കൊച്ചി: കൊച്ചിയും കേരളവും തീവ്രവാദികളുടെ കേന്ദ്രമായി മാറിയിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് പി.ടി തോമസും ബി.ജെ.പി എം.പി വി. മുരളീധരനും.
അല്‍ ഖ്വയ്ദ തീവ്രവാദ ഗ്രൂപ്പില്‍പ്പെട്ട മൂന്ന് പേരെ എറണാകുളത്ത് നിന്നും എന്‍.ഐ.എ അറസ്റ്റ് ചെയ്തതിലായിരുന്നു ഇരുവരുടേയും പ്രതികരണം.
കേരളത്തില്‍ ഇപ്പോള്‍ ഒരു ഭാഗത്ത് സ്വര്‍ണക്കള്ളക്കടത്തുകാരും മറുഭാഗത്ത് കസ്റ്റംസിനേയും എന്‍.ഐ.എയേയും പോലുള്ള ദേശീയ ഏജന്‍സികളെ വെട്ടിച്ച് രാജ്യദ്രോഹപ്രവര്‍ത്തനം നടത്തുന്നവരുമാണ് ഉള്ളതെന്ന് പി.ടി തോമസ് പറഞ്ഞു.
അല്‍ഖ്വയ്ദ പോലുള്ള സംഘടനകളില്‍ നിന്നുള്ളവരെ കേരളത്തില്‍ നിന്നും പിടികൂടിയിരിക്കുകയാണെന്നും കൊച്ചിയും കേരളവും തീവ്രവാദികളുടെ കേന്ദ്രമായി മാറുന്നുവെന്നത് ഞെട്ടലോടെയാണ് കേള്‍ക്കേണ്ടതെന്നുമായിരുന്നു പി.ടി തോമസ് പറഞ്ഞത്.
അല്‍ഖ്വയ്ദ ഭീകരരുടെ അറസ്റ്റിന്റെ പേരില്‍ കേരളത്തിനെതിരെ വിദ്വേഷ പ്രചരണവുമായി കേന്ദ്രമന്ത്രി വി മുരളീധരനും രംഗത്തെത്തുകയായിരുന്നു. കേരളം ദേശ വിരുദ്ധരുടെയും തീവ്രവാദികളുടെയും സുരക്ഷിത താവളമാവുന്നു എന്നായിരുന്നു വി മുരളീധരന്റെ ആക്ഷേപം.
അറസ്റ്റിലായവര്‍ മലയാളികള്‍ അല്ലെന്നിരിക്കെയായിരുന്നു മുരധീധരന്റെ ഇത്തരത്തിലുള്ള പ്രതികരണം.
ഗ്രാമങ്ങളിലായാലും പട്ടണങ്ങളിലായാലും ഇത്തരക്കാരെ കണ്ടെത്താന്‍ കൂടുതല്‍ ജനകീയ പങ്കാളിത്തം വേണമെന്നും പരിചയമില്ലാത്ത പുതിയ ആളുകളൊക്കെ വന്ന് ഒളിസങ്കേതമായി ഉപയോഗിക്കുന്നത് കണ്ടെത്താന്‍ വിശാലമായ ഒരു നടപടിയിലേക്ക് നീങ്ങണമെന്നുമുള്ള നിര്‍ദേശമായിരുന്നു പി.ടി തോമസ് മുന്നോട്ട് വെച്ചത്.
പൊലീസിനോ മറ്റുള്ളവര്‍ക്കോ കണ്ടെത്തുന്നതിനേക്കാള്‍ ഇത്തരക്കാരെ കണ്ടെത്താന്‍ കഴിയുക തദ്ദേശവാസികള്‍ക്കാണെന്നും ആ കാര്യത്തിലൊക്കെ വളരെ ശ്രദ്ധയുണ്ടാകണമെന്ന് കൂടി പി.ടി തോമസ് പറഞ്ഞു.
കൊച്ചിയും കേരളവും തീവ്രവാദികളുടെ കേന്ദ്രമായി മാറുന്നുവെന്നത് ഞെട്ടലോടെയാണ് കേള്‍ക്കേണ്ടത്. മൂന്ന് നാല് മാസമായി കേരളത്തെ ഞെട്ടിക്കുന്ന വാര്‍ത്തയാണ് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് വരുന്നത്. അതിന് പിന്നിലും ദേശവിരുദ്ധ ശക്തികളുടെ ഇടപെടലാണ്.. അതില്‍ നിരവധി പേരെ ഇപ്പോള്‍ അന്വേഷണ സംഘം പിടിച്ചിരിക്കുന്നു. അതിനോട് ചേര്‍ത്ത് നിര്‍ത്താന്‍ പറ്റില്ലെങ്കിലും രാജ്യത്തെ ദുര്‍ബലപ്പെടുത്തുന്ന തീവ്രവാദികളുടെ സാന്നിധ്യമാണ് ഇപ്പോള്‍ കേരളത്തില്‍ കണ്ടെത്തിയിരിക്കുന്നത്. അത് ഗൗരവത്തോടെ കാണേണ്ട കാര്യം തന്നെയാണ്. കേരളത്തിലെ ഇന്റലിജന്‍സും സ്‌പെഷ്യല്‍ ബ്രാഞ്ചും ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതാണെന്നും പി.ടി തോമസ് പറഞ്ഞു.
ഇന്ന് പുലര്‍ച്ചെയാണ് അല്‍ ഖ്വയ്ദ തീവ്രവാദഗ്രൂപ്പുകളുമായി ബന്ധമുള്ളവരെന്ന് സംശയിക്കുന്ന മൂന്ന് പേരെ ദേശീയ അന്വേഷണ ഏജന്‍സി എറണാകുളത്ത് നിന്ന് അറസ്റ്റ് ചെയ്തത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നടത്തിയ റെയിഡില്‍ ഒന്‍പത് പേരെയാണ് പിടികൂടിയത്. ഇവരില്‍ ആറ് പേരെ ബംഗാളിലെ മൂര്‍ഷിദാബാദില്‍ നിന്നും മൂന്ന് പേരെ എറണാകുളത്ത് നിന്നുമാണ് പിടികൂടിയത്.
മുര്‍ഷിദ് ഹസന്‍, യാക്കൂബ് ബിശ്വാസ്, മൊഷര്‍ഫ് ഹസന്‍ എന്നിവരെയാണ് കേരളത്തില്‍ നിന്നും പിടികൂടിയത്. മൂന്ന് പേരും ബംഗാള്‍ സ്വദേശികളാണെന്നാണ് സൂചന.
രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഒരു തീവ്രവാദ ഗ്രൂപ്പിനെക്കുറിച്ച് നേരത്തെ വിവരം കിട്ടിയിരുന്നെന്നും ഇതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയതെന്നും എന്‍.ഐ.എ വ്യക്തമാക്കി.
പശ്ചിമ ബംഗാളും കേരളവും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി ആക്രമണം നടത്തി ആളുകളെ കൊല്ലാനാണ് പദ്ധതിയിട്ടിരുന്നതെന്നും അന്വേഷണ ഏജന്‍സി പറയുന്നു.
സെപ്തംബര്‍ 17ന് തന്നെ ഇവരെ കസ്റ്റഡിയിലെടുത്തിരുന്നെന്നും കഴിഞ്ഞ ദിവസം ഇവരെ ചോദ്യം ചെയ്തിരുന്നെന്നും എന്‍.ഐ.എ അറിയിച്ചു.
പിടികൂടിയവരെ എന്‍.ഐ.എയുടെ ദല്‍ഹി യൂണിറ്റിന് കൈമാറിയേക്കും. മൂന്ന് പേരെ കേരളത്തില്‍ നിന്ന് പിടികൂടിയ സാഹചര്യത്തില്‍ തിരുവനന്തപുരം അടക്കമുള്ള കേന്ദ്രങ്ങളിലും അന്വേഷണം നടക്കാന്‍ സാധ്യതയുണ്ടെന്നും എന്‍.ഐ.എ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: PT Thomas and V Muraleedharan said Kochi and Kerala have become centers of terrorists