| Saturday, 4th November 2023, 10:04 am

പാകിസ്ഥാന്‍ ജയിക്കുമ്പോള്‍ ഞങ്ങള്‍ ബിരിയാണി കഴിക്കുമെന്ന് ആരും പറയുന്നില്ല; വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി പാക് താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഏകദിന ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ പാകിസ്ഥാന്‍ ന്യൂസിലാന്‍ഡിനെ നേരിടാന്‍ ഒരുങ്ങുകയാണ്. സെമി ഫൈനലിലേക്ക് മുന്നേറണമെങ്കില്‍ പാക് ടീമിന് ജയം അനിവാര്യമാണ്.

ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിന് മുന്നോടിയായി ടീമിന്റെ ഭക്ഷണ തെരഞ്ഞെടുപ്പിനെകുറിച്ചുള്ള വിമര്‍ശിച്ചതിനെതിരെ സംസാരിച്ചു മുന്നോട്ടു വന്നിരിക്കുകയാണ് പാകിസ്ഥാന്‍ ഓള്‍ റൗണ്ടര്‍ ഇഫ്തിക്കര്‍ അഹമ്മദ്.

പാകിസ്ഥാന്‍ താരങ്ങള്‍ ബിരിയാണി കഴിക്കുന്ന ശീലത്തിനെതിരെ ഒരുപാട് വിമര്‍ശനങ്ങള്‍ നിലനിന്നിരുന്നു. ഇതിനെതിരെയായിരുന്നു താരത്തിന്റെ പ്രതികരണം.

പാകിസ്ഥാന്‍ ജയിക്കുമ്പോള്‍ കളിക്കാര്‍ ബിരിയാണി കഴിക്കുന്നുള്ളുവെന്നും ആരും പറയുന്നില്ലെന്നും തോറ്റാല്‍ മാത്രമേ ഇത് കേള്‍ക്കേണ്ടി വരുന്നതെന്നുമാണ് ഇഫ്തിക്കര്‍ പറഞ്ഞത്.

‘നമ്മള്‍ തോല്‍ക്കുമ്പോള്‍ ടീമിന് അവര്‍ മികച്ചത് ഒന്നും നല്‍കുന്നില്ല എന്ന് എല്ലാവരും പറയുന്നു. എന്നാല്‍ ടീം ജയിക്കുമ്പോള്‍ ബിരിയാണി കഴിക്കുന്നുവെന്ന് ആരും പറയുന്നില്ല. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. കളിക്കാര്‍ ബിരിയാണി കഴിക്കുമ്പോള്‍ എങ്ങനെയാണ് രാജ്യത്തിന്റെ പേരിന് ദോഷം ഉണ്ടാക്കുക. ആ സമയങ്ങളില്‍ ഞങ്ങള്‍ ഇതിനെ എതിര്‍ക്കുന്നു,’ ഇഫ്തിക്കര്‍ മത്സരത്തിനു മുമ്പുള്ള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

നിലവിലെ സാഹചര്യമനുസരിച്ച് ന്യൂസിലാന്‍ഡിനെതിരെയുള്ള മത്സരത്തില്‍ പാകിസ്ഥാന്‍ കൂടുതല്‍ റണ്‍ റേറ്റ് നേടേണ്ട ആവശ്യകതയെ കുറിച്ചും ഇഫ്തിക്കര്‍ പറഞ്ഞു.

‘ഞങ്ങളുടെ നെറ്റ് റണ്‍ റേറ്റ് നിലനിര്‍ത്തണമെന്ന് ഞങ്ങള്‍ക്കറിയാം. ഞങ്ങള്‍ ഇതിനുമുമ്പ് ബംഗളൂരുവില്‍ കളിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇവിടുത്തെ സാഹചര്യങ്ങളെകുറിച്ച് ഞങ്ങള്‍ക്കറിയാം. ഇന്ത്യന്‍ പിച്ചുകളില്‍ ആദ്യം മുതലേ കൂടുതല്‍ റണ്‍സുകള്‍ സ്‌കോര്‍ ചെയ്യണം. ബൗളര്‍മാര്‍ക്ക് കാര്യമായി ഒന്നും ഇവിടെ  ചെയ്യാനില്ല. പിച്ചിന്റെ ഗതി അനുസരിച്ച് കളിക്കാന്‍ ഞങ്ങള്‍ സജ്ജരാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകകപ്പില്‍ ആദ്യ രണ്ട് മത്സരങ്ങള്‍ വിജയിച്ചു വന്ന പാക്കിസ്ഥാന്‍ പിന്നീടുള്ള നാല് മത്സരങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെടുകയായിരുന്നു. ഇതിനു പിന്നാലെ ഒരുപാട് വിമര്‍ശനങ്ങള്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം നേരിട്ടിരുന്നു .എന്നാല്‍ കഴിഞ്ഞ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെയുള്ള വിജയത്തോടെ വീണ്ടും സെമിഫൈനല്‍ സാധ്യതകള്‍ നിലനിര്‍ത്താന്‍ പാകിസ്ഥാന് സാധിച്ചു.

ഇനി മുന്നിലുള്ള മത്സരങ്ങള്‍ എല്ലാം ജയിച്ചാല്‍ മാത്രമേ പാകിസ്ഥാന് സെമിയിലേക്ക് മുന്നേറാന്‍ സാധിക്കൂ.

Content Highlight:Iftikhar Ahmed talks against the criticism of Pakistan players on their food choices.

Latest Stories

We use cookies to give you the best possible experience. Learn more