ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ മത്സരിക്കുന്ന രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച ബി.ജെ.പിക്ക് മറുപടിയുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. രാഹുലിന്റെ കാര്യത്തില്‍ ബി.ജെ.പിക്കെന്തിനാണ് ഇത്ര വിഷമമെന്ന് കെ.സി വേണുഗോപാല്‍ ചോദിച്ചു.
രാഹുല്‍ ഗാന്ധി അമേഠിയില്‍ പരാജയപ്പെടുമെന്ന് ഭയന്നാണ് വയനാട്ടില്‍ മത്സരിക്കുന്നതെന്ന് ബി.ജെ.പി വിമര്‍ശിച്ചിരുന്നു. ആദ്യഘട്ട പട്ടികയില്‍ 39 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ മാത്രമാണ് പ്രഖ്യാപിച്ചതെന്നും ബാക്കി സീറ്റുകളില്‍ ഉടന്‍ പ്രഖ്യാപനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
“എന്തിനാണ് രാഹുല്‍ ഗാന്ധിയെ ആലോചിച്ച് ബി.ജെ.പി വിഷമിക്കുന്നത്. അമേഠിയിലും റായ്ബറേലിയിലും വിജയിക്കുമെന്ന ആത്മവിശ്വാസം ഞങ്ങള്‍ക്ക് ഉണ്ട്”, കെ.സി വേണുഗോപാല്‍ പറഞ്ഞു.
ബിജെപിയോ പ്രധാനമന്ത്രി നരേന്ദ്ര മോദിയോ അല്ല രാജ്യത്തെ ജനങ്ങളാണ് എല്ലാമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ജനങ്ങളാണ് ഇന്ത്യയുടെ ഭാവി തീരുമാനിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എട്ട് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായി 39 സ്ഥാനാര്‍ത്ഥികളുടെ ആദ്യഘട്ട പട്ടിക കോണ്‍ഗ്രസ് വെള്ളിയാഴ്ച പ്രഖ്യാപിച്ചു. കേരളത്തിലെ നേതാക്കളുടെ സമ്മര്‍ദത്തിന് വഴങ്ങി വയനാട്ടില്‍ രാഹുല്‍ ഗാന്ധി തന്നെയാണ് മത്സരിക്കുന്നത്. എന്നാല്‍ ഉത്തര്‍പ്രദേശിലെ സീറ്റുകളില്‍ കോണ്‍ഗ്രസില്‍ തീരുമാനമായിട്ടില്ല. അതില്‍ തീരുമാനമായാല്‍ വയനാടിന് പുറമേ അമേഠിയിലോ റായ്ബറേലിയിലോ രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ സാധ്യതയുണ്ട്.
Content Highlight: Cong reacts to BJP’s criticism over Amethi seat: ‘Why so worried about Rahul Gandhi’