ഹൈദരാബാദ്: ബാബ്‌റി മസ്ജിദ് അനധികൃതമാണെങ്കില്‍ എന്തുകൊണ്ടാണ് അദ്വാനി അതു തകര്‍ക്കാന്‍ ശ്രമിച്ചതെന്ന് എ.ഐ.എം.ഐ.എം പ്രസിഡന്റ് അസദുദ്ദീന്‍ ഉവൈസി. മസ്ജിദ് നിയമവിധേയമായിരുന്നെങ്കില്‍ എന്തിനാണ് അദ്വാനിക്കു ഭൂമി ലഭിച്ചതെന്നും ഉവൈസി ചോദിച്ചു.
ഉവൈസി സംസാരിക്കുന്നതിന്റെ ഒരു വീഡിയോ ദൃശ്യം പങ്കുവെച്ചാണു ദേശീയമാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. നബിദിനവുമായി ബന്ധപ്പെട്ട ഒരു റാലിയില്‍ ഹൈദരാബാദില്‍ വെച്ചാണ് ഉവൈസി ഇതു പറഞ്ഞതെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു.
‘ഒരു വ്യക്തി നിങ്ങളുടെ വീട് തകര്‍ക്കുന്നു. അതിനുശേഷം നിങ്ങള്‍ ഒരു മധ്യസ്ഥന്റെ പക്കല്‍ പോകുന്നു. അയാള്‍ നിങ്ങളുടെ വീട് അതു തകര്‍ത്തയാള്‍ക്കു നല്‍കുന്നു. എന്നിട്ടു നിങ്ങളോട് അയാള്‍ പറയുകയാണ്, നിങ്ങള്‍ക്ക് പകരം ഭൂമി മറ്റൊരിടത്തു നല്‍കാമെന്ന്. നിങ്ങള്‍ക്കെന്താണു തോന്നുക?’- അദ്ദേഹം ചോദിച്ചു.
വിധിയെ എതിര്‍ത്ത തന്നെ വിമര്‍ശിക്കുന്നവര്‍ക്കും അദ്ദേഹം മറുപടി നല്‍കി. വിയോജിപ്പ് ജനാധിപത്യാവകാശമാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
‘ബാബ്‌റി മസ്ജിദ് ഞങ്ങളുടെ നിയമപരമായ അവകാശമാണ്. ഞങ്ങള്‍ ഭൂമിക്കു വേണ്ടിയല്ല പോരാടിയത്. ഞങ്ങള്‍ക്ക് ചാരിറ്റിയായി ഒന്നും വേണ്ട. ഞങ്ങളെ യാചകരായി കാണാതിരിക്കുക. ഞങ്ങള്‍ ഈ രാജ്യത്തെ ബഹുമാനിക്കപ്പെടുന്ന പൗരന്മാര്‍ തന്നെയാണ്.
ബി.ജെ.പിയുടെയും സംഘപരിവാറിന്റെയും കൈയില്‍ ഇത്തരം പള്ളികളുടെ പട്ടികയുണ്ട്. അതുകൊണ്ടുതന്നെ ബാബ്‌റി മസ്ജിദ് കേസ് വളരെ പ്രധാനപ്പെട്ടതാണ്. അവരുടെ കൈയില്‍ പട്ടികയില്ലെന്നാണ് അവര്‍തന്നെ പറയുന്നത്. പിന്നെന്തിനാണ് അവര്‍ കാശിയിലെയും മഥുരയിലെയും പള്ളികള്‍ സംബന്ധിച്ച കേസുകള്‍ പിന്‍വലിക്കുന്നത്.’- അദ്ദേഹം ചോദിച്ചു.
കോണ്‍ഗ്രസ് വിധിയില്‍ സ്വീകരിച്ച നിലപാടിനെയും നിശബ്ദത പാലിച്ച സമാജ്‌വാദി പാര്‍ട്ടി, ബി.എസ്.പി, എന്‍.സി.പി എന്നിവരെയും അദ്ദേഹം വിമര്‍ശിച്ചു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
സുപ്രീംകോടതിയുടെ വിധിയും വാക്കും പരമോന്നതമായിരിക്കുമെന്നും എന്നാല്‍ അത് ചോദ്യം ചെയ്യപ്പെടാന്‍ കഴിയാത്തതല്ലെന്നും ഉവൈസി നേരത്തേ പറഞ്ഞിരുന്നു. ‘ഇന്ത്യന്‍ ഭരണഘടനയില്‍ മുസ്‌ലിങ്ങളായ ഞങ്ങള്‍ക്ക് പൂര്‍ണവിശ്വാസമുണ്ട്, പക്ഷേ ഞങ്ങള്‍ തുല്യ അവകാശങ്ങള്‍ക്കായി പോരാടുകയായിരുന്നു.
ഇത് കേവലം ഒരു ചെറിയ ഭൂമിയുടെ മുകളില്‍ ഉള്ള തര്‍ക്കമായിരുന്നില്ല. യു.പിയില്‍ എവിടെയെങ്കിലും ഒരു അഞ്ചേക്കര്‍ ഭൂമി വാങ്ങാന്‍ മുസ്‌ലിങ്ങള്‍ക്ക് കഴിയുമായിരുന്നു. എന്നാല്‍ മുസ്ലിങ്ങള്‍ അവരുടെ നിയമപരമായ അവകാശങ്ങള്‍ക്ക് വേണ്ടിയായിരുന്നു പോരാടിയത്. നിങ്ങള്‍ മുസ്‌ലിങ്ങളെ സഹായിക്കേണ്ടതില്ല.’- അദ്ദേഹം പറഞ്ഞു.