തിരുവനന്തപുരം: ദേശീയ പുരസ്‌കാരം നേടിയ സുരഭിലക്ഷ്മിയെ രാജ്യാന്തര ചലച്ചിത്രമേളയില്‍ നിന്നും ഒഴിവാക്കിയതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ക്ക് അന്ത്യം.
സുരഭിക്കായി ഒരുക്കിയ ഡെലിഗേറ്റ് പാസ് ബീനാ പോളില്‍ നിന്ന് സുരഭി ലക്ഷ്മി സ്വീകരിച്ചു.
ദേശീയ പുരസ്‌ക്കാരം ലഭിച്ച മിന്നാമിനുങ്ങ് എന്ന് ചലച്ചിത്രത്തിന്റെ സമാന്തര പ്രദര്‍ശനത്തിന്റെയും സി.ഡി പ്രകാശന ചടങ്ങിന്റെയും ഉദ്ഘാടനത്തിന് എത്തിയതായിരുന്നു സുരഭി. കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപനച്ചടങ്ങിലേക്ക് ക്ഷണമുണ്ടൈന്നും എന്നാല്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്നും സുരഭി മുമ്പ് വ്യക്തമാക്കിയിരുന്നു.
“സമാപനത്തില്‍ പങ്കെടുക്കണം എന്നുണ്ട്. പക്ഷെ, പോകാം എന്ന് മുന്‍കൂറായി ഏറ്റിരുന്ന ഒരു പരിപാടിയുണ്ട് അന്ന് തന്നെ. യു എ ഇയിലെ ഫുജൈറയിലാണത്. ഒരു പത്തു ദിവസം മുന്നേ ഈ ക്ഷണം കിട്ടിയിരുന്നെങ്കില്‍ അത് വേണ്ട എന്ന് വയ്ക്കാമായിരുന്നു”.എനിക്കുള്ള പാസ് ഇവിടെ എടുത്തു വച്ചിട്ടുണ്ട് എന്നുള്ളത് കൊണ്ട് അത് വന്നു വാങ്ങേണ്ട മര്യാദ ഞാന്‍ കാണിക്കും” സുരഭി പറഞ്ഞു.
മേളയുടെ ഉദ്ഘാടനസമയത്ത് പാസുമായി ബന്ധപ്പെട്ട് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കൂടിയായ സംവിധായകന്‍ കമലിനെ വിളിച്ചിരുന്നുവെന്നും എന്നാല്‍ പാസിന്റെ കാര്യത്തില്‍ തുടര്‍നടപടികള്‍ ഉണ്ടായില്ലെന്നും സുരഭി പറഞ്ഞു. എല്ലാ തവണവും ചലച്ചിത്രമേളയുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവാദങ്ങള്‍ പതിവാണെന്നും ഇത്തവണ അതു തന്റെ പേരിലായി എന്നു മാത്രമേയുള്ളൂവെന്നും സുരഭി വ്യക്തമാക്കി.