കൊച്ചി: ഐ.ജി മനോജ് ഏബ്രഹാമിനെ അധിക്ഷേപിച്ച കേസില്‍ ബി.ജെ.പി വക്താവ് ബി.ഗോപാലകൃഷ്ണന്‍ അറസ്റ്റില്‍. മനോജ് ഏബ്രഹാമിനെ അധിക്ഷേപിച്ചതിനും ഭീഷണിപ്പെടുത്തിയതിനും ബി.ഗോപാലകൃഷ്ണനെതിരെ കഴിഞ്ഞ ദിവസം സെന്‍ട്രല്‍ പൊലീസ് കേസെടുത്തിരുന്നു. അതിന് പിന്നാലെയാണ് അറസ്റ്റ്. പിന്നീട് ഇയാളെ ജാമ്യത്തില്‍ വിട്ടയച്ചു.
ശബരിമല യുവതീപ്രവേശന വിഷയത്തില്‍ എറണാകുളം റേഞ്ച് ഐ.ജി ഓഫീസിലേക്കു ബി.ജെ.പി നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് ഗോപാലകൃഷ്ണന്‍, മനോജ് ഏബ്രഹാമിനെ അധിക്ഷേപിച്ചത്.
മനോജ് എബ്രഹാം അന്തസ്സില്ലാത്ത പൊലീസ് നായയാണെന്നായിരുന്നു ഗോപാലകൃഷ്ണന്റെ പരാമര്‍ശം. ശബരിമലയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയത് ഐ ജി മനോജ് എബ്രഹാമാണെന്നും എന്നിട്ട് അത് ഭക്തരുടെ മേല്‍ കെട്ടി വയ്ക്കാന്‍ ശ്രമിച്ചുവെന്നും ഗോപാലകൃഷ്ണന്‍ കുറ്റപ്പെടുത്തിയിരുന്നു.
മനോജ് എബ്രഹാമിനെ വെറുതെ വിടില്ലെന്നായിരുന്നു ഗോപാലകൃഷ്ണന്റെ ഭീഷണി. ഒരു പ്രമോഷന്‍ ലഭിക്കാന്‍ കേന്ദ്ര ട്രിബ്യൂണലില്‍ പോകേണ്ടി വരുമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞിരുന്നു.
അനധികൃതമായി സംഘം ചേര്‍ന്നതിനും ഗതാഗതം തടസ്സപ്പെടുത്തിയതിനും ബിജെപി ജില്ലാ നേതാക്കളുള്‍പ്പെടെ 200 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഗോപാലകൃഷ്ണനുള്‍പ്പടെ ഉള്ളവരെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണു പൊലീസ്.