| Sunday, 18th December 2022, 4:14 pm

മെസിയെ തടയണമെങ്കിൽ ആദ്യം ആ താരത്തെ പൂട്ടണം; ഫ്രാൻസിന് തന്ത്രങ്ങൾ ഉപദേശിച്ച് സൗദി കോച്ച്

സ്പോര്‍ട്സ് ഡെസ്‌ക്

ഫിഫ ലോകകപ്പ് ആവേശകരമായ ഫൈനലിലേക്ക് എത്തി നിൽക്കുകയാണ്. വിരലിലെണ്ണാവുന്ന മണിക്കൂറുകൾ അവസാനിക്കുമ്പോൾ ലുസൈൽ സ്റ്റേഡിയത്തിൽ നിന്ന് ഫുട്ബോളിലെ പുതിയ ലോകചാമ്പ്യൻമാർ ഉദയം ചെയ്യും.

ഞായറാഴ്ച ഇന്ത്യൻ സമയം രാത്രി 8:30 ന് നടക്കുന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാർ ഫ്രാൻസ് കോപ്പ അമേരിക്ക ജേതാക്കളായ അർജന്റീനയെയാണ് എതിരിടുക.

എന്നാലിപ്പോൾ ടൂർണമെന്റിൽ അർജന്റീനയെ പരാജയപ്പെടുത്തിയ ഏക ടീമായ സൗദി അറേബ്യയുടെ കോച്ച് ഹെർവ് റെണാർഡ് അർജന്റീനയെ തളയ്ക്കാനുള്ള തന്ത്രങ്ങൾ വിവരിച്ച് രംഗത്ത് വന്നിരിക്കുകയാണ്.
ഫ്രഞ്ച് സ്വദേശികൂടിയായ റെണാർഡിന്റെ ഉപദേശങ്ങൾ ഫ്രഞ്ച് കോച്ച് ദെഷാംപ്‌സിന് ഉപയോഗപ്പെടുത്താവുന്നതാണ്.

“മെസിയെ തടയണമെങ്കിൽ ആദ്യം മെസിക്ക് പന്ത് എത്തുന്ന ഏറ്റവും പ്രധാനപ്പെട്ട ലിങ്ക് കട്ട്‌ ചെയ്യണം. അവിടെ സമ്മർദം സൃഷ്‌ടിക്കണം. അത് ഡീപോൾ ആണ്, അത്‌ കൊണ്ട് ആദ്യം ഡീപോളിനെ പൂട്ടണം. ഗോൾ പോസ്റ്റിന്റെ ഒരു 30-40 മീറ്റർ ദൂരത്ത് വെച്ചെങ്കിലും മെസിയെ തടയണം.

ഫ്രാൻസിന് റാബിയോട്ടിനെയും ടച്ചോമിനായിയെ ഉപയോഗിച്ചും ഈ കാര്യങ്ങൾ വൃത്തിയായി ചെയ്യാൻ കഴിയും,’ റോണാർഡ് പറഞ്ഞു.

“അർജന്റീനക്ക് വളരെ പ്രധാനപ്പെട്ട താരമാണ് ഡീ പോളെന്നാണ് ഞാൻ മനസ്സിലാക്കിയിരിക്കുന്നത് . വലതു വശത്ത് അധ്വാനിച്ചു കളിക്കുന്ന താരം അവിടെ വരുന്ന പിഴവുകൾക്ക് കൃത്യമായ പരിഹാരം കാണുന്നു. കൂടാതെ മെസി ഒരുപാട് ജോലി ചെയ്യേണ്ടി വരുന്നത് അദ്ദേഹം ഒഴിവാക്കുകയും ചെയ്യുന്നു.ഡീപോൾ ഉള്ളതിനാൽ പന്ത് നഷ്‌ടമായാലും പ്രതിരോധിക്കേണ്ട ചുമതല മെസിക്കത്ര കാര്യമായി ചെയ്യേണ്ടതില്ല,’ അദ്ദേഹം തുടർന്നു.

അർജന്റീനക്കായി മികച്ച പ്രകടനമാണ് മധ്യനിരയിൽ ഡീപോൾ ചെയ്തുകൊണ്ടിരിക്കുന്നത്. ഡീപോളിനെ കൂടാതെ മക്കാലിസ്റ്ററും അർജന്റീനയുടെ മധ്യനിരയുടെ പ്രധാന ഘടകമാണ്.

അതേസമയം തുടർച്ചയായ 36 മത്സരങ്ങൾ തോൽവിയറിയാതെ മുന്നേറിയ അർജന്റീനയെ സൗദി അറേബ്യ ഗ്രൂപ്പ്‌ ഘട്ടത്തിലെ ആദ്യ മത്സരത്തിൽ അട്ടിമറിക്കുകയായിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു സൗദിയുടെ വിജയം.

എന്നാൽ അർജന്റീനയെ തോൽപ്പിക്കാൻ സാധിച്ചെങ്കിലും ഗ്രൂപ്പ്‌ ഘട്ടം കടക്കാൻ സൗദിക്ക് കഴിഞ്ഞില്ല. അർജന്റീനക്കൊപ്പം പോളണ്ടാണ് ഗ്രൂപ്പ്‌ സിയിൽ നിന്നും പ്രീ ക്വാർട്ടർ ഘട്ടം കടന്നത്.

അതേസമയം ലുസൈൽ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന ഫൈനൽ മത്സരത്തിൽ വിജയിക്കാനായാൽ ഇറ്റലിക്കും ബ്രസീലിനും ശേഷം തുടർച്ചയായ രണ്ട് ലോകകിരീടം സ്വന്തമാക്കുന്ന ടീം എന്ന ബഹുമതി ഫ്രാൻസിന് സ്വന്തമാക്കാം. മത്സരത്തിൽ അർജന്റീന വിജയിച്ചാൽ ഇരുപത് വർഷങ്ങൾക്ക് ശേഷം ലാറ്റിനമേരിക്കയിലേക്ക് ലോകകപ്പ് കിരീടം എത്തും.

Content Highlights:If you want to stop Messi you have to lock that player first Saudi coach advises France on strategies

We use cookies to give you the best possible experience. Learn more