ചലച്ചിത്രമേളയുടെ മത്സരവിഭാഗത്തില്‍ മലയാളിയായ വിധു വിന്‍സെന്റിന്റെ ചിത്രം മാന്‍ഹോള്‍ രണ്ട് അവാര്‍ഡുകള്‍ നേടി. മികച്ച നവാഗത സംവിധായിയ്ക്കുള്ള രജതചകോരവും മികച്ച മലയാള ചിത്രത്തിനുമുള്ള ഫിപ്രസി അവാര്‍ഡുമാണ് ചിത്രം നേടിയത്.
തിരുവനന്തപുരം: 21-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ താരമായി ഈജിപ്ഷ്യന്‍ ചിത്രം ക്ലാഷ്. മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരവും പ്രേക്ഷകര്‍ തെരഞ്ഞെടുത്ത മികച്ച ചിത്രത്തിനുള്ള രജത ചകോരവുമാണ് മുഹമ്മദ് ദിയാബ് സംവിധാനം ചെയ്ത ചിത്രം കരസ്ഥമാക്കിയത്.
ചലച്ചിത്രമേളയുടെ മത്സരവിഭാഗത്തില്‍ മലയാളിയായ വിധു വിന്‍സെന്റിന്റെ ചിത്രം മാന്‍ഹോള്‍ രണ്ട് അവാര്‍ഡുകള്‍ നേടി. മികച്ച നവാഗത സംവിധായിയ്ക്കുള്ള രജതചകോരവും മികച്ച മലയാള ചിത്രത്തിനുമുള്ള ഫിപ്രസി അവാര്‍ഡുമാണ് ചിത്രം നേടിയത്. മൂന്നു ലക്ഷം രൂപയാണ് സമ്മാനത്തുക.
മികച്ച സംവിധാനത്തിനുള്ള രജതചകോരം ക്ലെയര്‍ ഒബ്‌സ് ക്വുര്‍ സംവിധാനം ചെയ്ത യെസിം ഒസ്ത ലാഗുനാണ്. മികച്ച അന്താരാഷ്ട്ര ചിത്രത്തിനുള്ള ഫിപ്രസി പുരസ്‌കാരം വെയര്‍ഹൗസഡിനാണ്. മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരം കോള്‍ഡ് ഓഫ് കലന്ദറും മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരം രാജീവ് രവിയുടെ കമ്മട്ടിപ്പാടവും സ്വന്തമാക്കി.
മേളയില്‍ പ്രേക്ഷകപ്രീതി നേടിയ ക്ലാഷ് ഈജിപ്തിലെ മുല്ലപ്പൂ വിപ്ലവത്തിന്റെ പശ്ചാത്തലത്തില്‍ തയ്യാറാക്കിയ ചിത്രമാണ്. പ്രേക്ഷകരുടെ ആവശ്യപ്രകാരം അഞ്ച് തവണയാണ് ക്ലാഷ് മേളയില്‍ പ്രദര്‍ശിപ്പിച്ചത്. നിശാഗന്ധിയില്‍ നടന്ന സമാപനച്ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു. ജൂറി ചെയര്‍മാന്‍ മിഷേല്‍ ഖലീഫി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മന്ത്രിമാരായ എ.കെ ബാലന്‍, കടകംപള്ളി സുരേന്ദ്രന്‍, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ബീന പോള്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.
15 ലക്ഷം രൂപയാണ് സുവര്‍ണചകോരത്തിനുള്ള പുരസ്‌കാരത്തുക. മികച്ച സംവിധായകനുള്ള രജതചകോരത്തിന് നാലു ലക്ഷം രൂപയാണ് സമ്മാനത്തുക.