മുംബൈ: മാര്‍ച്ച് മാസം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ മാര്‍ച്ച് മുപ്പത്തിയൊന്നിന് മുമ്പായി പുതിയ ചെക്കിന് അപേക്ഷിക്കാന്‍ ഉപഭോക്താക്കളെ ഓര്‍മ്മിപ്പിച്ച് എസ്.ബി.ഐ. മുമ്പ് അസോസിയേറ്റ് ബാങ്കുകളുടെ ഉപഭോക്താക്കളായിരുന്നവര്‍ക്കാണ് എസ്.ബി.ഐയുടെ നിര്‍ദ്ദേശം.
കഴിഞ്ഞ വര്‍ഷമായിരുന്നു എസ്.ബി.ഐയുടെ കീഴില്‍ അസോസിയേറ്റ് ബാങ്കുകള്‍ ലയിച്ചത്. തുടര്‍ന്ന് ബാങ്കുകളുടെ ഐ.എഫ്.എസ്.സി കോഡുകള്‍ മാറിയിട്ടുണ്ട്. നേരത്തെ 2017 ഡിസംബര്‍ 31 വരെയായിരുന്നു പഴയ ചെക്കുകളുടെ കാലാവധി നിശ്ചയിച്ചിരുന്നത്. ഇത് പിന്നീട് മാര്‍ച്ച് 31 വരെ നീട്ടുകയായിരുന്നു.
ഹോം ലോണുകള്‍ സംബന്ധിച്ചും എസ്.ബി.ഐ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഹൗസിംങ് ലോണുകള്‍ക്ക് മേലുള്ള പ്രോസസിംഗ് ഫീ പൂര്‍ണമായി ഇല്ലാതാക്കാനും മാര്‍ച്ച് മുപ്പത്തിയൊന്നിന് മുമ്പ് അപേക്ഷിക്കണം. ഇത് സംബന്ധിച്ച് ട്വീറ്റുകളും എസ്.ബി.ഐ നടത്തിയിട്ടുണ്ട്.
പുതിയ ചെക്ക് ബുക്കിന് എങ്ങിനെ അപേക്ഷിക്കാം
ഇന്റര്‍നെറ്റ് ബാങ്കിങ്, മൊബൈല്‍ ബാങ്കിങ്, എ ടി എം എന്നിവ വഴിയും നേരിട്ടും ബാങ്കില്‍ പോയും അപേക്ഷിക്കാം. എസ്.ബി.ഐയില്‍ ഈ അടുത്ത് ലയിച്ച ഭാരതിയ മഹിളാ ബാങ്കിന്റെ ഉപഭോക്താക്കളും സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, സ്റ്റേറ്റ് ബാങ്ക് ഓഫ് റായ്പ്പൂര്‍ തുടങ്ങിയ അസോസിയേറ്റ് ബാങ്കുകളുടെ ഉപഭോക്താക്കളായിരുന്നവരും ചെക്ക് ബുക്കിന് അപേക്ഷിക്കണം.
ലോണ്‍ പ്രോസസിംഗ് എങ്ങിനെ ഒഴിവാക്കാം
മാര്‍ച്ച് മുപ്പത്തിയൊന്നിന് മുമ്പായി ഹൗസിങ് ലോണ്‍ എടുക്കുകയോ നിലവിലെ ഹൗസിങ് ലോണ്‍ എസ്.ബി.ഐയിലേക്ക് മാറ്റുകയോ ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് പ്രോസസിംഗ് പൂര്‍ണമായും ഒഴിവാക്കി കൊടുക്കും.