വനിതാ ടെന്നീസ് ഇതിഹാസ താരം സെറീന വില്യംസിന്റെ വിരമിക്കല്‍ ഒരു യുഗാന്ത്യമാണെന്ന് ചിന്തിച്ചവരായിരിക്കും ആരാധകരിലേറെയും. എന്നാല്‍ അതേ യു.എസ് ഓപ്പണില്‍ തന്നെ കിരീടം ചൂടി ചരിത്രം കുറിച്ചിരിക്കുകയാണ് പോളണ്ടുകാരി ഇഗ സൈ്വറ്റക്. സെറീനയുടെ പിന്‍ഗാമിയാകാന്‍ എന്തുക്കൊണ്ടും യോഗ്യയാണ് ഈ ഇരുപത്തൊന്നുകാരിയെന്നാണ് ആരാധകര്‍ ഒന്നടങ്കം പറയുന്നത്.
ടൂര്‍ണമെന്റിലെ ഫൈനലില്‍ ടുനീഷ്യന്‍ താരം ഒന്‍സ് ജാബറിനെ കീഴ്പ്പെടുത്തിയതോടെ ലോകത്തെ ഒന്നാം നമ്പര്‍ വനിതാ ടെന്നീസ് പ്ലെയറായി ഇഗ മാറി.
വനിതാ ടെന്നീസില്‍ പലരും വന്നുപോയെങ്കിലും 21 വയസിനുള്ളില്‍ തന്നെ 3 ഗ്രാം സ്ലാം നേടി സെറീന വില്യംസിന്റെ കസേരയില്‍ അഭിമാനത്തോടെ ഇരിപ്പുറപ്പിച്ചിരിക്കുകയാണ് പോളണ്ടുകാരി ഇഗ. ആദ്യ മൂന്ന് ഗ്രാന്‍ഡ് സ്ലാം കിരീടം സ്വന്തമാക്കുന്ന പ്രായംകുറഞ്ഞ രണ്ടാമത്തെ കളിക്കാരി ഇഗയാണ്. ആദ്യത്തേത് മരിയ ഷറപോവയായിരുന്നു. ആദ്യ മൂന്ന് കിരീടവും നേരിട്ടുള്ള സെറ്റുകള്‍ക്ക് ജയിച്ച രണ്ടാമത്തെ താരമെന്ന റെക്കോഡും ഇഗക്ക് സ്വന്തം. അമേരിക്കയുടെ ലിന്‍ഡ്‌സേ ഡാവന്‍പോര്‍ട്ടാണ് ആദ്യതാരം.
നമുക്കെല്ലാര്‍ക്കും ഇന്‍സ്പയറിങ്ങായിട്ടുള്ള ഈ ഇരുപത്തിയൊന്നുകാരിയുടെ ഇന്‍സ്പിറേഷന്‍, ഒരു പക്ഷേ അവരുടെ ഫാദര്‍ തന്നെയായിരിക്കാം. 1988ല്‍ സോള്‍ ഒളിമ്പിക്സില്‍ പോളണ്ടിന്റെ റോവിങ് ടീം അംഗമായിരുന്നു തോമസ്. തന്റെ രണ്ടു പെണ്‍മക്കളെയും കായികതാരങ്ങളാക്കണമെന്നത് അദ്ദേഹത്തിന്റെ ആഗ്രഹമായിരുന്നു. ചേച്ചി അഗതയാണ് ആദ്യം കളത്തിലിറങ്ങിയതെങ്കിലും ഇഗയാണ് കൂടുതല്‍ ദൂരം സഞ്ചരിച്ചത്.
2018ല്‍ വിമ്പിള്‍ഡന്‍ ജൂനിയര്‍ ചാമ്പ്യനായിട്ടായിരുന്നു ഇഗ വരവറിയിച്ചത്. തുടര്‍ന്ന് നടക്കുന്ന മത്സരങ്ങളിലെല്ലാം വിജയം കൈവരിക്കുക എന്നതായിരുന്നു ഇഗയുടെ രീതി. ചുരുങ്ങിയ ടെന്നീസ് ജീവിതത്തിനിടെ 10 കിരീടങ്ങള്‍ ഇഗ സ്വന്തമാക്കിയിട്ടുണ്ട്.
തുടര്‍ച്ചയായി 37 മത്സരങ്ങള്‍ ജയിച്ച് റാങ്കിങ്ങിന് ആധികാരികത നല്‍കുകയും ചെയ്തു. ഈ നൂറ്റാണ്ടില്‍ മറ്റൊരു താരത്തിനും സാധ്യമാകാത്ത നേട്ടമാണ് ഇ?ഗയുടേതാണെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. രണ്ട് ഗ്രാന്‍ഡ് സ്ലാം അടക്കം ഏഴ് കിരീടങ്ങളാണ് ഈ സീസണില്‍ ഇഗയെ തേടിയെത്തിയത്. 2014ല്‍ സെറീന വില്യംസിനു മാത്രമാണ് ഇത് സാധ്യമായത്.
ഇന്നലെ നടന്ന യു.എസ് ഓപ്പണിലാകട്ടെ സെര്‍വും ഗ്രൗണ്ട് സ്‌ട്രോക്കുകളുമായി ആദ്യ സെറ്റ് അനായാസം നേടാന്‍ ഇഗക്ക് സാധിച്ചു. രണ്ടാം സെറ്റില്‍ ജാബര്‍ തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും ഇഗയുടെ ഷോട്ടുകളുടെ മറിമായത്തിന് മുന്നില്‍ ജാബര്‍ പകച്ചു പോവുകയായിരുന്നു. 7-5 എന്ന സ്‌കോറിന് രണ്ടാം സെറ്റിലും വിജയം ഇഗക്കൊപ്പമായിരുന്നു.
Content Highlight: Iga Świątek is next Serena Williams