തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയില്‍ ദേശീയഗാനത്തിന് എഴുന്നേറ്റ് നില്‍ക്കാത്തവരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ടാഗോര്‍ തിയ്യേറ്ററിന് മുന്നില്‍ പ്രതിഷേധമുദ്രാവാക്യമുയര്‍ത്തിയാണ് ഡെലിഗേറ്റുകള്‍ എത്തിയത്.
സിനിമ ഹാളില്‍ വില്‍ക്കാനുള്ള വില്‍പന ചരക്ക് അല്ല ദേശീയഗാനം എന്നും ദേശീയ ഗാനം തീയേറ്ററില്‍ കേള്‍പ്പിക്കുന്നത് ദേശീയ ഗാനത്തെ സൂപ്പര്‍ മാര്‍ക്കറ്റില്‍ വില്‍ക്കുന്നതിന്ന് തുല്യമാണ് എന്നും എഴുതിയ പ്ലക്കാര്‍ഡ് പിടിച്ചാണ് സനല്‍ കുമാര്‍ ശശിധരന്റെ നേതൃത്വത്തിലുള്ള കാണികള്‍ പ്രതിഷേധിക്കുന്നത്.
കൂടുതല്‍ ആളുകളും പ്രതിഷേധത്തോടൊപ്പം ചേരുന്നുണ്ട്. ദേശീയഗാനത്തെ അനാദരിക്കണമെന്ന ഉദ്ദേശം തങ്ങള്‍ക്കില്ലെന്നും എന്നാല്‍ നിര്‍ബന്ധപൂര്‍വം ഇത് അടിച്ചേല്‍പ്പിക്കുന്നതാണ് ദേശീയഗാനത്തോടുള്ള അനാദരവെന്നും ഇവര്‍ പറഞ്ഞു.
അതേസമയം പൊലീസ് ഉദ്യോഗസ്ഥര്‍ മഫ്തിയില്‍ തീയേറ്ററിനകത്തേക്ക് പ്രവേശിക്കുന്നത് തടയുമെന്നും ഡെലിഗേറ്റുകളെ തീയറ്ററുകളില്‍ കയറി അറസ്റ്റ് ചെയ്താല്‍ മേള നിര്‍ത്തിവെയ്ക്കുമെന്നും ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ മുന്നറിയിപ്പ് നല്‍കി.
മഫ്തിയില്‍ പൊലീസിനെ പ്രവേശിപ്പിക്കുന്നത് അനുവദിക്കാനിവില്ല, മഫ്തിയില്‍ അകത്ത് കയറി ഒരു ഡെലിഗേറ്റിനെ പോലും കസ്റ്റഡിയില്‍ എടുക്കാന്‍ പറ്റില്ലെന്നും കമല്‍ നിര്‍ദ്ദേശം നല്‍കി. ആവശ്യമെങ്കില്‍ പൊലീസുകാര്‍ക്ക് മഫ്തിയില്‍ പുറത്തു നില്‍ക്കാമെന്നും കമല്‍ നിര്‍ദ്ദേശം നല്‍കി.
എന്നാല്‍ ഇതിന് പിന്നാലെ തന്നെ തിരുവനന്തപുരത്തെ അജന്താ തിയ്യേറ്ററില്‍ നിന്നും ദേശീയഗാനം കേള്‍പ്പിച്ചപ്പോള്‍ എഴുന്നേറ്റ് നിന്നില്ലെന്ന് ആരോപിച്ച് ഒരാളെ കൂടി അറസ്റ്റ് ചെയ്തു. നവാര എന്ന ചിത്രത്തിന് മുന്‍പായിരുന്നു അറസ്റ്റ്.
കേശവദാസപുരം സ്വദേശി സുനില്‍ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. കാലിന് സ്വാധീനമില്ലാത്തതിനാലാണ് എഴുന്നേല്‍ക്കാതിരുന്നത് എന്ന് ഇദ്ദേഹം കൂടെയുണ്ടായിരുന്നവരോട് പറഞ്ഞിരുന്നു. തിയേറ്ററില്‍ മഫ്തിയില്‍ ഉണ്ടായിരുന്ന പോലീസുകാരാണ് ഇയാളെ അറസ്റ്റ് ചെയ്തത്.