ഒടുവില്‍ അവരും പറഞ്ഞു, 2022ലെ മികച്ച താരം മെസി തന്നെ
Sports News
ഒടുവില്‍ അവരും പറഞ്ഞു, 2022ലെ മികച്ച താരം മെസി തന്നെ
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 4th January 2023, 7:46 pm

പോയ വര്‍ഷത്തെ ഏറ്റവും മികച്ച താരമായി അര്‍ജന്റൈന്‍ നായകനും പി.എസ്.ജി സൂപ്പര്‍ താരവുമായ ലയണല്‍ മെസിയെ തെരഞ്ഞെടുത്ത് ഇന്റര്‍നഷണല്‍ ഫെഡറേഷന്‍ ഓഫ് ഫുട്‌ബോള്‍ ഹിസ്റ്ററി ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് (ഐ.എഫ്.എഫ്.എച്ച്.എസ്).

രാജ്യത്തിനായും ക്ലബ്ബിനായും മികച്ച പ്രകടനം കാഴ്ചവെച്ചതോടെയാണ് ഐ.എഫ്.എഫ്.എച്ച്.എസ് മെസിയെ 2022ലെ മികച്ച താരമായി തെരഞ്ഞെടുത്തത്.

2022 ലോകകപ്പ് കൂടി സ്വന്തമാക്കിയതോടെ പോയ വര്‍ഷത്തെ ഏറ്റവും മികച്ച താരമാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടായിരുന്നില്ല. എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് മെസി പുരസ്‌കാരത്തിന് അര്‍ഹനായത്.

275 പോയിന്റുമായിട്ടാണ് മെസി പുരസ്‌കാരം തന്റെ പേരിലാക്കിയത്.

ഫ്രാന്‍സിന്റെ ഗോളടിയന്ത്രവും 2022 ലോകകപ്പിലെ ഗോള്‍ഡന്‍ ബൂട്ട് ജേതാവും പി.എസ്.ജിയില്‍ മെസിയുടെ സഹതാരവുമായിരുന്ന കിലിയന്‍ എംബാപ്പെയാണ് രണ്ടാം സ്ഥാനത്തെത്തിയത്. ഫ്രഞ്ച് ഇന്റര്‍നാഷണലും ബാലണ്‍ ഡി ഓര്‍ ജേതാവുമായ കരീം ബെന്‍സെമയാണ് മൂന്നാമന്‍.

ലൂക്കാ മോഡ്രിച്ച് നാലാം സ്ഥാനത്തും യുവതരം എര്‍ലിങ് ഹാലണ്ട് അഞ്ചാം സ്ഥാനത്തും ഫിനിഷ് ചെയ്തു.

അതേസമയം നീണ്ട 36 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ലോകകപ്പ് കിരീടം മെസിയും സംഘവും അര്‍ജന്റീനയുടെ മണ്ണിലേക്കെത്തിക്കുന്നത്.

1986ല്‍ മറഡോണയുടെ നേതൃത്വത്തിലായിരുന്നു ലോകകപ്പ് കിരീടം ഇതിനുമുമ്പ് അര്‍ജന്റീന സ്വന്തമാക്കിയത്.

ഒരു നീണ്ട കാലഘട്ടത്തിലെ കിരീട വരള്‍ച്ചക്ക് ശേഷം തുടര്‍ച്ചയായി കോപ്പാ അമേരിക്ക, ഫൈനലിസിമ, ലോകകപ്പ് കിരീടങ്ങള്‍ സ്വന്തമാക്കിയ മെസിക്ക് ഇതോടെ അദ്ദേഹത്തിന്റെ കരിയറില്‍ ക്ലബ്ബ്, ഇന്റര്‍നാഷണല്‍ തലത്തില്‍ നിന്നും പ്രധാനപ്പെട്ട എല്ലാ മേജര്‍ കിരീടങ്ങളും സ്വന്തമാക്കാന്‍ സാധിച്ചു.

ലോകകപ്പ് നേട്ടത്തിന് പിന്നാലെ ട്രിപ്പിള്‍ ക്രൗണ്‍ ചാമ്പ്യനാകാനും മെസിക്ക് സാധിച്ചു. ലോകകപ്പ്, ചാമ്പ്യന്‍സ് ലീഗ് കിരീടം, ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം എന്നീ മൂന്ന് നേട്ടങ്ങളും സ്വന്തമാക്കിയ താരങ്ങളുടെ പട്ടികയിലേക്ക് ഒമ്പതാമനായാണ് മെസി എത്തിയിരിക്കുന്നത്.

 

 

ബോബി ചാള്‍ട്ടനാണ് ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരം. മെസിക്ക് മുമ്പ് അവസാനമായി ഈ നേട്ടം സ്വന്തമാക്കിയത് ബ്രസീലിന്റെ ഇതിഹാസ താരം കക്കയാണ്. 2007ല്‍ ബാലണ്‍ ഡി ഓര്‍ നേടിയ കക്ക ഇതിന് മുമ്പ് എ.സി മിലാനൊപ്പം ചാമ്പ്യന്‍സ് ലീഗ് കരീടവും സ്വന്തമാക്കിയിരുന്നു.

ഫ്രാന്‍സ് ബെക്കന്‍ബേവര്‍, ജെറാള്‍ഡ് മുള്ളര്‍, പൗലോ റോസി, സിനദിന്‍ സിദാന്‍, റിവാള്‍ഡോ, റൊണാള്‍ഡീഞ്ഞോ എന്നിവരാണ് ഈ മൂന്ന് നേട്ടവും ഒന്നിച്ച് സ്വന്തമാക്കിയ മറ്റുതാരങ്ങള്‍.

ഏഴ് ബാലണ്‍ ഡി ഓര്‍ പുരസ്‌കാരങ്ങളും നാല് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളും നേടിയ മെസി വിശ്വകിരീടം കൂടി നേടിയതോടെയാണ് ട്രിപ്പിള്‍ ക്രൗണ്‍ ക്ലബ്ബിലേക്കുള്ള വാതിലുകള്‍ തുറക്കപ്പെട്ടത്.

ലോകകപ്പ് നേട്ടത്തോടെ മെസിയുടെ കരിയറില്‍ ഇനി നേടാന്‍ പ്രധാന കിരീടങ്ങളൊന്നുമില്ല.

ഖത്തര്‍ ലോകകപ്പില്‍ എട്ട് ഗോളുകളും അഞ്ച് അസിസ്റ്റുകളും താരം നേടിയിരുന്നു. അഞ്ച് തുടര്‍ ലോകകപ്പുകളില്‍ അസിസ്റ്റ് ചെയ്യുന്ന ആദ്യ താരം കൂടിയാണ് മെസി

 

Content Highlight: IFFHS select Messi as the best footballer of 2022