| Saturday, 7th December 2013, 12:59 am

രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തിരിതെളിഞ്ഞു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]അന്തരിച്ച ദക്ഷിണാഫ്രിക്കന്‍ നേതാവ് നെല്‍സണ്‍ മണ്ടേലയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടുള്ള മൗനാചരണത്തിനുശേഷം ചകോരത്തിന്റെ പതിനെട്ടാം മിഴിതുറക്കലിന് വേദിയൊരുങ്ങി.

കനകക്കുന്നില്‍ തിങ്ങിനിറഞ്ഞ ചലച്ചിത്രപ്രേമികളെ സാക്ഷിനിര്‍ത്തി 18 ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തിരിതെളിച്ചു.

വ്യവസായമെന്ന നിലയിലും കലയെന്ന നിലയിലും സിനിമയെ സംരക്ഷിക്കുവാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ലോകം ഒരാഴ്ചത്തേയ്ക്ക് അന്തപുരിയിലേക്ക് വിരുന്നവരുന്ന ഉത്സവവേളയാണ് കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിഖ്യാത സ്പാനിഷ് സംവിധായകന്‍ കാര്‍ലോ സോറയ്ക്ക് സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരവും ചടങ്ങില്‍ മുഖ്യമന്ത്രി സമ്മാനിച്ചു.

ലോകസിനിമകളെ അടുത്തറിയുന്നതിനുള്ള നല്ലൊരവസരമാണ് ചലച്ചിത്രമേള സമ്മാനിക്കുന്നതെന്ന് ചടങ്ങിന് അധ്യക്ഷത വഹിച്ച സാംസ്‌കാരികമന്ത്രി കെ.സി. ജോസഫ് പറഞ്ഞു. ഇന്ത്യന്‍ സിനിമ നൂറാം വര്‍ഷവും മലയാള സിനിമ 85 ാം വര്‍ഷവും ആഘോഷിക്കുന്ന അവസരത്തില്‍ മേള കൂടുതല്‍ അര്‍ഥവത്താകുന്നു.

ഫെസ്റ്റിവല്‍ ബുക്കിന്റെ പ്രകാശനം ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍ ശബാനാ ആസ്മിക്ക് നല്‍കിക്കൊണ്ട് നിര്‍വഹിച്ചു. ഡെയ്‌ലി ബുള്ളറ്റിന്റെ പ്രകാശനം ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രിയദര്‍ശന്‍ ചീഫ് സെക്രട്ടറി ഇ.കെ.  ഭരത്ഭൂഷണ് നല്‍കിക്കൊണ്ട് നിര്‍വഹിച്ചു.

കാര്‍ലോ സോറയെക്കുറിച്ച് നീലന്‍ രചിച്ച പുസ്തകം ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ നടി മഞ്ജുവാര്യര്‍ക്ക് നല്‍കിക്കൊണ്ട് പ്രകാശനം നടത്തി.

ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന ശബാനാ ആസ്മി വര്‍ഷങ്ങള്‍ക്കുമുമ്പ് ചലച്ചിത്ര അക്കാദമിയുടെ പ്രാരംഭ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന സ്മരണങ്ങള്‍ പങ്കുവെച്ചു.

ഇറ്റാലിയന്‍ സംവിധായകന്‍ മാര്‍കോ ബലോചി,  ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ ഗാന്ധിമതി ബാലന്‍, ഇടവേള ബാബു, സാബു ചെറിയാന്‍, ബീനാ പോള്‍ എന്നിവര്‍ സംബന്ധിച്ചു.

സാംസ്‌കാരിക സെക്രട്ടറി റാണി ജോര്‍ജ് സ്വാഗതവും അക്കാദമി സെക്രട്ടറി എസ്. രാജേന്ദ്രന്‍ നായര്‍ നന്ദിയും പറഞ്ഞു. ഉദ്ഘാടന ചടങ്ങിന് ശേഷം ഇന്ത്യന്‍ സിനിമയുടെ നൂറാം വാര്‍ഷികം പ്രമാണിച്ച് എം. രഞ്ജിത് സംവിധാനം ചെയ്ത പ്രത്യേക പരിപാടി അരങ്ങേറി. തുടര്‍ന്ന് ഇസ്രേയലി സംവിധായകന്‍ അമോസ് ഗിതായി സംവിധാനം ചെയ്ത അനാ അറേബ്യയുടെ പ്രദര്‍ശനവും നടന്നു.

Latest Stories

We use cookies to give you the best possible experience. Learn more