ഖത്തർ ലോകകപ്പിൽ ലയണൽ മെസിക്കൊപ്പം തന്നെ അർജന്റീനയുടെ നേട്ടത്തിൽ ഉയർന്നു കേൾക്കേണ്ട പേരാണ് പരിശീലകൻ ലയണൽ സ്‌കലോണിയുടേത്. ഖത്തറിലെ ആദ്യ മത്സരത്തിൽ സൗദി അറേബ്യയോട് അപ്രതീക്ഷിതമായ തോൽവി വഴങ്ങിയ അർജന്റീനയെ പിന്നീട് തിരിച്ചു കൊണ്ടു വരുന്നതിൽ നിർണായക പങ്കുവഹിച്ചത് സ്‌കലോണിയുടെ തന്ത്രങ്ങളാണ്.
എതിരാളിയുടെ തന്ത്രങ്ങളെ കൃത്യമായി മനസിലാക്കി സ്കലോണി വരച്ച പദ്ധതികൾ മുൻലോക ചാമ്പ്യന്മാരായ ഫ്രാൻസിനെ നിശബ്ദമാക്കുന്നത് ലോകകപ്പിൽ കണ്ടു.
ഇപ്പോൾ അർഹിക്കുന്ന അംഗീകാരം ഈ സൂപ്പർ കോച്ചിനെ തേടിയെത്തിരിക്കുകയാണ്. ഐ.എഫ്.എഫ്.എച്ച്.എസ് നൽകുന്ന ഇത്തവണത്തെ ഏറ്റവും മികച്ച പരിശീലകനുള്ള അവാർഡാണ് ലയണൽ സ്കലോണിയെ തേടിയെത്തിയിരിക്കുന്നത്.
ഖത്തർ ലോകകപ്പ് ഫൈനലിൽ എതിരാളിയായിരുന്ന ഫ്രഞ്ച് കോച്ച് ദിദിയർ ദെഷാംപ്‌സിനെ തകർത്തെറിഞ്ഞ് കൊണ്ടാണ് സ്കലോണി പുരസ്‌കാരം സ്വന്തമാക്കിയിരിക്കുന്നത്. 240 പോയിന്റ് ആണ് സ്കലോണിയുടെ അക്കൗണ്ടിലുള്ളത്.
രണ്ടാം സ്ഥാനക്കാരനായ ദെഷാംപ്‌സിന് 45 പോയിന്റ് മാത്രമാണ് നേടാനായത്. മോറോക്കയുടെ കോച്ച് വാലിദാണ് മൂന്നാം സ്ഥാനത്ത്. അതേസമയം, ഐ.എഫ്.എഫ്.എച്ച്.എസിന്റെ മികച്ച ഗോൾ സ്‌കോറർ, മികച്ച താരം, മികച്ച പ്ലേമേക്കർ എന്നീ അവാർഡുകൾക്ക് അർഹനായത് അർജന്റൈൻ ഇതിഹാസം ലയണൽ മെസിയാണ്.
മുൻ കോച്ച് ഹോർജെ സാമ്പവോളിയുടെ സംഘത്തിലെ പ്രധാനിയായിരുന്നു സ്‌കലോണി. 2018 ലോകകപ്പിൽ ഫ്രാൻസിനോട് പ്രീക്വാർട്ടറിൽ തോറ്റതോടെ സാമ്പവോളി പുറത്തായി. സഹപരിശീലകരായ സ്‌കലോണിയെയും പാബ്ലോ ഐമറെയും താൽക്കാലിക ചുമതലയേൽപ്പിച്ചു. സ്‌കലോണിയുടെ തുടക്കം നന്നായില്ല.
എന്നാൽ, 2018ൽ തകർന്നടിഞ്ഞ ടീമിനെ മികച്ച ടീമുകളിലൊന്നായി വാർത്തെടുക്കാൻ സ്‌കലോണിക്കായി. മനോവീര്യം തകർന്ന മെസി ഉൾപ്പെടെയുള്ള താരങ്ങളുടെ ആത്മവിശ്വാസം വീണ്ടെടുക്കുന്നതിലും സ്കലോണി നിർണായക പങ്കുവഹിച്ചു.