| Saturday, 17th December 2022, 5:22 pm

രഞ്ജിത്ത് മാറിയിട്ടില്ല, വിനായകനോട് ഉപയോഗിച്ച മാടമ്പിത്തരത്തിന്റെ ഭാഷാ റഫറന്‍സില്‍ നിന്നും ഒരു അനക്കം പോലും അയാള്‍ മുന്നോട്ട് പോയിട്ടില്ല

അനുപമ മോഹന്‍

ഒരു പ്രത്യേക വിഭാഗം ആളുകള്‍ മാത്രം കൈകാര്യം ചെയ്തുകൊണ്ടിരുന്ന സ്ഥലങ്ങളും സാധനങ്ങളും ജനകീയമാവുന്നത് അവര്‍ സഹിച്ചുകൊള്ളണമെന്നില്ല. സൊസൈറ്റിയിലെ എല്ലാ ക്ലാസ്സില്‍ പെട്ടവരും ഇത്തരം സ്‌പേസുകളില്‍ പ്രത്യക്ഷപ്പെടുന്നത് എലൈറ്റ് ആയ ചിലരിലെങ്കിലും അസഹിഷ്ണുതയുമുണ്ടാക്കും.

ഉദാഹരണത്തിന് എല്ലാ വിഭാഗത്തില്‍ നിന്നും എഴുത്തുകാരും പ്രസാധകരുമുണ്ടാകുന്നത് തലമൂത്ത പല എഴുത്തുകാര്‍ക്കും സഹിക്കാന്‍ പറ്റണമെന്നില്ല. ജാതിക്കൊണ്ടൊ സോഷ്യല്‍ സ്റ്റാറ്റസ് കൊണ്ടോ ഉയര്‍ന്നു നില്‍ക്കുന്നവരുടെ സ്ഥലങ്ങളിലേക്ക് എല്ലാവരും കയറിവരുന്നത് അവരില്‍ ബുദ്ധിമുട്ടുണ്ടാക്കും.

‘കണ്ട ചവറുകള്‍ പ്രസിദ്ധീകരിക്കാന്‍ വരെ ആളുണ്ടെന്നും സാഹിത്യത്തെ കുറിച്ച് ഒന്നുമറിയാത്തവന്‍ വരെ എഴുതി തുടങ്ങുയെന്നും’ പറയുന്നത് ഈ ബോധത്തിന്റെ പുറത്താണ്. അവര്‍ക്ക് മാത്രം കിട്ടിക്കൊണ്ടിരുന്ന ബഹുമാനവും സ്വീകാര്യതയും എല്ലാവര്‍ക്കും കിട്ടിത്തുടങ്ങുന്നത് അവര്‍ക്ക് സഹിക്കില്ല.

ഈ ഒരു ബുദ്ധിമുട്ട് സൊസൈറ്റിയുടെ എല്ലാ മേഖലകളിലും പ്രകടമാണ്. അഡിഡാസിന്റെ ഷൂ ഒരു വിഭാഗം മാത്രം ഉപയോഗിക്കുമ്പോഴേ അത് ഉയര്‍ന്ന ബ്രാന്‍ഡാവുന്നുള്ളൂ. എല്ലാവരും ഉപയോഗിക്കാന്‍ തുടങ്ങുമ്പോള്‍ ആദ്യകാലങ്ങളില്‍ ഇത് ഉപയോഗിച്ച് തുടങ്ങിയ ആള്‍ക്ക് ഒരു പ്രശ്‌നം വരും. ബ്രാന്‍ഡുകള്‍ ജനകീയമാവുന്നത് അതിന്റെ ലക്ഷ്വറി ഇല്ലാതാക്കും.

എല്ലാവരും മള്‍ട്ടിപ്ലക്‌സില്‍ പോയി സിനിമ കാണുന്നതും ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും സാധനം വാങ്ങുന്നതും കെ.എഫ്.സിയില്‍ നിന്നും ഫുഡ് കഴിക്കുന്നതും അത് കുത്തകയാക്കി വെച്ചിരുന്ന സാമ്പത്തികമായി ഉയര്‍ന്ന ആളുകളെ അലോസരപ്പെടുത്തും.

ഐ.എഫ്.എഫ്.കെയിലും ഇത് തന്നെയാണ് സംഭവിക്കുന്നത്. ഒരു കാലത്ത് സൊസൈറ്റിയിലെ ഒരു പ്രത്യേക ലയറില്‍ നിന്നുള്ളവര്‍ മാത്രം പ്രത്യക്ഷപ്പെട്ടിരുന്ന സിനിമാ സദസ്സിലേക്ക് യാതൊരു ഫില്‍ട്ടറും കൂടാതെ എല്ലാവരും കയറിവരികയാണ് ഇന്ന്. അത് ചിലര്‍ക്ക് ദഹിക്കണമെന്നില്ല. കസേര വലിച്ചിട്ട് അവര്‍ സിനിമയെ കുറിച്ച് സംസാരിക്കുന്നത് സംഘാടകര്‍ ഐ.എഫ്.എഫ്.കെയുടെ വിജയമായി കാണണമെന്നില്ല.

ഇത് ഞങ്ങളുടെ കുത്തകയാണെന്നും നീയാരാടാ അഭിപ്രായം പറയാനും പ്രതിഷേധിക്കാനുമെന്ന ചിന്തയുണ്ടാവും. എന്നെ കൂവി തോല്‍പിക്കാന്‍ നിങ്ങള്‍ക്ക് ആവില്ലെന്ന് രഞ്ജിത്ത് പറയുന്നത് ചില പ്രത്യേകം മനുഷ്യരെ ഉദ്ദേശിച്ച് തന്നെയാണ്. അല്ലാതെ തോല്‍ക്കാനും ജയിക്കാനും രഞ്ജിത്തും ഡെലിഗേറ്റ്‌സും തമ്മില്‍ അവിടെ ഓട്ടമത്സരം നടക്കുന്നില്ലല്ലോ!

ഐ.എഫ്.എഫ്.കെയുടെ തുടക്കത്തില്‍ തന്നെ രഞ്ജിത്തിന് അവിടെയെത്തുന്ന ചിലരോടുള്ള അസഹിഷ്ണുത എല്ലാവരും കണ്ടതാണ്. ‘ഡെലിഗേറ്റ് പാസും കഴുത്തില്‍ തൂക്കിയിട്ട് വെറുതെ നടക്കുന്നവര്‍ക്കുള്ളതല്ല ഈ ഐ.എഫ്.എഫ്.കെ’ എന്ന് പറയുമ്പോള്‍ പിന്നെ ആര്‍ക്കൊക്കെയുള്ളതാണ് ഇതെന്ന സംശയം ന്യായമാണ്.

വെറുതെ നടക്കുന്നവരെ ഇയാള്‍ ഏതൊക്കെ അടയാളങ്ങള്‍ വെച്ച് കണ്ടുപിടിക്കുമെന്നുള്ളതും ചോദ്യമാണ്. ഈ അടയാളങ്ങളിലുള്ള എത്ര മനുഷ്യരുടെ സിനിമാ സംബന്ധമായ അഭിപ്രായങ്ങളെ സംഘാടകര്‍ ഉള്‍കൊള്ളുമെന്നുള്ളതും ചര്‍ച്ചക്കെടുക്കേണ്ടതാണ്.

രഞ്ജിത്ത് മാറിയിട്ടില്ല. വിനായകനോട് ഉപയോഗിച്ച അയാളുടെ സിനിമകളിലെ ഫ്യൂഡല്‍ മാടമ്പിത്തരത്തിന്റെ ഭാഷാ റഫറന്‍സില്‍ നിന്നും ഒരു അനക്കം പോലും അയാള്‍ മുന്നോട്ട് പോയിട്ടില്ല.

ഐ.എഫ്.എഫ്.കെ വേദി സിനിമകള്‍ കൊണ്ട് വൈവിധ്യമാവുമ്പോള്‍ മനുഷ്യനിലെ വൈവിധ്യം എന്തുകൊണ്ട് ചിലര്‍ക്ക് ജഡ്ജ് ചെയ്യാനുള്ള ടൂളായി മാറുന്നു?

എന്തുക്കൊണ്ട് തലമുടി കളറടിച്ച, സുഹൃത്തുക്കളുമായി ഇടപെടുന്ന, ഇഷ്ടമുള്ള ഉടുപ്പുകളിടുന്ന, മേക്കപ്പ് ഇടുന്ന മനുഷ്യര്‍ സിനിമകാണാന്‍ വന്നവരല്ലെന്ന തരത്തില്‍ തിരഞ്ഞെടുക്കപ്പെടുന്നു?

ഉടുപ്പിലും മുടിയിലും കളര്‍ഫുള്ളായ ആളുകളെ മറ്റുചിലര്‍ക്ക് കോളനിയെന്നും കണ്ണാപ്പിയെന്നും വിളിക്കാന്‍ തോന്നുന്നിടത്തോളം ആ വിഭാഗത്തിന്റെ ഉദ്ദേശങ്ങള്‍ പലരുടെ മുന്നിലും തെളിയിച്ചുകൊണ്ടേയിരിക്കേണ്ടിവരും.

പിന്നെ പ്രോഗ്രസ്സിവ് ആണെന്ന് അവകാശപ്പെട്ടിരുന്ന മനുഷ്യര്‍ രഞ്ജിത്തിന്റെ പാത തുടര്‍ന്ന് ആളുകളെ ജഡ്ജ് ചെയ്യാന്‍ ഇറങ്ങിയത് വേറൊന്നും കൊണ്ടല്ല, ഞാന്‍ ഐ.എഫ്.എഫ്.കെയ്ക്ക് പോവാറുണ്ട്, സിനിമ കാണാറുണ്ട് എന്നൊക്കെ പറയുമ്പോള്‍ കിട്ടുന്ന സ്വീകാര്യതയിലും ബഹുമാനത്തിലും കോട്ടം തട്ടാതിരിക്കാനാണ്.

വിവിധ ഭാഷയിലുള്ള സിനിമകള്‍ ജനകീയമാവുന്നതും സാധാരണക്കാര്‍ വരെ അത് എത്തിപ്പിടിക്കുന്നതും ഉള്ളിലുള്ള എലൈറ്റ് ക്ലാസ് ബോധത്തെ മുറിവേല്പ്പിക്കും.

അനുപമ മോഹന്‍

We use cookies to give you the best possible experience. Learn more