ഈ വൃത്തികെട്ട പ്രൊപഗണ്ട ചിത്രത്തിന് മത്സരിക്കാന്‍ യോഗ്യതയില്ല; കേന്ദ്ര മന്ത്രിമാരെ വേദിയിലിരുത്തി കശ്മീര്‍ ഫയല്‍സിനെതിരെ ആഞ്ഞടിച്ച് ഐ.എഫ്.എഫ്.ഐ ജൂറി തലവന്‍
വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത് ദ കശ്മീര്‍ ഫയല്‍സിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ഐ.എഫ്.എഫ്.ഐ (ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ) ജൂറി തലവന്‍ നദാവ് ലാപിഡ്. 53ാം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ സമാപനച്ചടങ്ങില്‍ വെച്ചാണ് ഇസ്രാഈലി സിനിമാ സംവിധായകനായ നദാവ് ലാപിഡ് കശ്മീര്‍ ഫയല്‍സിനെ പരസ്യമായി വിമര്‍ശിച്ചത്.
മേളയിലെ മത്സരവിഭാഗത്തിലേക്ക് ഈ ചിത്രത്തെ ഒരിക്കലും പരിഗണിക്കാന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കലാപരമായ മൂല്യങ്ങളൊന്നുമില്ലാത്ത ചിത്രം പ്രൊപഗണ്ട മാത്രമാണെന്നും നദാവ് പറഞ്ഞു.
‘ഈ പരിപാടിയിലെ സിനിമകളുടെ സമ്പന്നതക്കും വൈവിധ്യത്തിനും ഞാന്‍ ഫെസ്റ്റിവല്‍ തലവനോടും പ്രോഗാമിങ് ഡയറക്ടറോടും ആദ്യമേ തന്നെ നന്ദിയറിയിക്കുന്നു. നവാഗതരുടെ കാറ്റഗറിയില്‍ മത്സരത്തിനെത്തിയ ഏഴ് സിനിമകള്‍ ഞങ്ങള്‍ കണ്ടു, അന്താരാഷ്ട്ര വിഭാഗത്തിലെ ഏഴ് സിനിമകളും.
മേളയുടെ മുഖമുദ്രകളാണല്ലോ മത്സരത്തിനെത്തുന്ന ചിത്രങ്ങള്‍. ഈ വിഭാഗത്തിലെ 14 ചിത്രങ്ങള്‍ക്കും സിനിമാറ്റിക് ഗുണങ്ങളും പോരായ്മകളും ഉണ്ടായിരുന്നു. ഞങ്ങള്‍ക്കിടയില്‍ ആഴമേറിയ ചര്‍ച്ചകള്‍ക്ക് ഈ ചിത്രങ്ങള്‍ വഴിവെച്ചു.
IFFI GOA 2022 Jury Head just publicly called #TheKashmirFiles as a vulgar and propaganda movie and calls it as inappropriate to have that the competitive section of the prestigious #IFFIpic.twitter.com/dqE1ylxXvb
പക്ഷെ 15ാമത്തെ ചിത്രമായ ദ കശ്മീരി ഫയല്‍സ് കണ്ട് ഞങ്ങളാകെ ഞെട്ടിപ്പോയി. ആ ചിത്രം ഞങ്ങളെ ശരിക്കും അസ്വസ്ഥപ്പെടുത്തി. കാരണം വളരെ വൃത്തികെട്ട ഒരു പ്രൊപഗണ്ട ചിത്രമായിരുന്നു അത്. ഇത്രയും പേരുകേട്ട ഒരു മേളയിലെ കലാമൂല്യമുള്ള സിനിമകള്‍ മത്സരിക്കുന്ന വിഭാഗത്തിലേക്ക് കടന്നുവരാനുള്ള ഒരു യോഗ്യതയും ആ ചിത്രത്തിനില്ലായിരുന്നു.
ഈ വേദിയില്‍ ഇങ്ങനെ അഭിപ്രായം തുറന്നുപറയുന്നതില്‍ എനിക്ക് ഒരു ബുദ്ധിമുട്ടും തോന്നുന്നില്ല. വിമര്‍ശനങ്ങളെല്ലാം സ്വീകരിക്കാന്‍ കഴിയുന്ന ഒരു സ്പിരിറ്റ് ഈ മേളക്കുണ്ട്. കലയിലും ജീവിതത്തിലും വിമര്‍ശനങ്ങള്‍ അനിവാര്യമാണല്ലോ,’ നവാദ് പറഞ്ഞു.
ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂര്‍ അടക്കമുള്ളവര്‍ വേദിയിലിരിക്കെയാണ് നദാവ് കശ്മീര്‍ ഫയല്‍സിനെതിരെ ആഞ്ഞടിച്ചത്.
തൊണ്ണൂറുകളില്‍ ജമ്മു കശ്മീരില്‍ നിന്നും കശ്മീരി പണ്ഡിറ്റുകള്‍ക്ക് പലായനം ചെയ്യേണ്ടി വന്ന സംഭവത്തെ ആസ്പദമാക്കി വിവേക് അഗ്നിഹോത്രി ഒരുക്കിയ ദ കശ്മീരി ഫയല്‍സിനെതിരെ റിലീസ് സമയത്ത് തന്നെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു.
ചിത്രം വിദ്വേഷ പ്രചരണങ്ങളും വ്യാജവാദങ്ങളും പടച്ചുവിടുകയാണെന്ന വിമര്‍ശനത്തോടൊപ്പം, ചിത്രം തെറ്റായ വസ്തുതകളാണ് അവതരിപ്പിക്കുന്നതെന്ന് ചരിത്രകാരന്മാരും ചൂണ്ടിക്കാട്ടിയിരുന്നു. സിനിമക്കെതിരെ കശ്മീരി പണ്ഡിറ്റുകളും രംഗത്തെത്തിയിരുന്നു.
അതേസമയം ബി.ജെ.പിയുടെ മന്ത്രിമാരടക്കമുള്ള മുതിര്‍ന്ന നേതാക്കളും അനുഭാവികളും ചിത്രത്തെ പുകഴ്ത്തി മുന്നോട്ടുവന്നിരുന്നു.
Content Highlight: IFFI Jury Head Nadav Lapid slams The Kashmir Files