| Wednesday, 7th September 2016, 9:21 am

'പൊലീസ് ആസ്ഥാനത്ത് ആര്‍.എസ്.എസ് അജണ്ട നടപ്പാക്കും; തടയാമെങ്കില്‍ തടഞ്ഞോ': ഉദ്യോഗസ്ഥരെ വെല്ലുവിളിച്ച് ഐ.ജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പൊലീസ് ആസ്ഥാനത്ത് ആര്‍.എസ്.എസ് അജണ്ട നടപ്പാക്കുമെന്നും തടയാമെങ്കില്‍ തടയൂവെന്നും പൊലീസ് ആസ്ഥാനം ഐ.ജിയുടെ വെല്ലുവിളി.


തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്ത് ആര്‍.എസ്.എസ് അജണ്ട നടപ്പാക്കുമെന്നും തടയാമെങ്കില്‍ തടയൂവെന്നും പൊലീസ് ആസ്ഥാനം ഐ.ജിയുടെ വെല്ലുവിളി. ഐ.ജി സുരേഷ് രാജ് പുരോഹിതാണ് ഉദ്യോഗസ്ഥരെ വെല്ലുവിളിച്ചത്.

പൊലീസ് ആസ്ഥാനത്ത് നടപ്പാക്കുന്ന പരിഷ്‌കാരങ്ങള്‍ക്കെതിരെ പരസ്യനിലപാടെടുത്ത ഉദ്യോഗസ്ഥരെ ഓഫിസില്‍ വിളിച്ചുവരുത്തിയാണ് ഐ.ജിയുടെ വെല്ലുവിളി. നേരത്തെ തൃശൂര്‍ പൊലീസ് അക്കാദമിയിലെ അപ്രഖ്യാപിത ബീഫ് നിരോധന വിവാദത്തെ തുടര്‍ന്ന് സ്ഥലംമാറ്റം ലഭിച്ച ഉദ്യോഗസ്ഥനാണ് ഐ.ജി സുരേഷ് രാജ് പുരോഹിത്.


തിങ്കളാഴ്ച രാവിലെ ജൂനിയര്‍ സൂപ്രണ്ട്, സീനിയര്‍ സൂപ്രണ്ട് തസ്തികയിലെ ഉദ്യോഗസ്ഥരെയെല്ലാം ഐ.ജി ഓഫിസില്‍ വിളിച്ചുവരുത്തിയിരുന്നു. വാര്‍ത്ത ചോര്‍ത്തിയ ഉദ്യോഗസ്ഥരെ നിലക്കുനിര്‍ത്തുമെന്ന് പറഞ്ഞ് ഐ.ജി ഭീഷണിപ്പെടുത്തിയെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞതായി മാധ്യമം റിപ്പോര്‍ട്ടു ചെയ്യുന്നു.

സംഘ്പരിവാര്‍ താല്‍പര്യപ്രകാരം പുരോഹിത് സി.ഐമാരുടെ സ്ഥലംമാറ്റത്തില്‍ ഇടപെട്ടതായും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് ഐ.ജി ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി വെല്ലുവിളിച്ചിരിക്കുന്നത്.

അതേസമയം, ഐ.ജി സുരേഷ് രാജ് പുരോഹിതിനെതിരെ എന്‍.ജി.ഒ യൂനിയന്‍ മുഖേന സര്‍ക്കാറിന് പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ് ജീവനക്കാര്‍. ഐ.ജിയെ മാറ്റണമെന്ന് പ്രമേയം പാസാക്കാനും ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ക്കണ്ട് പരാതി നല്‍കാനും ജീവനക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

തൃശൂരിലെ ബീഫ് വിവാദത്തെയും പ്രായപൂര്‍ത്തിയാകാത്ത മകനെക്കൊണ്ട് വാഹനം ഒാടിപ്പിച്ചതിനെയും തുടര്‍ന്നാണ് രാജ് പുരോഹിതിനെ പൊലീസ് ആസ്ഥാനത്തേക്ക് സ്ഥലംമാറ്റിയത്.

We use cookies to give you the best possible experience. Learn more