| Thursday, 27th October 2022, 11:25 am

ഇപ്പോൾ എന്റെ ലക്ഷ്യം ഏഷ്യാ കപ്പ് ക്വാർട്ടർ ഫൈനലിലോ അതിനപ്പുറമോ ടീമിനെ എത്തിക്കുക എന്നതാണ്: ഇന്ത്യൻ പരിശീലകൻ

സ്പോര്‍ട്സ് ഡെസ്‌ക്

സ്റ്റീവൻ കോസ്റ്ററ്റൈൻ ഇന്ത്യൻ ഫുട്ബാൾ ടീമിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞതോടെയാണ് ക്രൊയേഷ്യക്കാരനായ ഇഗോർ സ്റ്റിമാച്ച് പകരക്കാരനായെത്തിയത്.

2019 മുതൽ ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷന്റെ കോച്ചായി സേവനമനുഷ്ഠിച്ച സ്റ്റിമാച്ച് ഏഷ്യാ കപ്പിന് ശേഷം തുടരില്ലെന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വരുന്നത്.

ഇന്ത്യൻ ദേശീയ ഫുട്‌ബോൾ ടീം പരിശീലകസ്ഥാനത്ത് ഏഷ്യാ കപ്പിന് ശേഷം തുടരാൻ സാധ്യതയില്ലെന്ന് സ്റ്റാർസ്‌പോർട്സിന് നൽകിയ അഭിമുഖത്തിനിടെ ഇഗോർ സ്റ്റിമാച്ച് തന്നെ പറയുകയായിരുന്നു.

കഴിഞ്ഞ മാസം ഏഷ്യാ കപ്പ് വരെ സ്റ്റിമാച്ചിന്റെ കരാർ പുതുക്കിയിരുന്നു. എന്നാൽ ഏഷ്യാ കപ്പിലെ പ്രകടനത്തിന് ശേഷമെ തുടർന്നു കാര്യങ്ങൾ തീരുമാനിക്കുവെന്ന് എ.ഐ.എഫ്.എഫ് അറിയിച്ചതായും റിപ്പോർട്ടുണ്ട്.

ഇതേക്കുറിച്ച് ചോദിച്ചപ്പോഴാണ് സ്റ്റിമാച്ച് തന്റെ തീരുമാനം വ്യക്തമാക്കിയത്.

ഇന്ത്യൻ ടീമിനായി തികഞ്ഞ അഭിനിവേശത്തോടെയാണ് താൻ എല്ലാം ചെയ്തതെന്നും ഓരോ കളിക്കാരുടേയും പുരോഗതിക്കായി തന്റെ അറിവുകൾ പൂർണമായി വിനിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം അഭിമുഖത്തിനിടെ പറഞ്ഞു.

മാൻ മാനേജ്‌മെന്റ് മുതൽ ഫിറ്റ്‌നസ്, ഡയറ്റ് തുടങ്ങിയ എല്ലാ കാര്യങ്ങളും ഇതിലുൾപ്പെടുമെന്നും ഇപ്പോൾ തന്റെ ലക്ഷ്യം ഏഷ്യാ കപ്പിൽ ക്വാർട്ടർ ഫൈനലിലോ അതിനുമപ്പുറമോ ടീമിനെ എത്തിക്കുക എന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം കോസ്റ്ററ്റൈനിൽ നിന്നും പരിശീലക സ്ഥാനം ഏറ്റെടുത്തതോടെ ഇന്ത്യൻ ടീമിന് പുതിയ മികവ് കൊണ്ട് വരാൻ സ്റ്റിമാച്ചിനാകുമെന്നും പ്രതീക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. ഫിഫ റാങ്കിങ്ങിൽ ഇന്ത്യക്ക് താഴെയുള്ളവരോട് പോലും പിടിച്ച് നിൽക്കാൻ പറ്റാത്ത അവസ്ഥയാണ് ഇപ്പോൾ ഇന്ത്യയുടേത്.

ഇതുവരെ 30 മത്സരങ്ങളിലാണ് സ്റ്റിമാച്ച് ഇന്ത്യയെ കളത്തിലിറക്കിയത്. അതിൽ ആകെ ഒമ്പത് വിജയം നേടാൻ മാത്രമേ ഇന്ത്യക്ക് സാധിച്ചുള്ളൂ.

10 സമനിലയും 11 പരാജയവുമാണ് സ്റ്റിമാച്ചിന് കീഴിലെ ഇന്ത്യയുടെ പ്രകടനം.

ഇന്ത്യൻ ടീമിനെ ഉയർത്തെഴുന്നേൽപ്പിക്കാൻ കഴിയാത്ത സ്റ്റിമാച്ചിനെ പരിശീലക സ്ഥാനത്ത് നിന്നും ഒഴിവാക്കണമെന്ന് ഇന്ത്യൻ ഫുട്ബാൾ ആരാധകർ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. ഇപ്പോൾ സ്റ്റിമാച്ച് തന്നെ ഇന്ത്യൻ ടീമിലെ തന്റെ ഭാവിയെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്.

Content Highlights: Igor Stimac annonunces his retirement

We use cookies to give you the best possible experience. Learn more