| Saturday, 3rd August 2019, 5:49 pm

10 വര്‍ഷം മുന്‍പ് ബി.ജെ.പി നേതാവിനെതിരെ നടപടിയെടുത്തു; ഐ.എഫ്.എസ് ഉദ്യോഗസ്ഥന് മോദിസര്‍ക്കാരിന്റെ വക നിര്‍ബന്ധിത വിരമിക്കല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 10 വര്‍ഷം മുന്‍പ് ബി.ജെ.പി നേതാവിനെതിരെ നടപടിയെടുത്ത ഐ.എഫ്.എസ് ഉദ്യോഗസ്ഥനെതിരെ മോദിസര്‍ക്കാരിന്റെ പ്രതികാര നടപടി. കര്‍ണാടകത്തിലെ ഖനിഭീമനായ ബി.ജെ.പി നേതാവും ആന്ധ്രാപ്രദേശിലെ വൈ.എസ്.ആര്‍ സര്‍ക്കാരും തമ്മിലുള്ള അവിശുദ്ധ ബന്ധം വെളിച്ചത്തുകൊണ്ടുവന്ന ഐ.എഫ്.എസ് ഉദ്യോഗസ്ഥനാണ് കേന്ദ്രം ഇപ്പോള്‍ നിര്‍ബന്ധിത വിരമിക്കല്‍ നല്‍കിയിരിക്കുന്നത്.

ആന്ധ്രാപ്രദേശ് കേഡറിലെ 1991 ബാച്ച് ഉദ്യോഗസ്ഥനായ കല്ലോല്‍ ബിശ്വാസിനാണ് ബി.ജെ.പിയുടെ പ്രതികാരനടപടിയേല്‍ക്കേണ്ടിവന്നത്. മുന്‍ ചീഫ് സെക്രട്ടറി ദിനേഷ് കുമാര്‍ അധ്യക്ഷനായ സമിതി ഒരുവര്‍ഷം മുന്‍പ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ആന്ധ്രയിലെ അനന്തപുരില്‍ ഡി.എഫ്.ഒ ആയിരിക്കെ റെഡ്ഢിമാരുടെ ഒബുലപുരം ഖനനക്കമ്പനിയുമായി (ഒ.എം.സി) ബന്ധപ്പെട്ട കേസ് കൈകാര്യം ചെയ്യവെ ബിശ്വാസ് നിയമം ലംഘിച്ചുവെന്ന കണ്ടെത്തലായിരുന്നു സമിതിയുടെ ഭാഗത്തുനിന്നുണ്ടായത്.

കര്‍ണാടകത്തിലെ ബെല്ലാരിയിലുള്ള ബി.ജെ.പി നേതാവ് ഗലി ജനാര്‍ദ്ദന്‍ റെഡ്ഢിയും വൈ.എസ്.ആര്‍ സര്‍ക്കാരും തമ്മിലുള്ള ബന്ധം അന്വേഷിച്ച ബിശ്വാസ്, റെഡ്ഢിയുടെ ചില അഴിമതികള്‍ കണ്ടെത്തുകയും ശേഷം കേസ് സി.ബി.ഐക്കു കൈമാറുകയും ചെയ്തു.

2009-ല്‍ ഒ.എം.സിയുടെ ഖനന ലൈസന്‍സുകള്‍ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട ബിശ്വാസ് നോട്ടീസുകള്‍ പുറപ്പെടുവിച്ചു. തുടര്‍ന്ന് അദ്ദേഹത്തിനെതിരെ ഭീഷണികള്‍ വരുകയും ഒളിവില്‍പ്പോകേണ്ടിവരികയും ചെയ്തു.

കര്‍ണാടകത്തിലെയും ആന്ധ്രയിലെയും ഖനികളുടെ സര്‍വേ നിര്‍ത്തിവെയ്ക്കാന്‍ അന്നത്തെ വൈ.എസ്.ആര്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനു പിന്നിലും റെഡ്ഢിയുമായുള്ള ബന്ധമാണെന്ന് ഒരു തെലുഗു മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

ഇപ്പോള്‍ ബിശ്വാസിനെ നിര്‍ബന്ധിതമായി വിരമിപ്പിക്കാനുള്ള തീരുമാനം വന്നത് വൈ.എസ്.ആറിന്റെ മകന്‍ വൈ.എസ് ജഗന്മോഹന്‍ റെഡ്ഢി അധികാരത്തില്‍ കയറിയപ്പോഴാണ് എന്നതു ശ്രദ്ധേയമാണ്. മോദിസര്‍ക്കാരുമായി അടുത്തബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ് ജഗന്‍.

രണ്ടുമാസം മുന്‍പ് അഴിമതിയും നിയമലംഘനങ്ങളും കണ്ടെത്തിയതിനെത്തുടര്‍ന്ന് ഒട്ടേറെ ഉദ്യോഗസ്ഥര്‍ക്കു മോദിസര്‍ക്കാര്‍ നിര്‍ബന്ധിത വിരമിക്കല്‍ നല്‍കിയിരുന്നു.

We use cookies to give you the best possible experience. Learn more