15th July 2019, 7:17 pm

ഇന്റര്‍കോണ്ടിനെന്റല്‍ കപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലൂടെ ഭാവി ദേശീയ ടീമിനെ രൂപപ്പെടുത്തുന്നതില്‍ ധാരണ ലഭിച്ചതായി ഇന്ത്യന്‍ കോച്ച് ഇഗോര്‍ സ്റ്റിമാച്ച്.

‘ആരെ ആശ്രയിക്കണം ആരെയൊക്കെ ആശ്രയിക്കരുത് എന്നത് സംബന്ധിച്ച് എനിക്ക് കൃത്യമായി. എല്ലാവര്‍ക്കും കളിയ്ക്കാന്‍ അവസരം കിട്ടിയിട്ടുണ്ട്. ഒരാള്‍ക്ക് പോലും തഴഞ്ഞെന്ന് പരാതി പറയാന്‍ സാധിച്ചിട്ടില്ല.’ സ്റ്റിമാച്ച് പറഞ്ഞു.

കിങ്‌സ് കപ്പ്, ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് മത്സരങ്ങള്‍ക്കായി 27 താരങ്ങളെയാണ് സ്റ്റിമാച്ച് എടുത്തത്. ഇതില്‍ ഒമ്പത് താരങ്ങളും തങ്ങളുടെ കന്നി മത്സരത്തിന് ഇറങ്ങിയിരുന്നു.

‘പരിശീലനത്തിനിടെ കളിക്കാരെ പൂര്‍ണ്ണമായും മനസിലാക്കാന്‍ സാധിക്കാത്തതിനാല്‍ കളിക്കളത്തില്‍ അവര്‍ക്ക് സമയം നല്‍കേണ്ടത് അത്യാവശ്യമാണ്. ചില കളിക്കാര്‍ പരിശീലന വേളയില്‍ ഡീഗോ മറഡോണയും കളിക്കളത്തിലെത്തുമ്പോള്‍ ഒന്നുമല്ലാതായിപ്പോവുകയും ചെയ്യുന്നു.

ആരുടെയും പേരെടുത്ത് പറയുന്നില്ല. പക്ഷെ തെളിവുകള്‍ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കാവുന്നതാണ്. ഞാന്‍ കളിക്കാരെ മാറ്റി ഇറക്കിയപ്പോള്‍ (ആദ്യ സെഷന് ശേഷം) പുതിയ കോമ്പിനേഷന്‍ ഉത്തരവാദിത്വങ്ങളേറ്റെടുത്ത് അവസരങ്ങള്‍ സൃഷ്ടിക്കുവാനും തുടങ്ങി.’ സ്റ്റിമാച്ച് പറഞ്ഞു.

കൊറിയക്കെതിരായ മത്സരത്തിലെ സബ്സ്റ്റിറ്റിയൂട്ട് താരങ്ങളായ അനിരുദ്ധ താപ്പ, ലാലിയന്‍സുവാല ഛാങ്തെ, സഹല്‍ അബ്ദുസമദ്, ഉദാന്ത സിങ് എന്നിവരെ കുറിച്ചാണ് സ്റ്റിമാച്ചിന്റെ പ്രതികരണം. താരങ്ങള്‍ കളിച്ച രീതിയില്‍ തനിക്ക് അഭിമാനമുണ്ടെന്നും ഇങ്ങനെ കളിച്ചിട്ട് തോറ്റാല്‍ തനിയ്ക്ക് പ്രശ്‌നമില്ലെന്നും സ്റ്റിമാച്ച് പറഞ്ഞു.