| Friday, 13th December 2019, 6:32 pm

ആര്‍.എസ്.എസിന്റെ ചരിത്രമറിയണം, പൗരത്വ നിയമം എന്തിന് എന്നറിയാന്‍

കെ.ടി. കുഞ്ഞിക്കണ്ണന്‍

പൗരത്വ നിയമം എന്തുകൊണ്ടെന്ന് മനസ്സിലാകണമെങ്കില്‍ ആര്‍.എസ്.എസ് എന്താണെന്നറിയണം. മുസ്‌ലിങ്ങളും മുസ്‌ലിം ഇതരരുമായി മോദിയും അമിത് ഷായും എന്തുകൊണ്ടാണ് രാജ്യത്തെ വിഭജിക്കുന്നതെന്നറിയണമെങ്കില്‍ ആര്‍.എസ്.എസിന്റെ ചരിത്രമറിയണം.

ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളില്‍ പങ്കെടുക്കാത്ത, ദേശീയ സ്വാതന്ത്ര്യ സമരത്തെ തകര്‍ക്കാനായി രൂപം കൊണ്ട, ദേശദ്രോഹികളായ വര്‍ഗീയ വാദികളുടെ സംഘടനയായിരുന്നു ആര്‍.എസ്.എസ്. മോഡിയും അമിത് ഷായും ബ്രിട്ടീഷ് വിരുദ്ധ ദേശീയ സ്വാതന്ത്ര്യ സമരത്തെ തകര്‍ക്കാനായി ബ്രിട്ടീഷ് പൊളിറ്റിക്കല്‍ ഇന്റലിജന്‍സ് വിഭാഗത്തിന്റെ കയ്യില്‍ കളിച്ച ദേശദ്രോഹികളുടെ പിന്തുടര്‍ച്ചക്കാരാണ്…

ഹിറ്റ്‌ലറില്‍ നിന്നും വംശീയ ഭ്രാന്തും മുസോളിനിയില്‍ നിന്നും സംഘാടക മാര്‍ഗനിര്‍ദ്ദേശങ്ങളും സ്വീകരിച്ച ഇന്ത്യന്‍ ഫാസിസത്തിന്റെ ദുര്‍പുത്രന്മാര്‍…

രാഷ്ട്രമെന്നത് രചനാത്മകമായ ഒന്നാണെന്നും ഏതെങ്കിലും ഒന്നിനോടുള്ള വിരോധത്തെ ആശ്രയിക്കുന്നതല്ല അതെന്നുമുള്ള സിദ്ധാന്തം ചമച്ചുകൊണ്ടാണ് ഹെഡ്‌ഗെവാര്‍ ബ്രിട്ടിഷുകാരെ സഹായിക്കാനുള്ള ആര്‍.എസ്.എസ് എന്ന ദേശദ്രോഹ പ്രസ്ഥാനത്തെ രൂപപ്പെടുത്തിയത്…

ബ്രിട്ടീഷ് വിരുദ്ധ സമരത്തിന്റേതായ ദേശീയ മുന്നേറ്റങ്ങള്‍ക്കിടയില്‍ ബിട്ടീഷ് വിരുദ്ധമല്ലാതെ കെട്ടിപ്പടുത്ത ആര്‍.എസ്.എസിന്റെ രചനാത്മക ലക്ഷ്യം വര്‍ഗീയത വളര്‍ത്തലും സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തെ അസ്ഥിരീകരിക്കലുമായിരുന്നു. ഹിന്ദു-മുസ്‌ലിം വര്‍ഗീയ വിരോധം വളര്‍ത്തലായിരുന്നു അവരുടെ ദൗത്യം.

ആര്‍.എസ്.എസ് തന്നെ പ്രസിദ്ധീകരിച്ച ഹെഡ്‌ഗെവാറിന്റെ ലഘു ജീവചരിത്ര കൃതിയില്‍ പറയുന്നത്, മുസ്‌ലിങ്ങളുടെ തലകള്‍ ലാത്തി പ്രഹരമേല്‍പിച്ച് പൊട്ടിക്കുന്ന കാര്യത്തിലും സമാജത്തെ മുഴുവന്‍ പ്രതികാര സന്നദ്ധമാക്കുന്ന കാര്യത്തിലും ഹെഡ്‌ഗെവാര്‍ സ്തുത്യര്‍ഹമായ പങ്ക് വഹിച്ചുവെന്നാണ്.

ഹെഡ്‌ഗെവാര്‍

ബ്രിട്ടീഷ് വിരുദ്ധ ദേശീയത രചനാത്മകമല്ലെന്ന് ആക്ഷേപിച്ച ഹെഡ്‌ഗെവാര്‍ വര്‍ഗീയതയെ രചനാത്മകമായൊരു രാഷ്ട്രീയ പദ്ധതിയാക്കുകയായിരുന്നു! വര്‍ഗീയതയെ സാംസ്‌കാരിക ദേശീയതയെന്ന് നാമകരണം ചെയ്ത് രാജ്യദ്രോഹത്തിന്റെ ഒരു പ്രത്യയശാസ്ത്ര പദ്ധതിയാക്കുകയായിരുന്നു ഹെഡ്‌ഗെ വാറിന്റെ പിന്‍ഗാമിയായി വന്ന സംഘത്തലവന്‍ ഗോള്‍വാക്കര്‍.

നാസി സിദ്ധാന്തങ്ങളെ ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുസൃതമായ രീതിയില്‍ അവതരിപ്പിക്കുകയായിരുന്നു ഗോള്‍വാക്കര്‍. നാസി സിദ്ധാന്തങ്ങളെ പിന്‍പറ്റുന്ന അവര്‍ തനി വംശീയ നിലപാടുകളില്‍ നിന്ന് ഇന്ത്യയെ പുനര്‍നിര്‍വ്വചിക്കുകയാണ്. ഫാസിസ്റ്റുകളുടെ സഹജമായ വിദേ്വഷമനസ്സോടെ മതരാഷ്ട്രമാക്കി പരിവര്‍ത്തനപ്പെടുത്തുകയാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മോദിയും അമിത്ഷായും ഹിറ്റ്‌ലര്‍ നടപ്പാക്കിയ ന്യൂറംബര്‍ഗ്‌റെയ്‌സ് മാതൃകയില്‍ മതാധിഷ്ഠിത നിയമങ്ങളുണ്ടാക്കി തങ്ങള്‍ക്കനഭിമതരായ ജനസമൂഹങ്ങളെ പൗരത്വത്തില്‍ നിന്ന് പുറംതള്ളുകയാണ്. നിസഹകരണ നിയമലംഘന സമരങ്ങളോടും ബ്രിട്ടിഷ് വിരുദ്ധ വിപ്ലവ പ്രവര്‍ത്തനങ്ങളോടുമുള്ള അതൃപ്തിയും അസഹിഷ്ണുതയും മൂത്താണ് ദേശീയ പ്രസ്ഥാനത്തെ തകര്‍ക്കാനായി ആര്‍.എസ്.എസ് ഉണ്ടാക്കിയതെന്ന് ഗോള്‍വാക്കറുടെ സംഘസ്ഥാപനത്തെ കുറിച്ചുള്ള രചനകള്‍ വായിക്കുന്നവര്‍ക്ക് കൃത്യമായി മനസ്സിലാക്കാനാവും.

ഗോള്‍വാക്കര്‍

ഹിന്ദുക്കളും മുസ്‌ലിങ്ങളും ഒരു രാഷ്ട്രമാണെന്ന് അംഗീകരിക്കാത്ത ഹിന്ദു രാഷ്ട്രവാദികള്‍ ഒരിക്കലും ഇന്ത്യയെന്ന ആശയത്തെയോ അത് രൂപപ്പെടുത്തിയ ദേശീയ സ്വാതന്ത്ര്യസമരത്തിന്റേതായ ചരിത്രാനുഭവങ്ങളെയോ അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല. ഇന്ത്യയെന്നത് ഒരു ശൂദ്ര നാമമാണെന്നും മതനിരപേക്ഷതയും സോഷ്യലിസവുമെല്ലാം പാശ്ചാത്യ ആശയങ്ങളാണെന്നുമാണ് അവരുടെ ബൗദ്ധിക പ്രമുഖര്‍ എന്നും ആക്ഷേപിച്ചു പോന്നിട്ടുള്ളത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കെ.ടി. കുഞ്ഞിക്കണ്ണന്‍

സി.പി.ഐ.എം നേതാവും കേളുഏട്ടന്‍ പഠന ഗവേഷണകേന്ദ്രം ഡയറക്ടറുമാണ് ലേഖകന്‍

We use cookies to give you the best possible experience. Learn more