ഐ.എഫ്.എഫ്.കെയുടെ ഭാഗമായി ഡിസംബര്‍ 15ന് ടാഗോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മീറ്റ് ദി ഡയറക്ടര്‍ എന്ന പരിപാടിയില്‍ നിന്നും അക്കാദമി ചെയര്‍മാന്‍ രഞ്ജിത് ഇറങ്ങിപ്പോയി. ലോക പ്രശസ്ത സംവിധായകന്‍ ബെലാ താറിന്റെയും ചലച്ചിത്ര നിരൂപകന്‍ സി.എസ് വെങ്കിടേശ്വരന്റെയും സംഭാഷണത്തിനിടയിലാണ് രഞ്ജിത്ത് ഇറങ്ങിപ്പോയതെന്നാണ് പറയുന്നത്.
ഇത് സംബന്ധിച്ച് സംവിധായകന്‍ ഡോണ്‍ പാലത്തറയും എഴുത്തുകാരന്‍ ആര്‍.പി ശിവകുമാറും ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പുകളിലൂടെയാണ് ഈ വാര്‍ത്ത പുറത്ത് വന്നത്. എന്നാല്‍ ഇപ്പോള്‍ ഇത് വലിയ ചര്‍ച്ചയായിരിക്കുകയാണ്.
തന്റെ പ്രസംഗത്തിനുശേഷം, കാണികളില്‍ നിന്നും ചോദ്യം ക്ഷണിച്ച ഉടനെയാണ് രഞ്ജിത് വേദിയില്‍ നിന്നും ഇറങ്ങിപ്പോയത്. കാണികള്‍ക്ക് ഒരു ചോദ്യങ്ങളും ചോദിക്കാനില്ലെന്ന് പറഞ്ഞ് സ്വയം നന്ദി പ്രസംഗം നടത്തുകയായിരുന്നു രഞ്ജിത്. എന്നാല്‍, കാണികള്‍ക്ക് ചോദ്യങ്ങളുണ്ടെന്ന് പറഞ്ഞ് ബെലാ താറും സി.എസ് വെങ്കിടേശ്വരനും വേദിയില്‍ തുടരുകയും ചെയ്തു.
ഐ.എഫ്.എഫ്.കെയിലെ ഏറ്റവും പ്രിയപ്പെട്ട മൊമന്റ് എന്ന് പറഞ്ഞാണ് ഡോണ്‍ പാലത്തറ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ‘ബെലാ താറുമായുള്ള സി.എസ് വെങ്കിടേശ്വരന്റെ സംഭാഷണം വളരെ രസകരമായി നടക്കുകയാണ്, സമയം തീരാറായി, കാണികള്‍ക്ക് എന്തെങ്കിലും ചോദിക്കാന്‍ കാണുമെന്ന് പറഞ്ഞ് സി.എസ് വെങ്കിടേശ്വന്‍ മൈക്ക് കാണികള്‍ക്ക് കൈമാറാന്‍ തുടങ്ങുന്നു.
വേദിയില്‍ തന്നെയിരിക്കുന്ന ഫെസ്റ്റിവല്‍ ഡയറക്ടര്‍ രഞ്ജിത് മൈക്ക് വാങ്ങുന്നു. ‘They don’t have any questions’ എന്ന് പറഞ്ഞ് സ്വയം നന്ദി പ്രസംഗം പറഞ്ഞ് അവസാനിപ്പിക്കാന്‍ തുടങ്ങുന്നു.പ്രസംഗം കഴിഞ്ഞ് മൈക്ക് തിരികെ സി.എസ് വെങ്കിടേശ്വന് കൈമാറുന്നു. സി.എസ് വെങ്കിടേശ്വനും താറും, കാണികള്‍ക്ക് വേണ്ടി വെയ്റ്റ് ചെയ്യുന്നു. രഞ്ജിത്ത് വേദിയില്‍ നിന്നും ഇറങ്ങി പോകുന്നു,’ ഡോണ്‍ പാലത്തറ ഫേസ്ബുക്കില്‍ കുറിച്ചു.
വേദിയില്‍ ബെലാതാറുമായി സംഭാഷണം നടക്കുകയാണ്.. സി.എസാണ് അഭിമുഖകാരന്‍. ചോദ്യങ്ങള്‍ കഴിഞ്ഞ് പ്രേക്ഷകര്‍ക്കുള്ള അവസരമാണെന്ന് സി എസ് വെങ്കിടേശ്വരന്‍ പറയുകയും, ഒരാള്‍ സദസ്സില്‍നിന്ന് കൈപൊക്കുകയും ചെയ്തയുടന്‍ വേദിയിലുണ്ടായിരുന്ന രഞ്ജിത് മൈക്കെടുത്ത് ശുദ്ധമലയാളത്തില്‍ ബെലാതാറിനും അദ്ദേഹത്തെ വച്ചുള്ള പരിപാടിക്ക് കാരണക്കാരിയായ ദീപികാ സുശീലനും നന്ദി പറഞ്ഞിട്ട് ഇറങ്ങിപ്പോയി. കണ്ടാല്‍ സദസ്യരെ ചോദ്യങ്ങള്‍ക്കായി ക്ഷണിച്ചത് അദ്ദേഹത്തിനു ഇഷ്ടപ്പെട്ടില്ല എന്നാണ് തോന്നുക.
‘ വ്യക്തവും കാര്യമാത്ര പ്രസക്തവുമായ ചോദ്യങ്ങള്‍കൊണ്ട് പരിപാടിയെ സമ്പന്നമാക്കിയിരുന്ന സി എസിന് നന്ദിയില്ലെന്നു മാത്രമല്ല, രഞ്ജിത് പരാമര്‍ശിച്ച് കൂടിയില്ല. അതല്ല, വിശിഷ്ടാതിഥി വേദിയിലിരിക്കുമ്പോള്‍ , സദസ്സിലുള്ളവര്‍ക്ക് ചോദ്യം ചോദിക്കാമെന്ന് അഭിമുഖകാരന്‍ പറഞ്ഞയുടനെ, അവിടെ പ്രത്യേക റോളൊന്നും ഇല്ലാത്തൊരാള്‍, തികച്ചും മര്യാദയില്ലാത്ത പ്രവൃത്തിയെന്ന് സാമാന്യബുദ്ധിയുള്ളയാര്‍ക്കും തോന്നുന്ന രീതിയില്‍ പെരുമാറിയതെന്തിനായിരുന്നു?.
ഈ പോസ്റ്റ് രഞ്ജിത് ബാഷിങ്ങിന്റെ ഭാഗമല്ല. എന്നാലും അരവിന്ദന്‍ സ്മാരക പ്രഭാഷണവേദിയില്‍ വച്ച് അദ്ദേഹം ചെയ്തതെന്താണ്, എന്തിനാണെന്നൊരു വിചാരം കാര്യമായുണ്ട്. ചിലപ്പോള്‍ ആബ്‌സെന്റ് മൈന്‍ഡ് കൊണ്ടാകാം. അല്ലാതെയുമാകാം,
താഴെയുള്ളത് ഇപ്പറഞ്ഞതിന്റെ പ്രമാണമല്ല. ബെലാതാറിന്റെ സംഭാഷണത്തിന്റെ വീഡിയോ ക്ലിപ്പാണ്. വിനോദ്കുമാര്‍ എടുത്തത്, താത്പര്യമുള്ളവരുണ്ടാകും,’ പി.ആര്‍. ശിവകുമാര്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ച്.
ഐ.എഫ്.എഫ്.കെയുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങളാണ് രഞ്ജിത്തിനെതിരെ ഉര്‍ന്ന് വന്നത്. ഡെലിഗേറ്റ്‌സിനെ നായകളോട് ഉപമിച്ചതിന് വലിയ വിമര്‍ശനമാണ് രഞ്ജിത്തിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ മറ്റും ഉയര്‍ന്നത്. അതിനിടയിലാണ് പുതിയ ആരോപണം.
content highlight: iffk controversy, social media post against film academy chairman ranjith