| Wednesday, 30th August 2023, 7:39 pm

ബാബറിന്റെ സെഞ്ച്വറിയെ സൈഡാക്കി സൂപ്പര്‍ താരത്തിന്റെ സൂപ്പര്‍ സെഞ്ച്വറി; പൂര്‍ണനായി ഇഫ്തിഖര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യാ കപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ പടുകൂറ്റന്‍ സ്‌കോര്‍ നേടി പാകിസ്ഥാന്‍. മുള്‍ട്ടാന്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 342 റണ്‍സാണ് മെന്‍ ഇന്‍ ഗ്രീന്‍ നേടിയത്.

തുടക്കത്തില്‍ പതിയെ കളിച്ച പാകിസ്ഥാന്‍ അവസാന ഓവറുകളില്‍ ബാറ്റിങ് ശൈലി തന്നെ മാറ്റുകയായിരുന്നു. ആദ്യ 30 ഓവറില്‍ നാല് വിക്കറ്റ് നഷ്ടപ്പെടുത്തി വെറും 139 റണ്‍സ് മാത്രമാണ് പാകിസ്ഥാന്‍ നേടിയത്. ഈ അവസരത്തില്‍ മത്സരം നേപ്പാളിന് അനുകൂലമാകുമെന്നാണ് ആരാധകര്‍ കരുതിയത്.

40 ഓവര്‍ പിന്നിട്ടപ്പോള്‍ നാല് വിക്കറ്റിന് 213 എന്ന നിലയിലായിരുന്നു പാകിസ്ഥാന്‍. എന്നാല്‍ അവസാന പത്ത് ഓവറില്‍ 129 റണ്‍സാണ് പാകിസ്ഥാന്‍ അടിച്ചുകൂട്ടിയത്. ക്യാപ്റ്റന്‍ ബാബര്‍ അസമിന്റെയും സൂപ്പര്‍ താരം ഇഫ്തിഖര്‍ അഹമ്മദിന്റെും സെഞ്ച്വറി നേട്ടങ്ങളാണ് പാകിസ്ഥാനെ വമ്പന്‍ സ്‌കോറിലെത്തിച്ചത്.  ഒടുവില്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റിന് 342 റണ്‍സ് എന്ന നിലയിലാണ് പാകിസ്ഥാന്‍ ഇന്നിങ്‌സ് അവസാനിപ്പിച്ചത്.

ബാബര്‍ 131 പന്തില്‍ 151 റണ്‍സ് നേടി പുറത്തായി. 14 ബൗണ്ടറിയും നാല് സിക്‌സറും ഉള്‍പ്പെടെ 115.27 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് ബാബര്‍ റണ്‍സടിച്ചുകൂട്ടിയത്. ഏകദിനത്തില്‍ ബാബറിന്റെ 19ാം സെഞ്ച്വറിയാണ് മുള്‍ട്ടാനില്‍ പിറന്നത്.

എന്നാല്‍ ബാബര്‍ അസമിന്റെ സെഞ്ച്വറിയേക്കാള്‍ ആരാധകര്‍ ആഘോഷമാക്കുന്നത് ആറാം നമ്പറില്‍ ഇറങ്ങി നൂറടിച്ച ഇഫ്തിഖര്‍ അഹമ്മദിന്റെ സെഞ്ച്വറി നേട്ടമാണ്. 71 പന്തില്‍ നിന്നും പുറത്താകാതെ 109 റണ്‍സാണ് ഇഫ്തിഖര്‍ സ്വന്തമാക്കിയത്. 11 ബൗണ്ടറിയും നാല് സിക്‌സറും ഉള്‍പ്പെടെ 153.52 എന്ന സ്‌ട്രൈക്ക് റേറ്റിലായിരുന്നു ഇഫ്തിഖര്‍ അഹമ്മദ് സെഞ്ച്വറി നേടിയത്. താരത്തിന്റെ കരിയറിലെ ആദ്യ ഏകദിന സെഞ്ച്വറിയും ആദ്യ അന്താരാഷ്ട്ര സെഞ്ച്വറിയുമാണിത്.

ഇതിന് പുറമെ അഞ്ചാം വിക്കറ്റില്‍ പാകിസ്ഥാന് വേണ്ടിയുള്ള ഏറ്റവുമുയര്‍ന്ന കൂട്ടുകെട്ടിന്റെ റെക്കോഡും ഇരുവരും ചേര്‍ന്ന് സൃഷ്ടിച്ചിരുന്നു. 131 പന്തില്‍ നിന്നും 214 റണ്‍സാണ് ഇവര്‍ അഞ്ചാം വിക്കറ്റില്‍ പടുത്തുയര്‍ത്തിയത്.

ഇവരുടെ തകര്‍പ്പന്‍ ഇന്നിങ്‌സാണ് പാകിസ്ഥാനെ പടുകൂറ്റന്‍ സ്‌കോറിലെത്തിച്ചത്.

പാകിസ്ഥാന്‍ നിരയില്‍ രണ്ട് പേര്‍ റണ്‍ ഔട്ടായപ്പോള്‍ നേപ്പാളിനായി സോംപല്‍ കാമി രണ്ട് വിക്കറ്റും സന്ദീപ് ലാമിഷാന്‍, കരണ്‍ കെ.സി. എന്നിവര്‍ ഓരോ വിക്കറ്റും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ നേപ്പാളിന് ആദ്യ ഓവറില്‍ തന്നെ രണ്ട് വിക്കറ്റ് നഷ്ടമായിരിക്കുകയാണ്. നാല് പന്തില്‍ എട്ട് റണ്‍സ് നേടിയ കുശാല്‍ ഭര്‍ട്ടലിനെ മുഹമ്മദ് റിസ്വാന്റെ കൈകളിലെത്തിച്ച് ഷഹീന്‍ അഫ്രിദിയാണ് വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്.

ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ ഭര്‍ട്ടലിനെ മടക്കിയ ഷഹീന്‍ ഓവറിലെ അവസാന പന്തില്‍ ക്യാപ്റ്റന്‍ രോഹിത് പൗഡലിനെ വിക്കറ്റിന് മുമ്പില്‍ കുടുക്കിയും പുറത്താക്കി. നിലവില്‍ ഒരു ഓവറില്‍ പത്തിന് രണ്ട് എന്ന നിലയിലാണ് നേപ്പാള്‍. 49 ഓവറില്‍ 333 റണ്‍സാണ് നേപ്പാളിന് വിജയിക്കാന്‍ ആവശ്യമായുള്ളത്.

Content Highlight: Iftikhar Ahmed  scores maiden ODI centaury

We use cookies to give you the best possible experience. Learn more