ലഖ്‌നൗ: ഇന്ത്യയില്‍ ജീവിക്കണമെങ്കില്‍ രാധേ രാധേ ജപിക്കണമെന്ന വിദ്വേഷ പ്രസംഗവുമായി ഉത്തര്‍പ്രദേശ് സഹമന്ത്രി മായങ്കേശ്വര്‍ ശരണ്‍. അമേഠിയില്‍ നടന്ന മതപരമായ ചടങ്ങിലാണ് മന്ത്രിയുടെ പരാമര്‍ശം.
നിങ്ങള്‍ക്ക് ഇന്ത്യയില്‍ ജീവിക്കണമെങ്കില്‍ രാധേ രാധേ ജപിക്കണമെന്നാണ് മന്ത്രി പ്രസംഗത്തില്‍ പറയുന്നത്. അമേഠിയിലെ തിലോയ് ജില്ലയില്‍ നടന്ന പരിപാടിയില്‍ മൂന്ന് തവണ ഒരേ കാര്യം തന്നെ ആവര്‍ത്തിച്ചുപറയുകയായിരുന്നു മന്ത്രി.
മന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിന്റെ വീഡിയോ പ്രചരിച്ചതോടെ പ്രതിപക്ഷ പാര്‍ട്ടികളിലുള്‍പ്പെടെയുള്ള നേതാക്കള്‍ രംഗത്തെത്തിയതോടെയാണ് സംഭവം ചര്‍ച്ചയായത്.
ഉത്തര്‍പ്രദേശിലും രാജ്യത്താകമാനവുമുള്ള സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമിക്കുകയാണ് ബി.ജെ.പി എന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ പറയുന്നത്. മന്ത്രിക്കെതിരെ നടപടിയെടുക്കണമെന്നും പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ ചൂണ്ടിക്കാട്ടി.
നേരത്തെയും ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എം.എല്‍.എമാര്‍ ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. ഗാസിയാബാദിലെ ലോനി മണ്ഡലത്തിലെ ബി.ജെ.പി എം.എല്‍.എ നന്ദ് കിഷോര്‍ ഗുര്‍ജറും ഇത്തരത്തില്‍ പരാമര്‍ശം നടത്തിയിരുന്നു.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഹിന്ദുക്കളോട് ദര്‍ഗ സന്ദര്‍ശിക്കരുതെന്നും ആവശ്യപ്പെട്ടിരുന്നു. ജിഹാദികളെ അവിടെ അടക്കം ചെയ്തിട്ടുണ്ടെന്നും അതിനാല്‍ ദര്‍ഗകളിലേക്ക് പോകരുതെന്നുമായിരുന്നു എം.എല്‍.എയുടെ പരാമര്‍ശം.
Content Highlight: If you want to live in India you should chant Radhe Radhe; BJP minister with hate speech