അമ്പോ, 106 മീറ്റര്‍ ദൂരം പറത്തി സിക്‌സറോ, എങ്ങനെ സാധിക്കുന്നു?; പാക് താരത്തെ പ്രശംസിച്ച് ആരാധകര്‍
Cricket
അമ്പോ, 106 മീറ്റര്‍ ദൂരം പറത്തി സിക്‌സറോ, എങ്ങനെ സാധിക്കുന്നു?; പാക് താരത്തെ പ്രശംസിച്ച് ആരാധകര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 3rd November 2022, 11:04 pm

ടി-20യില്‍ മികച്ച പ്രകടനമായിരുന്നു ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തില്‍ പാകിസ്ഥാന്‍ കാഴ്ചവെച്ചത്. മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ മഴനിയമപ്രകാരം 33 റണ്‍സിന് പാകിസ്ഥാന്‍ തകര്‍ത്തുവിടുകയായിരുന്നു.

മഴമൂലം 14 ഓവറില്‍ 142 റണ്‍സായി പുതുക്കി നിശ്ചയിച്ച വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ് തുടര്‍ന്ന ദക്ഷിണാഫ്രിക്കക്ക് ഒമ്പത് വിക്കറ്റിന് 108 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.

പാക് ബാറ്റിങ്ങില്‍ തിളങ്ങിയത് സൂപ്പര്‍താരം ഇഫ്തിഖര്‍ അഹമ്മദ് ആയിരുന്നു. താരത്തെ പ്രശംസിച്ച് നിരവധിയാളുകളാണ് രംഗത്തെത്തിയത്. മത്സരത്തില്‍ താരത്തിന്റെ ഒരു കിടിലന്‍ സിക്‌സറുണ്ടായിരുന്നു. 106 മീറ്ററാണ് ഇഫ്തിഖര്‍ പറത്തിയ സിക്‌സറിന്റെ ദൂരം.

പാകിസ്ഥാന്‍ ഇന്നിങ്‌സിലെ 16ാം ഓവറിലായിരുന്നു ഈ സിക്‌സ്. പേസര്‍ ലുങ്കി എന്‍ഗിഡി എറിഞ്ഞ പന്ത് ഡീപ് സ്‌ക്വയര്‍ ലെഗിലൂടെ ഗാലറിയിലേക്ക് പറക്കുകയായിരുന്നു.

കൂറ്റന്‍ സിക്‌സര്‍ നേടിയ ഇഫ്തിഖറിനെ സഹതാരം ഷദാബ് ഖാന്‍ അഭിനന്ദിക്കുകയും ചെയ്തു. ഈ ഓവറില്‍ എന്‍ഗിഡി 15 റണ്‍സ് വഴങ്ങി.

മത്സരത്തില്‍ അര്‍ധസെഞ്ചുറികളുമായി 35 പന്തില്‍ 82 റണ്‍സിന്റെ കൂട്ടുകെട്ട് ഇഫ്തിഖറും ഷദാബും സൃഷ്ടിച്ചിരുന്നു. ഷദാബിന്റെ ഓള്‍റൗണ്ടും ഇഫ്തിഖറിന്റെ ബാറ്റിങ്ങും കൊണ്ട് ശ്രദ്ധേയമായ കളിയില്‍ പാക് പേസര്‍ ഷഹീന്‍ ഷാ അഫ്രീദി മൂന്ന് വിക്കറ്റ് നേടി.

ഇഫ്തിഖര്‍ 35 പന്തില്‍ 51 ഉം ഷദാബ് 22 പന്തില്‍ 52 റണ്‍സും നേടി പുറത്തായി. ഇതിന് പുറമെ 16 റണ്‍സിന് രണ്ട് വിക്കറ്റ് നേടിയ ഷദാബായിരുന്നു മത്സരത്തിലെ മറ്റൊരു താരം.

സിഡ്‌നിയില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 20 ഓവറില്‍ 9 വിക്കറ്റിന് 185 റണ്‍സ് നേടിയിരുന്നു. മറുപടി ബാറ്റിങ്ങില്‍ പ്രോട്ടീസ് 9 ഓവറില്‍ 69-4 എന്ന സ്‌കോറില്‍ നില്‍ക്കേ മഴയെത്തിയതോടെയാണ് വിജയലക്ഷ്യം പുതുക്കി നിശ്ചയിച്ചത്.

Content Highlights: Iftikhar Ahmed has smashed the longest six of the T20 World Cup 2022 so far