ന്യൂദല്‍ഹി: രാഷ്ട്രപതി ഭവനില്‍ ഇഫ്താര്‍ വിരുന്ന് വേണ്ടെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. മതേതതര മൂല്യങ്ങളെ മുന്‍ നിര്‍ത്തിയാണ് ഇഫ്താര്‍ വിരുന്ന് ഉപേക്ഷിക്കുന്നതെന്നാണ് രാഷ്ട്രപതി ഭവന്‍ പറഞ്ഞത്.
നികുതിപ്പണം ഉപയോഗിച്ച് ഒരു മതത്തിന്റെയും ആഘോഷങ്ങള്‍ വേണ്ടെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞതായും രാഷ്ട്രപതി ഭവന്‍ വ്യക്തമാക്കി.
നേരത്തെ ആര്‍.എസ്.എസ് ആസ്ഥാനത്ത് ഇഫ്താര്‍ വിരുന്ന് നടത്തണമെന്ന രാഷ്ട്രീയ മുസ്‌ലിം മഞ്ചിന്റെ അപേക്ഷ ആര്‍.എസ്.എസ് നേതൃത്വം തള്ളിയിരുന്നു. ആര്‍.എസ്.എസിന്റെ പോഷകസംഘടനയാണ് രാഷ്ട്രീയ മുസ്‌ലിം മഞ്ച്.
കഴിഞ്ഞയാഴ്ചയാണ് മഹാരാഷ്ട്ര മഞ്ച് കണ്‍വീനറായ മുഹമ്മദ് ഫറൂഖ് ഷെയ്ഖ് ഇഫ്താര്‍ വിരുന്നിന് അനുമതി തേടിക്കൊണ്ട് ആര്‍.എസ്.എസ് മഹാനഗര്‍ സംഘചാലക് രാജേഷ് ലോയയ്ക്ക് അപേക്ഷ നല്‍കിയത്. സ്മൃതി മന്ദിറില്‍വെച്ച് പരിപാടി നടത്താനായിരുന്നു ഉദ്ദേശ്യം. എന്നാല്‍ അപേക്ഷ തള്ളിയ ആര്‍.എസ്.എസ് ഇവിടെ ഒരു പാര്‍ട്ടിയും നടത്താന്‍ പാടില്ല എന്നറിയിക്കുകയായിരുന്നു.
“അത്തരത്തിലുള്ള ഒരു പരിപാടിയും സ്മൃതി മന്ദിറില്‍ നടത്താന്‍ പറ്റില്ല. മാത്രമല്ല സ്മൃതി മന്ദിറില്‍ ഇപ്പോള്‍ മൂന്നാംവര്‍ഷ പരിശീലനക്യാംപ് നടന്നുകൊണ്ടിരിക്കുകയാണ്.” എന്നായിരുന്നു ആര്‍.എസ്.എസ്. നേതൃത്വത്തിന്റെ വിശദീകരണം.