ന്യൂദല്‍ഹി: ബി.ജെ.പിക്ക് വേണ്ടി പ്രവര്‍ത്തിക്കാതെ വിവേചനബുദ്ധിയോടെ പെരുമാറാന്‍ മാധ്യമപ്രവര്‍ത്തകന് നിര്‍ദേശം നല്‍കി രാഹുല്‍ ഗാന്ധി. പാര്‍ലമെന്റില്‍ അയോഗ്യനാക്കിയതിന് പിന്നാലെ മാധ്യമങ്ങളോട് സംവദിക്കുന്നതിനിടെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം.
ഒ.ബി.സി വിഭാഗത്തെ രാഹുല്‍ ഗാന്ധി അധിക്ഷേപിച്ചെന്ന ബി.ജെ.പി പരാമര്‍ശത്തെ കുറിച്ചായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം.
ബി.ജെ.പിക്ക് വേണ്ടി ഇത്ര കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നത് എന്തിനാണെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ മറുചോദ്യം.
‘ഇത്ര കാര്യക്ഷമമായി ബി.ജെ.പിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത് എന്തിനാണ്? അല്‍പം വിവേചനബുദ്ധിയോടെ പ്രവര്‍ത്തിക്കൂ.
നിങ്ങള്‍ക്ക് ബി.ജെ.പിക്ക് വേണ്ടി പ്രവര്‍ത്തിക്കണമെങ്കില്‍ നെഞ്ചില്‍ ബി.ജെ.പിയുടെ കൊടിയോ ചിഹ്നമോ കുത്തി വരൂ. അപ്പോള്‍ ഞാന്‍ അവരോട് പറയുന്ന അതേ തരത്തിലുള്ള മറുപടി നിങ്ങളോടും പറയാം. മാധ്യമപ്രവര്‍ത്തകനായി അഭിനയിക്കരുത്,’ രാഹുല്‍ ഗാന്ധി പറഞ്ഞു.
തന്നെ അയോഗ്യനാക്കിയത് പ്രധാനമന്ത്രിക്ക് ചോദ്യങ്ങളോടുള്ള ഭയത്തിന്റെ ഉദാഹരണമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
‘എന്നെ അയോഗ്യനാക്കിയത് മോദിക്ക് ചോദ്യങ്ങള്‍ നേരിടാനുള്ള ഭയം കാരണമാണ്. അദ്ദേഹത്തിനറിയാം ഞാന്‍ അടുത്ത പ്രസംഗത്തില്‍ അദാനിയുമായുള്ള ബന്ധത്തെ കുറിച്ച് ചോദിക്കുമെന്ന്. അതിന്റെ ഭയമാണ്. ആ ഭയം ഞാന്‍ പ്രധാനമന്ത്രിയുടെ കണ്ണുകളില്‍ കണ്ടിട്ടുണ്ട്. അതുകൊണ്ടാണ് ആദ്യം പാര്‍ലമെന്റിൽ എനിക്കെതിരായ ചര്‍ച്ചകള്‍ നടന്നതും പിന്നീട് അയോഗ്യനാക്കിയതും,’ രാഹുല്‍ ഗാന്ധി പറഞ്ഞു.
അദാനിയെ ചോദ്യം ചെയ്തതിന് ജനാധിപത്യ രാജ്യത്ത് ആക്രമിക്കപ്പെടുകയാണ് എന്ന വസ്തുത സാധാരണക്കാരനില്‍ സംശയമുണ്ടാക്കുകയാണ്. ബി.ജെ.പി പ്രവർത്തകർ വിചാരിക്കുന്നത് അദാനി എന്നാല്‍ ഇന്ത്യയാണെന്നും ഇന്ത്യയെന്നാല്‍ അദാനിയാണെന്നുമാണ്.
അദാനിയെ സംരക്ഷിക്കാന്‍ ബി.ജെ.പി ഇത്രമാത്രം പരിശ്രമിക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.
Content Highlight: ‘If you want to work for bjp..’; rahul gandhi slams journalists, says don’t pretend to be a journalist if you want to work for bjp