| Tuesday, 22nd February 2022, 11:43 pm

മലയാള സിനിമയുടെ പകരം വെക്കാനില്ലാത്ത മുഖം; കെ.പി.എസി ലളിതക്ക് അനുശോചന പ്രവാഹം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലയാളത്തിന്റെ പ്രിയ നായിക കെ.പി.എ.സി ലളിതക്ക് ആദരാഞ്ജലി അര്‍പ്പിച്ച് മലയാള രാഷ്ട്രീയ, സാംസാരിക, സിനിമ ലോകം. പ്രതികരണങ്ങള്‍ വായിക്കാം.

പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ

മലയാള സിനിമാ-നാടക വേദിയിലെ അതുല്യ പ്രതിഭയായ കെ.പി.എ.സി ലളിതയ്ക്ക്‌ ആദരാഞ്ജലി… അസാധാരണ അഭിനയ പാടവം കൊണ്ട് ഓരോ കഥാപാത്രത്തെയും അവർ അനുപമമാക്കി. കഥാപാത്രങ്ങളോട് അങ്ങേയറ്റം നീതി പുലർത്തിയ അഭിനേത്രി… സ്വാഭാവിക അഭിനയത്തിന്റെ പാഠശാല… നാടകവേദി മൂർച്ച കൂട്ടിയതാണ് കെ.പി.എ.സി ലളിതയുടെ അഭിനയ പാടവം.

കേരള സംഗീത നാടക അക്കാദമി അധ്യക്ഷയെന്ന നിലയിലും അവർ പ്രവർത്തിച്ചു. രണ്ടോ മൂന്നോ തലമുറകൾക്കൊപ്പം സഞ്ചരിച്ച അഭിനേത്രിയാണ് കെ.പി.എ.സി ലളിത. അഞ്ച് പതിറ്റണ്ടിലേറെ നീണ്ട അഭിനയ സപര്യയ്ക്ക് അവസാനം . ആ വലിയ വ്യക്തിത്വത്തിന്, കലാകാരിക്ക് പ്രണാമം.

May be an image of 1 person

സ്പീക്കര്‍ എം.ബി. രാജേഷ്

കേരളത്തിൻ്റെ പ്രിയങ്കരിയായ അഭിനേത്രി കെ പി എ സി ലളിതയുടെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. വളരെ സ്വാഭാവികമായും അനായാസമായും അഭിനയിച്ച് കഥാപാത്രത്തോട് ലയിച്ചു ചേരുന്ന സവിശേഷ സിദ്ധിയായിരുന്നു കെ പി എ സി ലളിതക്കുണ്ടായിരുന്നത്. നാടക രംഗത്തു നിന്നുള്ള നല്ല അനുഭവത്തിന്റെ കരുത്തും വൈവിധ്യവും ആഴവും അവരുടെ സിനിമാ അഭിനയത്തെ അവിസ്മരണീയമാക്കി. അഭിനയിച്ച കഥാപാത്രങ്ങളിലെല്ലാം കെ പി എ സി ലളിതയുടെ മുദ്ര പതിഞ്ഞിരുന്നു.

എനിക്ക് ഏറെ ഇഷ്ടമുള്ള നടിയാണവർ. വ്യക്തിപരമായി വളരെ നല്ല സ്നേഹബന്ധം കാത്തുസൂക്ഷിക്കാൻ കഴിഞ്ഞു. എംപിയായിരിക്കുമ്പോൾ ഒന്നിച്ച് നിരവധി സാംസ്കാരിക പരിപാടികളിൽ പങ്കെടുത്തതിൻ്റെ ഊഷ്മളമായ ഓർമകളുണ്ട്. കേരളത്തിൻ്റെ ഇടതുപക്ഷ സാംസ്കാരിക മുന്നേറ്റത്തിലൂടെ കലാ രംഗത്തെത്തിയ അവർ നാടിൻ്റെയാകെ പ്രിയപ്പെട്ട കലാകാരിയായി വളർന്നു. സാംസ്കാരിക കേരളത്തിന് വലിയ നഷ്ടമാണുണ്ടായിരിക്കുന്നത്. അഭിനയിച്ച കഥാപാത്രങ്ങളിലൂടെ അവർ അനശ്വരയായി ആസ്വാദക മനസ്സിൽ ഉണ്ടാകും. സിനിമാ ആസ്വാദകരുടെയും കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.

May be an image of 1 person

മഞ്ജു വാര്യർ

അമ്മയെപ്പോലെ സ്‌നേഹിച്ചിരുന്ന ഒരാള്‍ ആണ് യാത്രയാകുന്നത്. ചേച്ചീ എന്നാണ് വിളിച്ചിരുന്നതെങ്കിലും മനസില്‍ എന്നും അമ്മ മുഖമാണ്. ഒരുമിച്ച് ചെയ്ത ഒരുപാട് സിനിമകളുടെ ഓര്‍മകളില്ല. പക്ഷേ ഉള്ളതില്‍ നിറയെ വാത്സല്യം കലര്‍ന്നൊരു ചിരിയും ചേര്‍ത്തു പിടിക്കലുമുണ്ട്. ‘മോഹന്‍ലാല്‍ ‘ എന്ന സിനിമയില്‍ അമ്മയായി അഭിനയിച്ചതാണ് ഒടുവിലത്തെ ഓര്‍മ. അഭിനയത്തിലും ലളിതച്ചേച്ചി വഴികാട്ടിയായിരുന്നു. അമ്മയെപ്പോലെ സ്‌നേഹിക്കുകയും അധ്യാപികയെപ്പോലെ പലതും പഠിപ്പിക്കുകയും ചെയ്ത, അതുല്യ കലാകാരിക്ക് വിട.

കെ.കെ രമ എം.എൽ.എ

കേരളത്തിന്റെ മുഖച്ഛായ മാറ്റിയ കെ.പി.എസിയിലൂടെ അഭിനയരംഗത്ത് വന്ന് മലയാള ചലച്ചിത്ര രംഗത്തെ
അഞ്ചു പതിറ്റാണ്ടിലേറെയായി
തന്റെ പ്രതിഭാസാന്നിദ്ധ്യം കൊണ്ട് അവിസ്മരണീയമാക്കിയ അതുല്യ പ്രതിഭയായിരുന്നു കെ പി എ സി ലളിത. ഹാസ്യവും ഗൗരവവും സങ്കടവുമെല്ലാം ആ മുഖത്ത് അയത്‌നലളിതമായി തെളിഞ്ഞു വരും. എത്രയെത്ര അവിസ്മരണീയ കഥാപാത്രങ്ങള്‍ അവര്‍ നമുക്ക് പകര്‍ന്നു തന്നു.
കേരളത്തിന്റെ കലാ സാംസ്‌കാരിക രംഗങ്ങള്‍ക്ക് തീരാ നഷ്ടവും മലയാളിയുടെ മാറാത്ത നൊമ്പരവുമാണ് ഈ വേര്‍പാട് .
കെ.പി.എസി ലളിതയ്ക്ക് ആദരാഞ്ജലികള്‍.

May be a closeup of 1 person

മുന്‍ മന്ത്രി എ.കെ. ബാലൻ

കെ പി എ സി ലളിതയുടെ വിയോഗം ഏറെ ദുഃഖകരമാണ്. വളരെ സവിശേഷമായ അഭിനയശേഷിയുള്ള ലളിതയെ ആരാധനയോടെയാണ് കണ്ടിട്ടുള്ളത്. അഞ്ച് വര്‍ഷം സാംസ്‌കാരിക വകുപ്പിന്റെ ചുമതല വഹിച്ച മന്ത്രിയെന്ന നിലയില്‍ , കേരള സംഗീത നാടക അക്കാദമി അധ്യക്ഷയായിരുന്ന കെ പി എ സി ലളിതയോട് നിരന്തരം ആശയ വിനിമയം നടത്താന്‍ അവസരം കിട്ടി. കറകളഞ്ഞ സ്‌നേഹവും ലാളിത്യവും അവരുടെ വ്യക്തിപരമായ സ്വഭാവഗുണങ്ങളായിരുന്നു. മരിക്കുവോളം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തോട് അവര്‍ പ്രതിബദ്ധത പുലര്‍ത്തി. കെ പി എ സി ലളിതയുടെ നിര്യാണം കേരളത്തിന്റെ സാംസ്‌കാരിക രംഗത്തിന് തീരാനഷ്ടമാണ്. കുടുംബാംഗങ്ങളുടെയും കലാ ആസ്വാദകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു.

CONTENT HIGHLIGHTS: Malayalam political, cultural and cinema pays homage to KPAC Lalitha, the beloved heroine of Malayalam

We use cookies to give you the best possible experience. Learn more